വീട്ടിൽ സ്വന്തം പാട്ടുകൾ വിലക്കി, പേര് പോലും വെറുത്തു - ബോളിവുഡിലെ അനീതിയിൽ അസ്വസ്ഥനായ അരിജിത് സിങ്

അരിജിത് സിങ്ങിന്റെ ചലച്ചിത്ര പിന്നണിഗാനരംഗത്തുനിന്നുള്ള പെട്ടെന്നുള്ള വിരമിക്കൽ ആരാധകരേയും സിനിമാ രംഗത്തേയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. പിന്നണി ഗായകൻ എന്ന നിലയിൽ പുതിയ ജോലികളൊന്നും ഏറ്റെടുക്കില്ല എന്നാണ് അരിജിത് ചൊവ്വാഴ്ച നടത്തിയ പ്രഖ്യാപനം. ആ പ്രഖ്യാപനത്തിനുള്ള കാരണം എന്തായിരുന്നുവെന്ന് വ്യക്തമല്ല. അതേസമയം നിലവിലുള്ള പ്രോജക്ടുകൾ പൂർത്തിയാക്കുമെന്നും ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലും സ്വതന്ത്ര പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചലച്ചിത്ര സംഗീതത്തിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും അരിജിത് പിന്നീട് വ്യക്തമാക്കി.
അരിജിതിന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പലകാരണങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. മടുപ്പ്, കലാപരമായ തളർച്ച, കലയും കച്ചവടവും തമ്മിലുള്ള ഈ രംഗത്തെ അസന്തുലിതാവസ്ഥ എന്നിവയെ കുറിച്ചെല്ലാം അരിജിത് മുമ്പ് പല അഭിമുഖങ്ങളിലും തുറന്ന് സംസാരിച്ചിട്ടുണ്ട്. അവയുടെയെല്ലാം ആകെ തുകയാകാം ഈ പ്രഖ്യാപനമെന്നും കരുതുന്നു.
2023 ൽ ദി മ്യൂസിക് പോഡ്കാസ്റ്റ് എന്ന അഭിമുഖ പരിപാടിയിൽ സ്വന്തം വ്യക്തിത്വത്തിൽ നിന്നും സംഗീതത്തിൽ നിന്നും താൻ അകന്നുപോവുന്നതിനെ കുറിച്ച് അരിജിത് സംസാരിച്ചിരുന്നു. തന്റെ പേര് തന്റേതല്ലാതായി മാറുന്നതിലെ മടുപ്പ് അനിഷ്ടവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. ജനക്കൂട്ടം ആദ്യം തന്റെ പേര് വിളിച്ചു പറയുമ്പോൾ തുടക്കത്തിൽ വലിയ കാര്യമായി തോന്നിയിരുന്നെങ്കിലും അത് പിന്നീട് അലോസരപ്പെടുത്തുന്ന ഘട്ടമെത്തിയെന്ന് അരിജിത് പറഞ്ഞു. തന്റെ പേര് ഇനി താനല്ല എന്നും ആളുകൾ തന്നെകുറിച്ചുണ്ടാക്കിയെടുത്ത ധാരണമാത്രമാണെന്നും അരിജിത് പറയുകയുണ്ടായി.
ആ തോന്നൽ പിന്നീട് ശക്തമാവുകയും വീട്ടിൽ സ്വന്തം പാട്ടുവെക്കുന്നത് നിർത്തിവെക്കുന്ന ഘട്ടം പോലും വന്നു. ഇപ്പോൾ വീട്ടിൽ ആരും എന്നെ ആ പേര് വിളിക്കുന്നില്ല. അതൊരു തമാശയായി മാറി. പേര് കേൾക്കുമ്പോൾ എനിക്ക് അസ്വസ്ഥത തോന്നാൻ തുടങ്ങി. എന്റെ പാട്ട് കേൾക്കുമ്പോൾ അസ്വസ്ഥനാവുന്ന സമയമുണ്ടായിരുന്നു. ഇപ്പോൾ ആ അസ്വസ്ഥതയില്ല. ഞാൻ അത് അവഗണിച്ചുകളയുകയാണ്. നേരത്തെ എന്റെ പാട്ട് കേൾക്കില്ലെന്ന നിർബന്ധമുണ്ടായിരുന്നു എനിക്ക്. അതുകൊണ്ട് ആരും വീട്ടിൽ എന്റെ പാട്ട് വെക്കാതായി. പിന്നീട് ഞാൻ അക്കാര്യത്തിൽ കുറച്ചുകൂടി അയഞ്ഞു.
ഇതിന് പുറമെ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കലാകാരന്മാരിൽ ഒരാളായിരുന്നിട്ടും പ്രതിഫലത്തിലെ അസമത്വവും ചൂഷണവും അരിജിതിനെ അസ്വസ്ഥനാക്കിയിരുന്നു. അത് ഒരു കലാകാരനെ സാവധാനം ഇല്ലാതാക്കുമെന്ന് അരിജിത് പറഞ്ഞു. കച്ചവടക്കാരുടെ കളിയിൽ അവരുടേതായ ന്യായമുണ്ടായിരിക്കാമെന്നും എന്നാൽ ആ കച്ചവടം നടക്കുന്നത് കലാകാരന്മാരുടെ ചുമലിലാണെന്നും അരിജിത് പറഞ്ഞു. ഒരു കലാകാരൻ ഒരു ബിസിനസുകാരനെപ്പോലെ പ്രായോഗികബുദ്ധിയുള്ളവനല്ല. എന്നാൽ ബിസിനസ്സ് കലാകാരന്റെ ജോലിയെ ആശ്രയിച്ചിരിക്കുന്നതിനാൽ അതിലെ നീതികേടിനെ കുറിച്ച് എല്ലാവരും ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ചില കാര്യങ്ങളിൽ വ്യക്തതയുണ്ടാവണം. ഒന്നുകിൽ ചെയ്യുന്ന ജോലിക്ക് കൃത്യമായ പ്രതിഫലം നൽകുക, അല്ലെങ്കിൽ ജോലി ഏൽപ്പിക്കാതിരിക്കുക. തങ്ങൾ എടുക്കുന്ന അധ്വാനത്തിന് ആനുപാതികമായ പ്രതിഫലം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്. ദിവസാവസാനം എല്ലാം വിലപേശലായി മാറുന്നു”.
വാക്കാലുള്ള ഇടപാടുകളിൽനിന്ന് ഈ അസന്തുലിതാവസ്ഥ എങ്ങനെ തുടങ്ങുന്നുവെന്നും അത് പലപ്പോഴും ചൂഷണത്തിലേക്ക് നയിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം വിശദീകരിച്ചു. വാക്കാൽ ചർച്ച നടത്തി, പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായ ജോലി ചെയ്യേണ്ടിവരുന്നുവെന്നും പ്രതിഫലത്തിൽ മാറ്റം വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജോലിയിൽ അഭിനിവേശം കാണിക്കുമ്പോൾ കലാകാരന് പലപ്പോഴും സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാധിക്കാതെവരുന്നുവെന്നും തന്റെ കഠിനാധ്വാനത്തിന് ഉചിതമായ പ്രതിഫലം ലഭിച്ചില്ലെന്നത് അവരെ സമ്മർദ്ദത്തിലാക്കുന്നുവെന്നും അരിജിത് അഭിപ്രായപ്പെട്ടു. കലയുമായുള്ള അവരുടെ നിസ്വാർത്ഥമായ ബന്ധം അവിടെ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. അരിജിത്തിന്റെ ഇപ്പോഴത്തെ പിൻമാറ്റത്തിന് പിന്നിൽ ഈ പ്രശ്നങ്ങൾ തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Why Arijit Singh Quit Playback Singing? Real Reasons Behind the Shocking Announcement