സ്വന്തം കാറിൽ അജ്ഞാതനെ കണ്ട് ഞെട്ടി അർബാസ്, ആരാധകനെ മർദിച്ചും വലിച്ചിഴച്ചും പുറത്താക്കി സെക്യൂരിറ്റി

#മൂവി ഡെസ്ക്
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽനിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽനിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ബോളിവുഡ് നടൻ അർബാസ് ഖാന്റെ വാഹനത്തിൽ അതിക്രമിച്ചു കയറിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ മർദ്ദിച്ചു പുറത്താക്കി. കൊൽക്കത്തയിലെ മഹാജാതി സദൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഈ സുരക്ഷാ വീഴ്ച ഉണ്ടായത്. പരിപാടി കഴിഞ്ഞ് താരം മടങ്ങാനായി കാറിനടുത്തേക്ക് എത്തിയപ്പോൾ അജ്ഞാതനായ ഒരാൾ വാഹനത്തിനുള്ളിൽ ഇരിക്കുന്നത് കണ്ട് അദ്ദേഹം നടുങ്ങി.

ആരാധകരും ഫോട്ടോഗ്രാഫർമാരും തിങ്ങിനിറഞ്ഞ സ്ഥലത്ത് വെച്ചാണ് അപ്രതീക്ഷിതമായ ഈ സംഭവം നടന്നത്. വാഹനത്തിനുള്ളിൽ ഒരാളെ കണ്ടതോടെ അർബാസ് ഖാൻ അസ്വസ്ഥനാകുകയും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ ബലം പ്രയോഗിച്ച് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തു. താൻ അർബാസിന്റെ വലിയൊരു ആരാധകനാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് അയാൾ വാഹനത്തിനുള്ളിൽ കയറിയത്.

എന്നാൽ പുറത്താക്കിയ ശേഷവും ആ വ്യക്തി വീണ്ടും നടനെ സമീപിക്കാൻ ശ്രമിച്ചു. "ഇവനെ അടിക്കൂ" എന്ന് ആൾക്കൂട്ടം വിളിച്ചു പറയുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. തന്റെ ആളുകൾ ഓഡിറ്റോറിയത്തിനുള്ളിലുണ്ടെന്ന് യുവാവ് പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ മുഖത്തടിക്കുകയും അവിടെനിന്ന് മാറ്റുകയും ചെയ്തു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ചേർന്നാണ് ഇയാളെ സംഭവസ്ഥലത്തുനിന്ന് നീക്കിയത്.

ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. അർബാസ് ഖാൻ അവസാനമായി അഭിനയിച്ച 'ബിഹു അറ്റാക്ക്' എന്ന ചിത്രം തിയേറ്ററുകളിൽ വലിയ പരാജയമായിരുന്നു. നിലവിൽ 'കേസർ സിംഗ്', 'റിട്ടേൺ ടിക്കറ്റ്' എന്നീ സിനിമകളുടെ തിരക്കിലാണ് അദ്ദേഹം.

Content Highlights: In a major security breach in Kolkata, a fan who illegally entered Bollywood actor Arbaaz Khan's car was forcefully dragged out and beaten by security guards after refusing to leave.