ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയായ നൃത്തസംവിധായകനൊപ്പം ഫോട്ടോ; എ.ആർ. റഹ്മാനെതിരെ രൂക്ഷ വിമർശനം

#മൂവി ഡെസ്ക്
നൃത്തസംവിധായകൻ ജാനിയും എ.ആർ. റഹ്മാനും | ഫോട്ടോ: X
നൃത്തസംവിധായകൻ ജാനിയും എ.ആർ. റഹ്മാനും | ഫോട്ടോ: X

സോഷ്യൽ മീഡിയയിൽ അതിരൂക്ഷ വിമർശനം നേരിട്ട് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. പ്രായപൂർത്തിയാകാത്ത അസിസ്റ്റൻ്റ് കൊറിയോഗ്രാഫറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ കൊറിയോഗ്രാഫർ ജാനി മാസ്റ്ററുമായി സഹകരിച്ചതാണ് ഇതിന് കാരണം. രാം ചരണിൻ്റെ പെഡ്ഡി എന്ന ചിത്രത്തിലെ 'ചിക്കിരി ചിക്കിരി' എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചതിന് ശേഷം ജാനി, എ.ആർ. റഹ്മാനൊപ്പമുള്ള ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് റഹ്മാനെതിരെ വിമർശനം ശക്തമായത്.

നവംബർ 9-നാണ് നൃത്തസംവിധായകൻ ജാനി, എ.ആർ. റഹ്മാനും 'പെഡ്ഡി'യുടെ സംവിധായകൻ ബുച്ചി ബാബു സനയ്ക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. "ഇതിഹാസമായ എ.ആർ. റഹ്മാൻ സാറിൻ്റെ ഗാനങ്ങൾ കണ്ടും അതിന് നൃത്തം ചെയ്തും വളർന്നവരാണ് ഞങ്ങൾ. അദ്ദേഹത്തിൻ്റെ സംഗീതത്തിൽ 'ചിക്കിരി ചിക്കിരി' എന്ന ഈ ചാർട്ട്ബസ്റ്റർ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാൻ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ പിന്തുണയ്ക്കും നല്ല വാക്കുകൾക്കും നന്ദി സർ," എന്നായിരുന്നു അദ്ദേഹം പോസ്റ്റിന് അടിക്കുറിപ്പ് നൽകിയത്.

പോസ്റ്റ് വന്നതിനുപിന്നാലെ എ.ആർ. റഹ്മാൻ ഒരു കുറ്റാരോപിതനെ തനിക്കൊപ്പം സഹകരിപ്പിച്ചു എന്ന ആക്ഷേപമുന്നയിച്ച് ഇന്റർനെറ്റ് ഉപയോക്താക്കൾ രംഗത്തെത്തി. ഇരുപതോളം സ്ത്രീകളിൽ നിന്ന് പരാതി നേരിട്ട തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനോടൊപ്പമുള്ള സഹകരണം റഹ്മാൻ നിർത്തിയത് ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.

എ.ആർ. റഹ്മാന്റെ ഈ പ്രവൃത്തിയിൽ തികഞ്ഞ നിരാശ തോന്നുന്നുവെന്ന് ഒരാൾ പ്രതികരിച്ചു. ജാനി മാസ്റ്ററെ ഡാൻസേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയില്ലേ? പിന്നെങ്ങനെയാണ് ഇയാൾക്ക് തുടർച്ചയായി സിനമകളിൽ അവസരം ലഭിക്കുന്നത്? പീഡനക്കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ആൾക്കൊപ്പമാണ് എ.ആർ. റഹ്മാൻ ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും വിമർശനങ്ങളുയർന്നിട്ടുണ്ട്.

എ.ആർ. റഹ്മാനെതിരെ ഉയർന്ന വിമർശനങ്ങൾ

2024 സെപ്റ്റംബറിലാണ് ജാനി മാസ്റ്റർക്കെതിരെ അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റ് കൊറിയോഗ്രാഫർ ലൈംഗികാതിക്രമത്തിന് പരാതി നൽകിയത്. സംഭവം പുറത്തുപറഞ്ഞാൽ ശാരീരികമായി ഉപദ്രവിക്കുമെന്ന് ജാനി മാസ്റ്റർ ഭീഷണിപ്പെടുത്തിയതായും ഫോട്ടോഷൂട്ടുകൾക്കും റിഹേഴ്സലുകൾക്കുമിടയിൽ മാനസികമായി പീഡിപ്പിച്ചതായും യുവതി ആരോപിച്ചു. തുടർന്ന് പോക്സോ വകുപ്പുകൾ പ്രകാരം ഗോവയിൽ വെച്ച് ജാനി അറസ്റ്റിലായി.

തുടർന്ന്, ധനുഷ് അഭിനയിച്ച 'തിരുച്ചിത്രമ്പലം' എന്ന ചിത്രത്തിലെ 'മേഘം കറുക്കാത' എന്ന ഗാനത്തിന് അദ്ദേഹത്തിന് ലഭിച്ച മികച്ച നൃത്തസംവിധാനത്തിനുള്ള ദേശീയ പുരസ്കാരം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം ജാമ്യത്തിൽ ഇറങ്ങിയത്. പുറത്തിറങ്ങിയ ശേഷം ജാനി മാസ്റ്റർ തെലുങ്ക് സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

Content Highlights: AR Rahman faces internet criticism for collaborating with choreographer Jani Master, accused of sexual harassment and a POCSO case. Learn more about the controversy.