'ഉയിരേ' പാടാൻ യേശുദാസോ എസ്പിബിയോ വേണമെന്നായിരുന്നു മനസിൽ, സംഭവിച്ചത് മറ്റൊന്ന് -എ.ആർ. റഹ്മാൻ

എ.ആർ. റഹ്മാന്റെ സംഗീത ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ബോംബെ എന്ന സിനിമയെക്കുറിച്ചും അതിലെ പാട്ടുകളെക്കുറിച്ചും പരാമർശിക്കാതിരിക്കാനാവില്ല. മണിരത്നം സംവിധാനം ചെയ്ത് 1995-ൽ പുറത്തിറങ്ങിയ ചിത്രത്തിലെ ഓരോ ഗാനവും ഇന്നും സംഗീതപ്രേമികൾ നെഞ്ചേറ്റുന്നു. ബോംബെയിലെ ഉയിരേ ഉയിരേ എന്ന ഗാനം പിറന്ന കഥ പറഞ്ഞിരിക്കുകയാണ് എ.ആർ. റഹ്മാൻ. ഹരിഹരനെക്കൊണ്ട് ഈ ഗാനം പാടിക്കുന്നതിന് മുൻപ് മറ്റ് രണ്ട് ഗായകരായിരുന്നു തന്റെ മനസിലുണ്ടായിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
നിഖിൽ കാമത്തുമായുള്ള പോഡ്കാസ്റ്റിലാണ് എ.ആർ. റഹ്മാൻ ബോംബെയിലെ ഗാനത്തെക്കുറിച്ച് പറഞ്ഞത്. തനിക്ക് ആ ഗാനം പാടാൻ എസ്.പി. ബാലസുബ്രഹ്മണ്യമോ യേശുദാസോ ആയിരുന്നു വേണ്ടിയിരുന്നതെന്ന് റഹ്മാൻ ഓർത്തെടുത്തു. എന്നാൽ സംവിധായകൻ മണിരത്നമാണ് ഹരിഹരനെ തിരഞ്ഞെടുത്തത്. അതിന്റെ കാരണം തനിക്ക് ഇപ്പോഴും അറിയില്ലെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.
"മണിരത്നത്തിന് ഒരു പ്രണയഗാനം ആയിരുന്നു വേണ്ടിയിരുന്നത്. മനസിലേക്ക് വന്ന ട്യൂണ്‍ ഒരു മിനി കാസറ്റില്‍ റെക്കോര്‍ഡ് ചെയ്ത് മണിരത്നത്തെ കേള്‍പ്പിച്ചു. റെക്കോര്‍ഡ് ചെയ്യാൻ അദ്ദേഹം അനുവാദം തരികയും ചെയ്തു. പാടാന്‍ എസ്പിബി അല്ലെങ്കില്‍ യേശുദാസിനെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഞാന്‍ ഹരിഹരന്റെ പേരും ഒപ്പം നിർദേശിച്ചു. പക്ഷേ മണിരത്നം ഹരിഹരനെത്തന്നെ തിരഞ്ഞെടുത്തു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല." റഹ്മാൻ പറഞ്ഞു.
ഹരിഹരന് ഒരു ഗസല്‍ ഗായകനാണ്. ഇപ്പോള്‍പ്പോലും സംഗീത പരിപാടികളില്‍ പാടുമ്പോള്‍ അദ്ദേഹത്തിന്റേതായ രീതിയില്‍ ഇംപ്രൊവൈസ് ചെയ്യുന്നു. ഒരിക്കലും ഒരു നോട്ടില്‍ നിര്‍ത്തില്ല. അത് അദ്ദേഹത്തിന്റെ രീതിയാണെന്നും എ.ആർ. റഹ്മാൻ ചൂണ്ടിക്കാട്ടി.
Content Highlights: AR Rahman shares the fascinating story behind the iconic song `Uyire Uyire` from Mani Ratnam`s film Bombay. Discover the initial singer choices and the unexpected selection. Click to learn more!