‘വിജയിച്ച സിനിമകളെക്കുറിച്ചുമാത്രം എല്ലാവരും നല്ലത് പറയും, എന്നോടൊരു നല്ല വാക്ക് ആരും പറഞ്ഞിട്ടില്ല’

#മൂവി ഡെസ്ക്
അനുരാ​ഗ് കശ്യപ് | ഫോട്ടോ: AFP
അനുരാ​ഗ് കശ്യപ് | ഫോട്ടോ: AFP

രു സിനിമ ബോക്സ് ഓഫീസിൽ വിജയിച്ചു കഴിഞ്ഞാൽ മാത്രം അതിനെ പുകഴ്ത്തുന്ന രീതിയാണ് സിനിമാ വ്യവസായത്തിൽ നിലനിൽക്കുന്നതെന്ന് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. 'ഡക്കൈറ്റ്' എന്ന തന്റെ ആദ്യ തെലുങ്ക് സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരസ്പരം അഭിനന്ദിക്കാൻ ഈ മേഖല മടിക്കുന്നുണ്ടോ എന്ന ചോദ്യത്തിനുത്തരമായാണ് വിജയിക്കുന്ന കാര്യങ്ങളെ മാത്രം പ്രശംസിക്കാൻ ഈ മേഖല ഇഷ്ടപ്പെടുന്നുവെന്ന് അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടത്.

സിനിമകളെ താൻ സ്നേഹിക്കുന്നത് കൊണ്ടാണ് തനിക്ക് ഇഷ്ടപ്പെടുന്ന ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതെന്നും, മറ്റാരെയും തോക്കുചൂണ്ടി പ്രശംസിപ്പിക്കാൻ തനിക്ക് കഴിയില്ലെന്നും കശ്യപ് വ്യക്തമാക്കി. ഒരു സിനിമ സാമ്പത്തികമായി വിജയിച്ചു കഴിഞ്ഞാൽ മാത്രമേ എല്ലാവരും അതിനെ പിന്തുണയ്ക്കാനും നല്ലത് പറയാനും മുന്നോട്ട് വരികയുള്ളൂ എന്നതൊരു യാഥാർത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.

"ഞാൻ ഒരുപാട് സിനിമകളെ പ്രശംസിക്കുന്നുണ്ടെങ്കിലും എന്റെ സിനിമയെക്കുറിച്ച് ആരും നല്ലത് പറയുന്നില്ലെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ സിനിമകളെ സ്നേഹിക്കുന്നു എന്നതാണ് കാര്യം. അതിനാൽ, എനിക്ക് എന്തെങ്കിലും ഇഷ്ടപ്പെട്ടാൽ, ഞാൻ അത് പറയുന്നു. എന്നോടാരും അങ്ങനെ പറയുന്നില്ല, അതിൽ എനിക്ക് എന്തുചെയ്യാനാകും?" സംവിധായകൻ ചോദിച്ചു. അനുരാഗ് കശ്യപിന്റെ ഈ അഭിപ്രായത്തോട് അദ്ദേഹത്തിന്റെ സഹതാരം മൃണാൾ ഠാക്കൂറും യോജിച്ചു. സിനിമാ മേഖലയിൽ ആത്മാർത്ഥമായി മറ്റുള്ളവരെ പ്രശംസിക്കുന്നവർ വളരെ കുറവാണെന്ന് മൃണാൾ പറഞ്ഞു.

മറ്റുള്ളവരുടെ സിനിമകളെ പ്രശംസിക്കുന്നതിൽ കശ്യപ് കാട്ടുന്ന താത്പര്യം ശ്രദ്ധേയമാണ്. അടുത്തിടെ അനിൽ കപൂർ നായകനായ 'സുബേദാർ' എന്ന ചിത്രത്തെ അദ്ദേഹം വാനോളം പുകഴ്ത്തിയിരുന്നു. അതുപോലെ 'ധുരന്ധർ' എന്ന സിനിമയുടെ വിജയത്തോടൊപ്പം രൺവീർ സിംഗിന്റെ അഭിനയത്തോടുള്ള അർപ്പണബോധത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മുൻപ് 'ലൂട്ടേര' എന്ന ചിത്രത്തിന് വേണ്ടി രൺവീർ സ്വന്തം ശരീരത്തിൽ ക്ലിപ്പ് കുത്തിയിറക്കി വേദന സഹിച്ച് അഭിനയിച്ച സംഭവം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

നവാഗതനായ ഷാനീൽ ഡിയോ സംവിധാനം ചെയ്ത ചിത്രമാണ് ഡക്കൈറ്റ്. അദിവി ശേഷ് നായകനായ ചിത്രത്തിൽ മൃണാൾ ഠാക്കൂറാണ് നായിക.

Content Highlights: Director-actor Anurag Kashyap, during the promotions of his Telugu debut Dacoit, criticized the film industry for its tendency to only praise movies that are box office hits while ignoring the artistic merit of other projects.