ആ വലിയ നടന്റെ ഏഴ് മാനേജർമാർ വന്ന് ചീത്തവിളിച്ചു, കാര്യം നിസ്സാരം, നിരാശ കാരണം ആ സിനിമ ഉപേക്ഷിച്ചു -അനുരാഗ് കശ്യപ്

അനുരാ​ഗ് കശ്യപ് | ഫോട്ടോ: AFP
അനുരാ​ഗ് കശ്യപ് | ഫോട്ടോ: AFP

ബോളിവുഡ് സിനിമാ മേഖലയിൽ നിലനിൽക്കുന്ന അനാവശ്യ ചെലവുകളെക്കുറിച്ച് നിരാശ പ്രകടിപ്പിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ഒരു മുൻനിര നടന് നേരിട്ട് മെസ്സേജ് അയച്ചതിന് ആ താരത്തിന്റെ ഏഴ് മാനേജർമാർ തന്നെ ശാസിച്ച സംഭവം അദ്ദേഹം വെളിപ്പെടുത്തി. അമിതമായ ആവശ്യങ്ങൾ സർഗാത്മകതയെയും സഹകരണത്തെയും തടസപ്പെടുത്തുന്നു എന്ന് വാദിച്ച അദ്ദേഹം, ഈ സംഭവത്തെത്തുടർന്ന് താൻ ആ സിനിമ ഉപേക്ഷിച്ചതായും കൂട്ടിച്ചേർത്തു. സിനിമാ രംഗത്തെ വർധിച്ചുവരുന്ന പ്രൊഡക്ഷൻ ചെലവുകൾക്കെതിരെ ശക്തമായ വിമർശനവും അനുരാഗ് കശ്യപ് ഉന്നയിച്ചു.

ഗെയിം ചെയ്ഞ്ചേഴ്സ് എന്ന യൂട്യൂബ് ഷോയിൽ സംസാരിക്കവെയാണ് അനുരാഗ് കശ്യപ് ബോളിവുഡിലെ ചില സമ്പ്രദായങ്ങൾക്കെതിരെ തുറന്നടിച്ചത്. ചലച്ചിത്ര നിർമാണത്തിൻ്റെ ബഡ്ജറ്റുകൾ ഭാവനയ്ക്ക് അതീതമായി വർധിക്കുന്നുവെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ചെലവ് വർധിക്കുന്നതിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് ഓരോ അഭിനേതാവിനും അവരുടേതായ മേക്കപ്പ് ആർട്ടിസ്റ്റുകൾ ഉള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ താൻ സംവിധാനം ചെയ്ത നിശാഞ്ചി എന്ന ചിത്രത്തിൽ ഒരു മേക്കപ്പ് ആർട്ടിസ്റ്റും രണ്ട് സഹായികളും ചേർന്നാണ് മുഴുവൻ ടീമിൻ്റെയും മേക്കപ്പ് ചെയ്തതെന്ന് കശ്യപ് പറഞ്ഞു.

"ഇപ്പോൾ, ഓരോ നടനും അവരുടേതായ മേക്കപ്പ് പേഴ്‌സൺ, ഹെയർ സ്റ്റൈലിസ്റ്റ്, പിആർ, സോഷ്യൽ മീഡിയ മാനേജർ എന്നിവരുമായാണ് എത്തുന്നത്, ഇത് ചെലവ് വർദ്ധിപ്പിക്കുന്നു. മുൻപ് അഭിനേതാക്കൾ ഒരു വാനിറ്റി വാൻ പങ്കിടുമായിരുന്നു. എന്നാൽ ഗ്യാങ്സ് ഓഫ് വസേപുർ ചെയ്യുമ്പോൾ എല്ലാവരും പുറത്ത് കസേരകളിൽ ഇരിക്കുകയായിരുന്നു. ഇന്ന് ഒരു നടന് മൂന്ന് വാനുകൾ വരെ ഉണ്ട്. ഒരെണ്ണം മീറ്റിംഗുകൾക്ക്, ഒന്ന് വിശ്രമിക്കാൻ, മറ്റൊന്ന് അസിസ്റ്റൻ്റുമാർക്ക് വേണ്ടി." അനുരാഗ് കശ്യപ് ചൂണ്ടിക്കാട്ടി.

അഭിമുഖത്തിനിടെ നിരാശാജനകമായ ഒരു അനുഭവം കശ്യപ് ഓർത്തെടുത്തു. "ഒരിക്കൽ, ഞാൻ ഒരു ഭാഷാ പരിശീലന കളരിക്കായി ഒരു നടന് നേരിട്ട് സന്ദേശമയച്ചു. ആ നടൻ മറുപടി നൽകിയില്ല. പകരം, അദ്ദേഹത്തിൻ്റെ ഏഴ് മാനേജർമാർ എന്നെ കാണാൻ വന്നു. അവർ ചോദിച്ചത്, 'നിങ്ങൾക്ക് എങ്ങനെ ഒരു നടന് ഇങ്ങനെ സന്ദേശമയക്കാൻ കഴിയും' എന്നായിരുന്നു. എല്ലാം തീരുമാനിച്ചിരുന്നത് ആ ഏഴു പേരായിരുന്നു. ആ സംഭവം എന്നെ വളരെയധികം നിരാശനാക്കി. ഇക്കാരണംകൊണ്ട് ഞാൻ ആ സിനിമ ഉപേക്ഷിച്ചു. തിരക്കഥ എഴുതിയത് ഞാനായിരുന്നു, പക്ഷേ ഞാനത് അവർക്ക് സമ്മാനമായി നൽകി. എനിക്ക് അദ്ദേഹത്തിൻ്റെ പേര് പറയാൻ കഴിയില്ല. കാരണം അദ്ദേഹം ഒരു വലിയ നടനാണ്."

താരങ്ങളുടെ പെരുപ്പിച്ച ആവശ്യങ്ങൾ എങ്ങനെയാണ് നിർമാണച്ചെലവ് വർധിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് 'മൻമർസിയാൻ' സംവിധായകൻ സംസാരിക്കുന്നത് ഇത് ആദ്യമായല്ല. മുൻപ് ജാനിസ് സെക്വേരയുമായുള്ള ഒരു സംഭാഷണത്തിൽ, ചില അഭിനേതാക്കൾ സെറ്റിൽ ഭക്ഷണത്തിനായി ചെലവിടുന്നതെന്തെല്ലാമെന്ന് കണ്ട് താൻ ഞെട്ടിപ്പോയതായി കശ്യപ് പറഞ്ഞിരുന്നു. ഒരാൾക്ക് ഒരു പ്രത്യേക തരം ഭക്ഷണം ഉണ്ടാക്കാൻ ദിവസവും 2 ലക്ഷം രൂപ ഈടാക്കുന്ന ഒരു പാചകക്കാരൻ ഉണ്ടായിരുന്നു. വളരെ ചെറിയ അളവിലായിരുന്നു അത്. ഇത് ഭക്ഷണമാണോ അതോ കിളികൾക്കുള്ള തീറ്റയാണോ എന്ന് ആലോചിച്ചിട്ടുണ്ടെന്നും അന്ന് അനുരാഗ് കശ്യപ് പറഞ്ഞിരുന്നു. 

Content Highlights: Beyond the Camera: Anurag Kashyap on Industry Excess and Lost Cinematic Simplicity