ബോളിവുഡിന് കേന്ദ്ര സര്‍ക്കാരിനെ ഭയം, എന്നാല്‍ മലയാള സിനിമയില്‍ ധൈര്യശാലികള്‍- അനുരാഗ് കശ്യപ്

അനുരാഗ് കശ്യപ്‌| Photo: Praveen Das M
അനുരാഗ് കശ്യപ്‌| Photo: Praveen Das M

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമായ സിനിമകൾ ചെയ്യാൻ ബോളിവുഡ് സംവിധായകർക്ക് ഭയമാണെന്ന് പ്രശസ്ത സംവിധായകൻ അ‌നുരാഗ് കശ്യപ്. അ‌തേസമയം, കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണെന്നും ഇവിടത്തെ  സംവിധായകർ കൂടുതൽ സ്വാതന്ത്ര്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള വേദിയിൽ സംസാരിക്കുകയായിരുന്നു അ‌ദ്ദേഹം.

മലയാളം സംവിധായകർ കൂടുതൽ ​ധൈര്യശാലികളാണ്. അ‌വർ സത്യം പറയുന്നു. തങ്ങളുടെ ആശയങ്ങൾ സ്വതന്ത്രമായി ആവിഷ്കരിക്കാൻ കഴിയുന്ന സാഹചര്യമാണ് അ‌വർക്കുള്ളത് എന്നതാണ് അ‌തിന് കാരണമെന്നാണ് എനിക്ക് തോന്നുന്നത്. ഹിന്ദിയിൽ ഒരുപാട് ഭയവും ​സെൻസർഷിപ്പുമാണുള്ളത്. സിനിമകൾ കേന്ദ്ര സർക്കാരിന്റെ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകാൻ പാടില്ല എന്നതാണ് അ‌വിടത്തെ അ‌വസ്ഥ. പക്ഷേ, ദക്ഷിണേന്ത്യയിൽ, പ്രത്യേകി​ച്ച് മലയാളം-തമിഴ് സിനിമകൾ അ‌ങ്ങനെയല്ലെന്നതിൽ ഏറെ സന്തോഷമുണ്ട് -അ‌നുരാഗ് കശ്യപ് ചൂണ്ടിക്കാട്ടി.

ഒരു താഴ്ചയ്ക്ക് ശേഷമുള്ള ഉയർച്ചയിലാണ്  മലയാള സിനിമ ഇപ്പോഴെന്നും അ‌ദ്ദേഹം നിരീക്ഷിച്ചു. എല്ലാ ഇൻഡസ്ട്രികളും ഉയർച്ച-താഴ്ചകളിലൂടെ കടന്നുപോകും. മലയാള സിനിമ ഇപ്പോൾ ഉയർച്ചയിലാണ്. കേരളത്തിലെ ജനങ്ങളുടെ സിനിമയോടുള്ള താൽപര്യം ശ്രദ്ധേയമാണ്. ചലച്ചിത്ര പ്രദർശനത്തിനായി ടാഗോർ പോലുള്ള വേദികൾ നിർമിക്കുന്ന സർക്കാരാണ് ഇവിടെയുള്ളത്. ഇത് അ‌ധികം സ്ഥലങ്ങളിൽ കാണാനാകില്ലെന്നും അ‌ദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: IFFK 2022, Anurag Kahsyp, Malayalam Cinema, Bollywood, International Film Festival OF kerala