15 കോടി മുടക്കിയ ചിത്രം ആകെ നേടിയത് ഒരുകോടി, വമ്പൻ പരാജയം; ദുഃഖവും നിരാശയുമുണ്ടെന്ന് അനുപമ പരമേശ്വരൻ

പർദ എന്ന ചിത്രത്തിന്റെ പോസ്റ്റർ, അനുപമ പരമേശ്വരൻ | ഫോട്ടോ: Instagram
പർദ എന്ന ചിത്രത്തിന്റെ പോസ്റ്റർ, അനുപമ പരമേശ്വരൻ | ഫോട്ടോ: Instagram

താൻ നായികയായി ഈ വർഷം പുറത്തിറങ്ങിയ പർദ എന്ന ചിത്രത്തിന് ലഭിച്ച മോസം പ്രതികരണത്തിൽ നിരാശ പ്രകടിപ്പിച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ പുറത്തിറങ്ങിയ ബൈസൺ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കി. ഈ വർഷം ആറ് സിനിമകളിൽ അഭിനയിച്ച താരം, എല്ലാ സിനിമകളും പ്രതീക്ഷിച്ച വിജയം നേടിയില്ലെന്നും ചൂണ്ടിക്കാട്ടി.

ഈ വർഷം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുപിടി ചിത്രങ്ങൾ അനുപമയുടേതായി പുറത്തുവന്നിട്ടുണ്ട്. പർദക്ക് ലഭിച്ച മോശം പ്രതികരണത്തിൽ തനിക്ക് നിരാശ തോന്നുന്നുവെന്ന് അനുപമ പരമേശ്വരൻ പറഞ്ഞു. ശരിക്ക് ദുഃഖവുമുണ്ട്. ആ സത്യം അംഗീകരിക്കുന്നുവെന്നും നടി പറഞ്ഞു.
 

"ചെയ്യുന്ന ഓരോ സിനിമയും ബോക്സ് ഓഫീസ് ഹിറ്റായില്ലെങ്കിൽ പോലും, അത് നന്നായി വരണമെന്നും പ്രേക്ഷകർക്കെല്ലാം ഇഷ്ടപ്പെടണമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 'കിഷ്കിന്ധാപുരി'യിലെ എൻ്റെ കഥാപാത്രം 'ബൈസണി'ലെ കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരു സിനിമ വിജയിക്കുമ്പോൾ, കൂടുതൽ മികച്ച സിനിമകൾ ചെയ്യാനും തിരക്കഥകൾ വിവേകത്തോടെ തിരഞ്ഞെടുക്കാനും എനിക്ക് പ്രചോദനം നൽകുന്നു." അനുപമ വിശദീകരിച്ചു.

പ്രവീൺ കൺട്രേഗുലയാണ് 'പർദ' സംവിധാനംചെയ്തത്. രാഗ് മയൂർ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ്, രാജേന്ദ്ര പ്രസാദ് എന്നിവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദർശന രാജേന്ദ്രന്റെ ശ്രദ്ധേയമായ വേഷം കണക്കിലെടുത്ത്, ചിത്രം തെലുങ്കിലും മലയാളത്തിലും ഒരേസമയം റിലീസ് ചെയ്തു. അനുകൂലമായ നിരൂപണങ്ങൾ ലഭിച്ചിട്ടും, ചിത്രം വാണിജ്യപരമായി വിജയിച്ചില്ല. ഇൻഡസ്ട്രി ട്രാക്കറായ സാക്നിൽക്കിന്റെ കണക്കനുസരിച്ച്, 15 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം ലോകമെമ്പാടുമായി നേടിയത് ഏകദേശം 1.2 കോടി രൂപ മാത്രമാണ്.

മലയാളത്തിൽ ജെ.എസ്.കെ, ദി പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങളിലാണ് അനുപമ പരമേശ്വരൻ ഈ വർഷം വേഷമിട്ടത്. ഇതിൽ ദി പെറ്റ് ഡിറ്റക്ടീവ് മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഷറഫുദ്ദീൻ നായകനായ ചിത്രം അഞ്ച് ദിവസം കൊണ്ട് 9 കോടി രൂപ ആഗോള കളക്ഷൻ സ്വന്തമാക്കിയിരുന്നു. മാരി സെൽവരാജ് ഒരുക്കിയ ധ്രുവ് വിക്രം നായകനായ ബൈസൺ ആണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

Content Highlights: Anupama Parameswaran expresses disappointment over the box office failure of her Telugu film `Paradha`. Discusses aspirations and choices.