‘സ്ലട്ട് ഷെയിം ചെയ്തു; ഞാൻ ഇരയല്ല, അതിജീവിത’; മുൻപങ്കാളിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി അനുപമ

#Movies Desk
അനുപമ പരമേശ്വരൻ | Photo: Instagram/ Anupama Parameswaran
അനുപമ പരമേശ്വരൻ | Photo: Instagram/ Anupama Parameswaran

നാർസിസിസ്റ്റിക് അബ്യൂസിൽനിന്നുള്ള അതിജീവനത്തെക്കുറിച്ച് കൂടുതൽ മനസ്സുതുറന്ന് നടി അനുപമ പരമേശ്വരൻ. മുൻ പങ്കാളി തന്നെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി നടി പറഞ്ഞു. ബന്ധത്തിലുണ്ടായ മാനസിക സമ്മർദ്ദം തന്റെ ആരോഗ്യത്തെ വല്ലാതെ ബാധിച്ചതായും അനുപമ പറഞ്ഞു. ധന്യ വർമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കൂടുതൽ തുറന്നുപറച്ചിൽ.

ഒരു പരിപാടിക്കായി സ്റ്റേജിൽ കയറുന്നതിന് തൊട്ടുമുൻപുപോലും ബോയ് ഫ്രണ്ട് തന്നെ സ്ലട്ട് ഷെയിം ചെയ്തതായി നടി ആരോപിച്ചു. താൻ ഇരയല്ലെന്നും അതിജീവിതയാണെന്നും അനുപമ വ്യക്തമാക്കി. മാനസിക സമ്മർദ്ദം മൂലം കണ്ണീർ ഗ്രന്ധി ഇറങ്ങിവന്നു. ശസ്ത്രക്രിയ ചെയ്യേണ്ടി വന്നുവെന്നും അവർ പറഞ്ഞു. അതേസമയം, നേരിട്ടുള്ള ശാരീരിക അതിക്രമം ഉണ്ടായിട്ടില്ലെന്നും അനുപമ വ്യക്തമാക്കി.

'ഇറങ്ങിപ്പോവാൻ പാടില്ലായിരുന്നോ എന്ന് ആളുകൾ ചോദിക്കും. എന്നാലിത് ചിലന്തിവല പോലെയാണെന്ന് ആളുകൾക്ക് അറിയില്ല. അത് മനസ്സിലാക്കാൻ പുറത്തുനിന്ന് പറ്റില്ല. ഇത് നടക്കുമ്പോഴൊന്നും രണ്ടുവർഷത്തോളം നാർസിസിസ്റ്റിക് അബ്യൂസ് ആണെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. ഈ വ്യക്തിയിൽ ചില നല്ല കാര്യങ്ങളുണ്ട്. കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങൾ ഉൾപ്പെടെ അയാൾക്ക് മുൻകാല ട്രോമയുണ്ട്', പങ്കാളിയെക്കുറിച്ച് അനുപമ കൂടുതൽ വെളിപ്പെടുത്തി.

'പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞു എന്ന് മനസ്സിലായതുമുതൽ അയാളുടെ വൃത്തങ്ങളിൽ എന്നെ പ്രശ്‌നക്കാരിയാക്കി. ഇപ്പോൾ ഞാൻ മരിച്ചുപോയാൽ എത്ര സമാധാനം ലഭിച്ചേനേ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. ബന്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അവസാന സംഭാഷണത്തിൽ പോലും അയാൾക്ക് മര്യാദയ്ക്ക് സംസാരിക്കാൻ സാധിച്ചില്ല. അങ്ങനെ ഒരാൾക്കൊപ്പം എങ്ങനെ ഞാൻ രണ്ടു വർഷം ഇരുന്നു എന്നത് എനിക്ക് വിശ്വസിക്കാനായില്ല. അപ്പോൾ എന്റെ ചിന്തകൾ ആകെ മാറി. അതിന് ശേഷം അയാൾക്കുവേണ്ടി ഒരു തുള്ളി കണ്ണീർ പോലും ഞാൻ കളഞ്ഞിട്ടില്ല', നടി പറഞ്ഞു.

'ഞാനൊരു അഭിനേതാവും ആത്മവിശ്വാസമുള്ള സ്ത്രീയുമാണെന്നതിൽ ലജ്ജ തോന്നിയ സമയങ്ങൾ ഉണ്ടായിരുന്നു. ഒരു കാലത്ത് 11 കുട്ടികൾ വേണമെന്ന് സ്വപ്‌നം കണ്ടിരുന്ന ആളാണ് ഞാൻ. എന്നാൽ പിന്നീട് കുട്ടികൾ പോലും വേണ്ടെന്ന ചിന്തയിലേക്ക് എത്തി. അയാൾ തെറാപ്പിക്ക് പോവാറുണ്ടായിരുന്നു. രണ്ടു ദിവസം അതിന്റെ മാറ്റമുണ്ടാവും. ബോധപൂർവം ചെയ്യുന്നതാണോ അല്ലയോ എന്ന് എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല. സ്‌നേഹമാണോ വെറുപ്പാണോ യഥാർഥം എന്ന് പറയാൻ ഇപ്പോഴും പറ്റില്ല. അയാളുമായി എനിക്കുണ്ടായിരുന്നത് ട്രോമാ ബോണ്ടിങ് ആണ്', അനുപമ വ്യക്തമാക്കി.

'നാർസിസിസ്റ്റിക് അബ്യൂസിന് ജൻഡർ ഇല്ല. ഇതിന് മുമ്പ് ഏഴുവർഷം ഞാൻ നാർസിസിസ്റ്റിക് ഫീമെയിൽ റിലേഷനിൽ ആയിരുന്നു. അത് ജോലിയുമായി ബന്ധപ്പെട്ടായിരുന്നു', നടി കൂട്ടിച്ചേർത്തു.

ചൂടുവെള്ളത്തിൽ വീണ താൻ ഇനി പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന് ഭാവിയിലെ പങ്കാളി എങ്ങനെയായിരിക്കണമെന്ന ചോദ്യത്തിന് മറുപടിയായി അനുപമ പറഞ്ഞു. അതേസമയം, തമിഴിലും തെലുങ്കിലും ഉൾപ്പെടെ പുതിയ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു വർഷമായി താൻ നാർസിസിസ്റ്റിക് അബ്യൂസ് നേരിടുകയാണെന്ന അനുപമയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. തന്റെ മുൻ പങ്കാളി വിക്രം സിനിമയായ 'അന്യനി'ലെ കഥാപാത്രത്തെപ്പോലെയായിരുന്നുവെന്ന് അനുപമ പറഞ്ഞിരുന്നു. ചിലപ്പോൾ അന്യനെപ്പോലെയും മറ്റുചിലപ്പോൾ റെമോയെപ്പോലെയും അമ്പിയെപ്പോലെയും അയാൾ പെരുമാറി. പരിചയപ്പെട്ട് മൂന്നു മാസത്തിനുള്ളിൽ തന്നെ വിവാഹനിശ്ചയം എന്ന് ആവശ്യം അയാളും കുടുംബവും ഉന്നയിക്കാൻ തുടങ്ങി. രണ്ടു വർഷം ശാരീരികവും വൈകാരികവുമായ യാതനയും തകർച്ചയും നേരിട്ടുവെന്നും നടി പറഞ്ഞു.

അനുപമയും വിക്രത്തിന്റെ മകനായ ധ്രുവ് വിക്രവും പ്രണയത്തിലാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് താൻ പ്രണയത്തകർച്ചയിലൂടെ കടന്നുപോവുകയാണെന്ന് നടി അഭിമുഖത്തിൽ തുറന്നുപറയുന്നത്.

നിവിൻ പോളി നായകനായ 'പ്രേമം' എന്ന മലയാള ചിത്രത്തിലൂടെയാണ് അനുപമ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെന്നിന്ത്യയിൽ എല്ലാ ഭാഷകളിലും നടി സാന്നിധ്യം അറിയിച്ചു. ധ്രുവ് നായകനായ 'ബൈസൺ കാളമാടൻ' എന്ന ചിത്രത്തിൽ നായികാവേഷം കൈകാര്യം ചെയ്തത് അനുപമയാണ്.

Content Highlights: Actress Anupama Parameswaran opened up about her traumatic experience of enduring two years of narcissistic abuse in a past relationship during an interview. She revealed that her former partner continuously slut-shamed and emotionally manipulated her, even degrading her seconds before she was about to step onto a stage. The severe mental strain significantly impacted her health, leading to a surgical procedure to address a dropped lacrimal (tear) gland. Anupama emphasized that she considers herself a survivor rather than a victim and stated she no longer sheds tears for her ex-partner after breaking free. She also addressed her future in relationships by stating she remains cautious, while actively continuing her professional commitments with upcoming projects in Tamil and Telugu cinema