'ഏത് ഫോട്ടോ ഇടണമെന്ന് തീരുമാനിക്കുന്നത് ധ്രുവ്'; വൈറലായി അനുപമയും ധ്രുവും ഒരുമിച്ചുള്ള പഴയ ഇന്റർവ്യൂ

#മൂവി ഡെസ്ക്
അനുപമ പരമേശ്വരൻ, ധ്രുവ് വിക്രം | ഫോട്ടോ: Instagram
അനുപമ പരമേശ്വരൻ, ധ്രുവ് വിക്രം | ഫോട്ടോ: Instagram

താൻ രണ്ട് വർഷത്തോളം പ്രണയിച്ച, പേര് വെളിപ്പെടുത്താത്ത ഒരാളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ സോഷ്യൽ മീഡിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ മുൻ കാമുകൻ ഒരു 'നാർസിസിസ്റ്റ്' ആയിരുന്നുവെന്നും ആ ബന്ധത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും താരം വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, അനുപമ സംസാരിക്കുന്നത് നടൻ ധ്രുവ് വിക്രമിനെക്കുറിച്ചാണെന്ന് സ്ഥാപിക്കുന്ന ഒരു പഴയ പോഡ്‌കാസ്റ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന 'ബൈസൺ-കാളമാടൻ' എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള സംഭാഷമാണിത്.

2025 ഒക്ടോബറിൽ നിഖിൽ വിജയേന്ദ്ര സിംഹയുടെ പോഡ്‌കാസ്റ്റിൽ ഇരുവരും പങ്കെടുത്തതിൻ്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. പോഡ്‌കാസ്റ്റിൽ, ഷൂട്ടിംഗ് സെറ്റിൽ സംവിധായകൻ മാരി സെൽവരാജിന്റെ പ്രിയപ്പെട്ടയാളാണ് ധ്രുവ് എന്ന് അനുപമ സംസാരിച്ചിരുന്നു. ഇത് യൂട്യൂബിൽ പോസ്റ്റ് ചെയ്യുമ്പോൾ ഇത് 'ക്ലിക്ക് ബെയ്റ്റ്', 'റേഞ്ച് ബെയ്റ്റ്' എന്നിവയ്ക്കായി ഉപയോഗിക്കുമെന്നും അനുപമ തമാശയായി പറഞ്ഞു. താനും സിനിമയിലെ ടീമും പോസ്റ്റ് ചെയ്യുന്നതെല്ലാം ധ്രുവാണ് തിരഞ്ഞെടുക്കുന്നത് എന്നതിനാൽ അവതാരകൻ ശ്രദ്ധിക്കണമെന്നും താരം ആവശ്യപ്പെട്ടു.

ഞെട്ടിപ്പോയ അവതാരകൻ ഇത് സത്യമാണോ എന്ന് ധ്രുവിനോട് ചോദിച്ചപ്പോൾ, ഇത്തരം സംസാരം നിർത്താൻ ധ്രുവ് അനുപമയോട് ആവശ്യപ്പെട്ടു. "ഇല്ല, ഇപ്പോൾ പ്രൊമോഷനായി ഞങ്ങൾ ധാരാളം ചിത്രങ്ങൾ എടുക്കുന്നു. അതിൽ എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ല, മറ്റുള്ളവർക്കും (കാസ്റ്റും ക്രൂവും) ഇല്ല. ഞങ്ങൾ ഒന്നും പറയുന്നില്ല, ഞങ്ങൾക്ക് അഭിപ്രായങ്ങളില്ല. അതിനാൽ, അവനാണ് എല്ലാം തിരഞ്ഞെടുക്കുന്നത്. ഞാൻ ഏത് ചിത്രത്തിലാണ് നല്ലതെന്ന് നോക്കി അവൻ അത് തിരഞ്ഞെടുക്കും. മിക്ക ചിത്രങ്ങളിലും ഞാനും രജിഷയും കാണാൻ നല്ലതല്ല." ഇതിനോട് അനുപമ പ്രതികരിച്ചതിങ്ങനെ. ധ്രുവ് വിക്രം അനുപമയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ സൂക്ഷ്മമായി നിയന്ത്രിച്ചിരുന്നു എന്നതിന്റെ തെളിവായാണ് സോഷ്യൽ മീഡിയ ഇതിനെ വിലയിരുത്തുന്നത്.

സിനിമയുടെ ചിത്രീകരണവേളയിൽ ധ്രുവ് വിക്രമിന്റെ കടുത്ത ഡയറ്റ് പ്ലാൻ കാരണം തൻ്റെ ഭക്ഷണ ശീലങ്ങളിൽ മാറ്റം വരുത്തേണ്ടി വന്നതിനെക്കുറിച്ചും അനുപമ ഈ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. ധ്രുവ് വിക്രമും സഹനടി രജിഷ വിജയനും കടുത്ത ഡയറ്റിലായിരുന്നപ്പോൾ താൻ സാമ്പാർ സാദവും ബട്ടർ ചിക്കനും ഒക്കെ കഴിക്കുന്നത് കണ്ട് സഹതാപം തോന്നിയിരുന്നെന്നും, ഒടുവിൽ അവരോടൊപ്പം താനും സാൽമൺ മത്സ്യവും പച്ചക്കറികളും കഴിക്കാൻ തുടങ്ങിയെന്നും അനുപമ വ്യക്തമാക്കുന്നുണ്ട്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളെ ധ്രുവ് നിയന്ത്രിക്കുന്നുവെന്ന് അനുപമ വെളിപ്പെടുത്തിയതിന് പിന്നാലെയുള്ള ധ്രുവിൻ്റെ ഭാവമാറ്റവും അതിനെ ഉടൻ തന്നെ തമാശരൂപേണ മറികടക്കാൻ അനുപമ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

ഈ വീഡിയോ വീണ്ടും പ്രചരിച്ചതോടെ ധ്രുവ് വിക്രമിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. 'അർജുൻ റെഡ്ഡി'യുടെ തമിഴ് റീമേക്കായ 'ആദിത്യ വർമ്മ' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധ്രുവ് യഥാർത്ഥ ജീവിതത്തിലും ആ കഥാപാത്രത്തെപ്പോലെയാണ് പെരുമാറുന്നതെന്ന് പലരും കമൻ്റ് ചെയ്യുന്നു. കൂടാതെ ധ്രുവ് വിക്രമിൻ്റെ അച്ഛൻ വിക്രം അഭിനയിച്ച അന്യൻ എന്ന ചിത്രത്തിലെ കഥാപാത്രത്തോടും ധ്രുവിന്റെ സ്വഭാവത്തെ ചിലർ താരതമ്യം ചെയ്യുന്നുണ്ട്. ഈ ബന്ധത്തിൽ നിന്നും അനുപമ പുറത്തുകടന്നത് നന്നായി എന്നാണ് ആരാധകർ പൊതുവെ വിലയിരുത്തുന്നത്.

അടുത്തിടെ ധന്യ വർമ്മയുടെ യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിലാണ് അനുപമ പരമേശ്വരൻ തൻ്റെ വിവാഹനിശ്ചയം മാറ്റിവെച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞത്. താൻ പ്രണയിച്ച വ്യക്തി വിക്രം സിനിമയായ ‘അന്യനി’ലെ കഥാപാത്രത്തെപ്പോലെയായിരുന്നുവെന്ന് നടി പറഞ്ഞു. അയാൾ ചിലപ്പോൾ റെമോയെപ്പോലെയും മറ്റുചിലപ്പോൾ അന്യനെപ്പോലെയും പെരുമാറി. പരിചയപ്പെട്ട് മൂന്നുമാസത്തിനുള്ളിൽതന്നെ വിവാഹനിശ്ചയം എന്ന ആവശ്യം അയാളും കുടുംബവും ഉന്നയിക്കാൻ തുടങ്ങി. നിയന്ത്രണങ്ങൾ പരിധിവിട്ടപ്പോൾ താൻതന്നെയാണ് ബന്ധം വേണ്ടെന്നുവെച്ചതെന്നും ആ ബന്ധം തന്റെ ആരോഗ്യത്തെപ്പോലും ബാധിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു.

പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തന്റെ ജീവിതത്തിലെ ഏറ്റവും തളർത്തുന്ന ഒരു കാലഘട്ടമായിരുന്നു അതെന്ന് താരം വ്യക്തമാക്കുന്നു. സോഷ്യൽ മീഡിയയിലെ ഈ പുതിയ ചർച്ചകളോട് ധ്രുവ് വിക്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Content Highlights: An old podcast video featuring Anupama Parameswaran and Dhruv Vikram has resurfaced online, leading fans to speculate that her recent candid statements about a controlling, narcissistic ex-boyfriend were directed at her Bison Kaalamaadan co-star.