‘എന്റെ ഏറ്റവും മോശം ഘട്ടത്തിൽ താങ്ങായി, എനിക്കറിയാത്ത എന്നെ പരിചയപ്പെടുത്തി’; സായിയെക്കുറിച്ച് അനുപമ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംപിടിച്ച നായികമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. ഇരുവരും ഇപ്പോൾ മലയാളത്തിനുപുറമേ മറ്റുഭാഷാ ചിത്രങ്ങളിലും സജീവമാണ്. ഇപ്പോഴിതാ ഒരു പ്രതിസന്ധിഘട്ടത്തിൽ സായി പല്ലവി എങ്ങനെ തന്നെ സഹായിച്ചുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അനുപമ പരമേശ്വരൻ. സായി പല്ലവിയാണ് തന്നെ ചിത്രരചനയിലേക്ക് നയിച്ചതെന്ന് അനുപമ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറഞ്ഞു. താൻ വരച്ച പെയിന്റിങുകൾ നിറഞ്ഞ ചുവരുകളുടെ ചിത്രത്തിനൊപ്പം പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
വേദന നിറഞ്ഞൊരു കാലത്തെ ചിത്രരചനയിലൂടെയാണ് താൻ അതിജീവിച്ചതെന്ന് അനുപമ പരമേശ്വരൻ വെളിപ്പെടുത്തി.അതിന് വഴിത്തിരിവായത് സായ് പല്ലവിയുമായുള്ള ഒരു സംഭാഷണമായിരുന്നെന്നും അനുപമ പറഞ്ഞു. തനിക്കറിയാത്ത തന്റെ മറ്റൊരു മുഖം പരിചയപ്പെടുത്തി തന്നതിന് സായി പല്ലവിയോട് കടപ്പെട്ടിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ 2021-ലാണ് ചിത്രങ്ങൾ വരച്ചുകൂട്ടിയതെന്നും അനുപമ പറഞ്ഞു.
"കുട്ടിയായിരുന്നപ്പോൾ നിറങ്ങൾ ഇഷ്ടമായിരുന്നെങ്കിലും ചിത്രരചനയുടെ വിശാലമായ ലോകത്തേക്ക് ഒരിക്കലും കടന്നിരുന്നില്ല. ഞാൻ കടന്നുപോകുന്ന മാനസികാവസ്ഥയെക്കുറിച്ച് ഒരിക്കൽ സായ് പല്ലവിയോട് മനസുതുറക്കാനിടയായി. ആ സമയത്ത് അവൾ നൽകിയ ജലച്ചായങ്ങളാണ് എല്ലാത്തിന്റെയും തുടക്കം. എനിക്കറിയാത്ത എന്റെ മറ്റൊരു മുഖം എനിക്ക് തന്നെ പരിചയപ്പെടുത്തി തന്നതിന് പല്ലവിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ലവ് യൂ ഡാർലിങ്.
കഴിഞ്ഞ വർഷം എന്റെ പ്രിയപ്പെട്ട അച്ഛനും അമ്മയും ചേർന്ന് രഹസ്യമായി ഞാൻ വരച്ചുകൂട്ടിയ ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് എന്റെ സ്റ്റുഡിയോയിലെ ചുമരുകളിൽ തൂക്കി. അതെനിക്ക് ഒരു സർപ്രൈസ് ആയിരുന്നു. ഒരു കഠിനമായ അധ്യായത്തിൽ നിന്നും മനോഹരമായ ഓർമ്മകളുടെ ഒരു ചുമരിലേക്കുള്ള മാറ്റം എത്ര മധുരമുള്ളതാണ്.’’ അനുപമയുടെ വാക്കുകൾ.
അനുപമയുടെ വൈകാരികമായ പോസ്റ്റ് സായ് പല്ലവി തന്റെ സോഷ്യൽ മീഡിയ പേജിൽ റീഷെയർ ചെയ്തു. "ഒരുപാട് സ്നേഹം മൈ ബേബി... ഈ ചിത്രങ്ങൾ വളരെ വ്യക്തിപരവും അതിമനോഹരവുമാണ്. നിന്റെ ഉള്ളിലെ കഴിവുകൾ ഇങ്ങനെ പൂത്തുലയുന്നത് കാണുമ്പോൾ എനിക്ക് ഏറെ സന്തോഷം തോന്നുന്നു," സായ് പല്ലവി കുറിച്ചു.
തമിഴിൽ മാരി സെൽവരാജ് സംവിധാനം ചെയ്ത ബൈസൺ ആണ് അനുപമ പരമേശ്വരൻ നായികയായി ഒടുവിലെത്തിയ ചിത്രം. മലയാളത്തിൽ പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിലും അനുപമ നായികയായി. ശിവ കാർത്തികേയന്റെ നായികയായി അമരനിലാണ് സായി പല്ലവി ഒടുവിൽ അഭിനയിച്ചത്. രൺബീർ കപൂർ നായകനാകുന്ന രാമായണയിൽ സീതയായെത്തുന്നത് സായിയാണ്.
Content Highlights: The actresses Anupama Parameswaran and Sai Pallavi, who simultaneously captured the hearts of Malayalis through the film 'Premam' directed by Alphonse Puthren, are now busy stars in South Indian cinema. However, a heartwarming post proving that their friendship is still strong is now going viral on social media. Anupama revealed through her Instagram story how Sai Pallavi helped her through a very difficult mental crisis in her life.