'എമ്പുരാന് തുടർച്ചയുണ്ടാവും'; 'ബ്രോ ഡാഡി'യും 'ദൃശ്യം' രണ്ടാംഭാഗവും തിയേറ്ററിൽ ഇറക്കാത്തതെന്ത്?; മറുപടിയുമായി ആന്റണി

#Movies Desk
ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍ | ഫോട്ടോ: മാതൃഭൂമി
ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍ | ഫോട്ടോ: മാതൃഭൂമി

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത 'ലൂസിഫർ' മൂന്നാംഭാഗം വീണ്ടും സ്ഥിരീകരിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ. ചിത്രത്തിന്റെ അണിയറജോലികൾ പുരോഗമിക്കുകയാണെന്ന് ഹെഡ്ജ് ക്ലബ് യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി. 'ദൃശ്യം 2', 'ബ്രോ ഡാഡി' സിനിമകൾ എന്തുകൊണ്ട് തിയേറ്ററിൽ റിലീസ് ചെയ്തില്ലെന്ന ആരാധകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി.

'എമ്പുരാന്' ശേഷം മലയാള സിനിമയ്ക്ക് ഓവർസീസ് മാർക്കറ്റിൽ ലഭിച്ച സ്വീകാര്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകവെയാണ്, മൂന്നാം ഭാഗം ഉറപ്പായും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. 'എമ്പുരാൻ' പോലുള്ള സിനിമകൾ വന്നാലേ മലയാള സിനിമയ്ക്ക് വിദേശ മാർക്കറ്റിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കൂവെന്ന് ആന്റണി പറഞ്ഞു. പിന്നാലെയാണ് സീക്വലിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. സിനിമയുടെ മൂന്നാം ഭാഗത്തിനായുള്ള ജോലികൾ തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

കോവിഡ് കാലത്ത് മലയാള സിനിമ നേരിട്ട പ്രതിസന്ധികളെയും അതിനെ ആശീർവാദ് സിനിമാസ് നേരിട്ട രീതിയെയും കുറിച്ച് പറയവെയാണ് 'ദൃശ്യം 2', 'ബ്രോ ഡാഡി' എന്നീ സിനിമകളെക്കുറിച്ച് ആരാധകർ പങ്കുവെക്കാറുള്ള ചോദ്യത്തിന് നിർമാതാവ് മറുപടി നൽകിയത് 'കോവിഡ് കാലത്ത് ആറ് സിനിമകൾ ആശീർവാദ് നിർമിച്ചു. ഇതെല്ലാം ഒ.ടി.ടിക്കുവേണ്ടിയുള്ള ചിത്രങ്ങളായിരുന്നു. ഈ സിനിമകൾ വലിയ വിജയമായപ്പോൾ, എന്തുകൊണ്ട് തിയേറ്ററിൽ റിലീസ് ചെയ്തില്ലെന്ന് ആളുകൾ ചോദിക്കുന്നുണ്ട്. 'ബ്രോ ഡാഡി'യും 'ദൃശ്യം 2'-വും തിയേറ്ററിന് വേണ്ടി എടുത്ത സിനിമയല്ല. വീട്ടിൽനിന്ന് ആരും പുറത്തുപോകാത്ത കാലഘട്ടത്തിലാണ് ആ ചിത്രങ്ങൾ പുറത്തിറങ്ങിയത്. ഒ.ടി.ടിയിൽ റിലീസ് ചെയ്തതുകൊണ്ട്, മലയാളികളല്ലാത്ത ലോകമെമ്പാടുമുള്ള ഒട്ടേറെപ്പേർ സിനിമ കണ്ടു', അദ്ദേഹം പറഞ്ഞു. അതുകൊണ്ട് റീച്ച് കൂടുകയും സാമ്പത്തികമായി സിനിമ സഞ്ചരിച്ച ഉയരങ്ങൾ വലുതായെന്നും ആന്റണി കൂട്ടിച്ചേർത്തു.

ALSO READ | മോഹൻലാലും ദിലീഷ് പോത്തനും ഒന്നിക്കുന്നു; നിർമാണം ഷിബു ബേബിജോൺ, എൽ 3യും ഉറപ്പിച്ച് ആന്റണി പെരുമ്പാവൂർ

'ലൂസിഫർ എന്ന ചിത്രത്തിന്റെ റഷ്യയിലെ ഷൂട്ടിങ്ങിന് ഞാൻ കൂടെ പോയിട്ടില്ല. പൃഥ്വിരാജിന്റെ കൈയിൽ എന്റെ ഒരു കാർഡ് കൊടുത്തുവിട്ടു. അദ്ദേഹമാണ് എല്ലാ കാര്യവും നോക്കിയത്. വളരെ ചെറിയ പൈസക്ക് ഷൂട്ട് ചെയ്തു. അങ്ങനെയുള്ള ആളുകളുടെ കൂടെയാണ് സഹകരിക്കുന്നത്. അവരും അത്തരത്തിൽ പാഷൻ ഉള്ള ആളുകളാണ്', പൃഥ്വിരാജിനെക്കുറിച്ച് അഭിമുഖത്തിൽ ആന്റണി അഭിപ്രായപ്പെട്ടു.

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു. വൻ മുതൽമുടക്കിൽ പുറത്തിറങ്ങിയ രണ്ടാംഭാഗം 'എമ്പുരാൻ' വലിയ വിവാദങ്ങളിൽപ്പെട്ടു. ഇതോടെ മൂന്നാംഭാഗം അനിശ്ചിതത്വത്തിലാണെന്ന് പ്രചാരണമുണ്ടായിരുന്നു. 'എൽ3: എസ്രയേൽ' എന്നാവും മൂന്നാംഭാഗത്തിന് ടൈറ്റിൽ എന്ന് നേരത്തെ സ്ഥിരീകരണമുണ്ടായിരുന്നു.

Content Highlights: Producer Antony Perumbavoor confirmed that work on 'Lucifer 3' is currently in progress. Stated that big-budget films like 'Empuraan' are necessary to expand Malayalam cinema's overseas market. Explained that 'Drishyam 2' and 'Bro Daddy' were specifically made for OTT platforms during the COVID-19 pandemic. Highlighted that releasing these films on OTT broadened their reach among non-Malayali global audiences. Praised director Prithviraj Sukumaran for his passion and efficient budget management during shoots.