‘മാപ്പ് പറഞ്ഞതെന്തിന്? തെറ്റ് നിന്റേതല്ല, എന്ന് ഒരുപാടുപേർ പറഞ്ഞു’; നന്ദി അറിയിച്ച് അന്ന രാജൻ

#Movies Desk
അന്ന രാജൻ | Photo: Screen grab/ Instagram: Anna raajan
അന്ന രാജൻ | Photo: Screen grab/ Instagram: Anna raajan

ആറ്റുകാൽ പൊങ്കാലയ്ക്കിടെ തന്റെ വീഡിയോകളെടുത്ത് മോശം ഉദ്ദേശത്തോടെ പ്രചരിപ്പിച്ച സംഭവത്തിൽ കഴിഞ്ഞദിവസം അന്ന രാജൻ പ്രതികരിച്ചിരുന്നു. പൊങ്കാലയുടെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽനിന്ന് ശ്രദ്ധമാറുന്ന തരത്തിൽ ചില നിമിഷങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്ന് നടി സാമൂഹികമാധ്യമങ്ങളിൽ കുറിച്ചു. പിന്നാലെ, നടി മാപ്പും പറഞ്ഞു. മാപ്പുപറയേണ്ടിരുന്നത് നടിയല്ലെന്ന് വ്യക്തമാക്കി നടൻ മാധവ് സുരേഷ് ഉൾപ്പെടെ പിന്തുണയുമായെത്തി. തനിക്ക് പിന്തുണയുമായി എത്തിയവർക്ക് നന്ദി പറയുകയാണ് ഇപ്പോൾ അന്ന രാജൻ.

'ഞാൻ എന്തിനാണ് മാപ്പുപറഞ്ഞതെന്ന് ചോദിച്ചും അത് എന്റെ തെറ്റല്ലെന്ന് പറഞ്ഞും ഒരുപാട് പ്രതികരണങ്ങൾ ലഭിക്കുന്നു. എന്നെ മനസിലാക്കിയതിനും ആ കോളുകൾക്കും സന്ദേശങ്ങൾക്കും നന്ദി. ഇത് എന്നെ സംബന്ധിച്ച് വലിയ കാര്യമാണ്', അന്ന രാജൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

'ഈ മോശം സമയത്ത് ശരിക്കും ഒപ്പം നിൽക്കുന്നത് ആരൊക്കെയാണെന്ന് നാം തിരിച്ചറിയുന്നു. ചില വലിയ, ബഹുമാന്യരായ ആളുകൾ എന്നെ പിന്തുണയ്ക്കാൻ സമയം കണ്ടെത്തി. അതിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്. ഈ സമയത്ത് ലഭിച്ച സ്‌നേഹവും കരുതലും പ്രോത്സാഹനവും ഞാൻ എപ്പോഴും ഓർക്കും. എന്നെ പിന്തുണച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി', അവർ കൂട്ടിച്ചേർത്തു.

പൊങ്കാലയർപ്പിക്കലിനിടെ ചിലർ തന്റെ അനാവശ്യവീഡിയോകൾ പകർത്തി പ്രചരിപ്പിച്ചുവെന്ന് നടി ആരോപിച്ചിരുന്നു. ഭക്തി നിറഞ്ഞ അന്തരീക്ഷത്തിൽനിന്ന് ശ്രദ്ധ മാറ്റുന്ന രീതിയിൽ ചില നിമിഷങ്ങൾ പ്രദർശിപ്പിച്ചത് വല്ലാതെ വേദനിപ്പിച്ചു. തന്റെ സാരിയോ, ഭാവങ്ങളോ, തന്റെ ഭാഗത്തുനിന്നുണ്ടായ മറ്റെന്തെങ്കിലും കാര്യങ്ങളോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഒരിക്കലുമത് തന്റെ ഉദ്ദേശമായിരുന്നില്ലെന്നും നടി കുറിച്ചു.

പിന്നാലെയാണ് നടൻ മാധവ് സുരേഷ് പിന്തുണയുമായെത്തിയത്. അന്ന തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മാപ്പുപറയേണ്ടതില്ലെന്നും മാധവ് വ്യക്തമാക്കി. നട്ടെല്ലില്ലാത്ത, സൂത്രശാലികളായ പാമ്പുകളെപ്പോലെ പെരുമാറുന്ന യൂട്യൂബർമാരാണ് മാപ്പുപറയേണ്ടത്. നമ്മൾ ലജ്ജയില്ലാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിട്ടില്ലെന്നായിരുന്നു മാധവിന്റെ പ്രതികരണം.

Content Highlights: Anna Rajan addresses the viral video controversy during Attukal Pongala. The actress initially apologized for any perceived disrespect to devotees. Actor Madhav Suresh and others publicly supported Anna, stating she was not at fault. Anna expresses gratitude for the overwhelming support and solidarity received