ദീപിക പദുകോണിന്റെ സഹോദരി അനിഷ വിവാഹിതയാകുന്നു; ആരാണ് വരന്‍ രോഹന്‍ ആചാര്യ? ഡിയോള്‍ കുടുംബവുമായുള്ള ബന്ധമെന്ത് ?

ബോളിവുഡ് നടി ദീപിക പദുകോണിന്റെ സഹോദരി അനിഷ പദുകോണിന്റെ വിവാഹം ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അനിഷയും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകന്‍ രോഹന്‍ ആചാര്യയുമായുള്ള വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണ്. വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിനിടെ ആരാണ് രോഹന്‍ ആചാര്യയെന്ന് അന്വേഷിക്കുകയാണ് ദീപികയുടെ ആരാധകരും മാധ്യമങ്ങളും.
ബോളിവുഡ് താരം സണ്ണി ഡിയോളിന്റേയും ഡിയോള്‍ കുടുംബത്തിന്റേയും അകന്ന ബന്ധുവായിരുന്നു രോഹന്‍. പിന്നീട് രോഹന്റെ സഹോദരി ദ്രിഷ ആചാര്യയും സണ്ണി ഡിയോളിന്റെ മൂത്തമകന്‍ കരണ്‍ ഡിയോളും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെ അവര്‍ കൂടുതല്‍ അടുത്തു. അത് മാത്രമല്ല, വിഖ്യാത ചലച്ചിത്രകാരന്‍ ബിമല്‍ റോയ് രോഹന്‍ ആചാര്യയുടെ മുതുമുത്തച്ഛനാണ്. ബിമല്‍ റോയിയുടെ ചെറുമകളാണ് രോഹന്റേയും ദ്രിഷയുടെയും അമ്മ ചിമ്മു ആചാര്യ. ദൂബായില്‍ നിന്നുള്ള കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥനായ സുമിത് ആചാര്യയാണ് രോഹന്റെ പിതാവ്.
രോഹന്റേയും അനിഷയുടെയും കണ്ടുമുട്ടലിന് കാരണമായത് നടനും ദീപികയുടെ ഭര്‍ത്താവുമായ രണ്‍വീര്‍ സിങാണ്. രണ്‍വീറിന്റെ മാതാപിതാക്കളും രോഹന്റെ പിതാവ് സുമിത് ആചാര്യയും അടുത്ത പരിചയക്കാരാണ്. അതുകൊണ്ടുതന്നെ കുടുംബ സദസ്സുകളിലും രോഹനും അനിഷയും തമ്മില്‍ പലപ്പോഴും കാണാറുണ്ടായിരുന്നു. സ്വാഭാവികമായും അവര്‍ തമ്മില്‍ അടുക്കുകയും ചെയ്തു. വിവാഹ തീയ്യതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ദുബായില്‍ തന്റെ കുടുംബത്തിന്റെ ട്രാവല്‍ ബിസിനസ് നോക്കിനടത്തുകയാണ് രോഹന്‍ ആചാര്യ. കായിക പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള അനിഷയും മുന്‍ പ്രൊഫഷണല്‍ ഗോള്‍ഫ് താരം കൂടിയാണ്. ദേശീയ മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച് അന്തര്‍ദേശീയ മത്സരങ്ങളിലും അനിഷ പങ്കെടുത്തിട്ടുണ്ട്. കൗമാരകാലത്ത് രാജ്യത്തെ അമെച്ച്വര്‍ ഗോള്‍ഫര്‍മാരുടെ പട്ടികയില്‍ ആദ്യപത്തിലുണ്ടായിരുന്ന താരമാണ് അനിഷ. നിലവില്‍ 2015ല്‍ ദീപിക തുടക്കമിട്ട ജീവകാരുണ്യ സംരഭമായ ലൈവ് ലവ് ലോഫ് ഫൗണ്ടേഷന്റെ സിഇഒയാണ് അനിഷ.
Content Highlights: Deepika Padukone's sister Anisha Padukone set to marry Dubai-based entrepreneur Rohan Acharya