നികത്താനാവാത്ത ശൂന്യത, ഒരു നിശബ്ദത മാത്രം അവശേഷിപ്പിച്ച് അദ്ദേഹം കളിക്കളം ഒഴിഞ്ഞിരിക്കുന്നു -അമിതാഭ് ബച്ചൻ

ഇതിഹാസതാരം ധർമേന്ദ്രയുടെ വിയോഗത്തിലുള്ള ദുഃഖത്തിലാണ് സിനിമാ ലോകം. ധർമേന്ദ്രയുടെ പേരിനൊപ്പം എന്നും ചേർത്തുവായിക്കപ്പെട്ട സഹതാരമായിരുന്നു അമിതാഭ് ബച്ചൻ. ഷോലെ എന്ന ചിത്രത്തിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദം ജീവിതത്തിലും തുടർന്നവരായിരുന്നു അവർ. ധർമേന്ദ്രയെ അനുസ്മരിച്ചുകൊണ്ട് അമിതാഭ് ബച്ചൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ഒരിക്കലും നികത്താനാവാത്ത ശൂന്യത അനുഭവപ്പെടുന്നുവെന്ന് ബച്ചൻ തന്റെ ബ്ലോഗിൽ എഴുതി.
ധീരനായ അതികായൻ എന്നാണ് അമിതാഭ് ബച്ചൻ ധർമേന്ദ്രയെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിൻ്റെ അഭാവം നികത്താനാവാത്ത ഒരു ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. അസഹനീയമായ ശബ്ദമുള്ള ഒരു നിശബ്ദത അവശേഷിപ്പിച്ച് അദ്ദേഹം കളിക്കളം ഒഴിഞ്ഞിരിക്കുന്നു. മഹത്വത്തിന്റെ പ്രതിരൂപമായിരുന്നു ധരം ജി. അദ്ദേഹത്തിന്റെ പ്രശസ്തമായ ശാരീരിക സാന്നിധ്യത്തിന് മാത്രമല്ല, അദ്ദേഹത്തിന്റെ വലിയ മനസ്സിനും അതിലെ ഏറ്റവും പ്രിയപ്പെട്ട ലാളിത്യത്തിനും കൂടിയാണ് അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെട്ടതെന്നും അമിതാഭ് ബച്ചൻ എഴുതി.
"താൻ വന്ന പഞ്ചാബിലെ ഗ്രാമത്തിന്റെ തനിമ അദ്ദേഹം തന്നോടൊപ്പം കൊണ്ടുവന്നു. ഓരോ ദശാബ്ദത്തിലും മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച സിനിമാ ലോകത്ത്, തന്റെ മഹത്തായ കരിയറിലുടനീളം കളങ്കമേൽക്കാതെ അദ്ദേഹം നിന്നു. സിനിമാ ലോകം മാറ്റങ്ങൾക്ക് വിധേയമായി, പക്ഷേ അദ്ദേഹം മാറിയില്ല. അദ്ദേഹത്തിന്റെ പുഞ്ചിരി, ആകർഷണീയത, ഊഷ്മളത എന്നിവയെല്ലാം അരികിലെത്തുന്ന എല്ലാവരിലേക്കും പടർന്നിരുന്നു. ഈ തൊഴിൽ രംഗത്ത് അതൊരു അപൂർവതയായിരുന്നു. നമുക്ക് ചുറ്റുമുള്ള വായു ശൂന്യമായിരിക്കുന്നു. ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത. പ്രാർത്ഥനകൾ." അമിതാഭ് ബച്ചൻ കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ.
ഡിസംബർ എട്ടിന് 90-ാം പിറന്നാൾ ആഘോഷിക്കാനിരിക്കേയാണ് മുംബൈയിലെ ജുഹുവിലെ വസതിയിൽ ധർമേന്ദ്രയുടെ വിടവാങ്ങൽ. ശ്വാസതടസ്സത്തെത്തുടർന്ന് ധർമേന്ദ്രയെ ഒക്ടോബർ അവസാനം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട് 12 ദിവസത്തിനുശേഷമാണ് വിടവാങ്ങിയത്. നടൻ എന്നതിനുപുറമേ സിനിമാനിർമാതാവും രാഷ്ട്രീയനേതാവുമായിരുന്നു ധർമേന്ദ്ര. പ്രമുഖനടി ഹേമമാലിനിയുടെ ഭർത്താവും നടന്മാരായ സണ്ണിഡിയോളിന്റെയും ബോബിഡിയോളിന്റെയും പിതാവുമാണ്.
Content Highlights: Amitabh Bachchan's Poignant Tribute to Dharmendra: A Farewell to a "Valiant Giant"