'കണ്ടുനിൽക്കാനാവില്ല, അത്രമേൽ ഭയാനകം'; നേപ്പാൾ ദുരന്തത്തേക്കുറിച്ച് അമിതാഭ് ബച്ചൻ

നേപ്പാൾ ദുരന്തത്തിൽ ആശങ്കയറിയിച്ച് നടൻ അമിതാഭ് ബച്ചൻ. പ്രളയക്കെടുതിയുടെ ദൃശ്യങ്ങൾ കാണുന്നത് തന്നെ സഹിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം തന്റെ ബ്ലോഗിൽ കുറിച്ചു. പ്രകൃതിയുടെ ക്രോധത്തോട് പോരാടാൻ മനുഷ്യന് കഴിയില്ലെന്നും ഇതിന് ദൈവത്തിന്റെ അനുഗ്രഹം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തബാധിതർക്കായി താൻ പ്രാർത്ഥിക്കുന്നതായും താരം പറഞ്ഞു.
"കൂടുതൽ ഗൗരവത്തോടെ പറയുകയാണെങ്കിൽ, നേപ്പാളിലെ വെള്ളപ്പൊക്കത്തിന്റെ നാശനൗശങ്ങൾ കണ്ടിരിക്കാൻ കഴിയാത്തത്ര വേദനാജനകമാണ്. പ്രകൃതിയുടെ കോപത്തെ ഒരിക്കലും ചെറുക്കാൻ കഴിയില്ല. അതിനെ ബഹുമാനിക്കുകയും ദൈവത്തിന്റെ സാന്നിധ്യം തേടുകയും വേണം.. നമ്മൾ പ്രാർത്ഥിക്കുന്നു.. കാരണം അത് എല്ലാത്തിനും അതീതമാണ്." അമിതാഭ് ബച്ചന്റെ വാക്കുകൾ.
ആശങ്കയറിയിച്ച് പ്രമുഖർ
അമിതാഭ് ബച്ചനെക്കൂടാതെ ഇന്ത്യൻ സിനിമാലോകത്തെ നിരവധി പ്രമുഖരും നേപ്പാളിലെ ജനങ്ങൾക്ക് ഐക്യദാർഢ്യവും പിന്തുണയുമായി മുന്നോട്ടുവന്നു. ഫർഹാൻ അക്തർ, കങ്കണ റണൗട്ട്, ഭൂമി പെഡ്നേക്കർ, സോനു സൂദ്, മനീഷ കൊയ്രാള, സഞ്ജയ് ദത്ത് എന്നിവർ ദുരിതബാധിതർക്ക് പ്രാർത്ഥനകളും സഹായവാഗ്ദാനങ്ങളും നൽകിയിട്ടുണ്ട്. പ്രളയത്തിൽ അകപ്പെട്ടവർക്ക് ഭക്ഷണവും പാർപ്പിടവും പുനർനിർമ്മാണത്തിനുള്ള കായികബലവും നൽകുമെന്ന് നടൻ സോനു സൂദ് വാഗ്ദാനം ചെയ്തപ്പോൾ, സഞ്ജയ് ദത്ത്, ഫർഹാൻ അക്തർ, ഭൂമി പെഡ്നേക്കർ എന്നിവർ സോഷ്യൽ മീഡിയ വഴി അടിയന്തര ഹെൽപ്പ്ലൈൻ നമ്പറുകൾ പങ്കുവെച്ച് സഹായം ലഭ്യമാക്കാൻ ശ്രമിച്ചു.
പ്രളയം: 2980 ആളുകൾ കാണാമറയത്ത്
നേപ്പാളിന്റെ നെഞ്ചുലച്ച് പാഞ്ഞുവന്ന ജലമതിൽ കവർന്ന ജീവനുകളുടെ എണ്ണം 682 ആയി. എട്ടു ജില്ലകളിൽനിന്നായി 675 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് നേപ്പാൾ ശനിയാഴ്ച അറിയിച്ചു.
ടിബറ്റിൽ മരണം ഏഴായി. നേപ്പാളിലും ടിബറ്റിലുമായി ആകെ 2980 പേരെയാണ് കാണാതായത്. ദുരന്തത്തിന്റെ നാലാംദിവസമായ ശനിയാഴ്ച, കൂടുതൽപ്പേരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ അകന്നെങ്കിലും രക്ഷാപ്രവർത്തനം ഊർജിതമായി നടന്നു.
പ്രളയജലം കടന്നുപോയ പ്രദേശങ്ങളിൽ ചവിട്ടിയാൽ താഴ്ന്നുപോകുന്ന ചെളി വലിയതോതിൽ അടിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ചോച്ചൻ ഖോല, പുരേപു സാങ്പോ നദികളുടെ സംഗമസ്ഥാനത്ത് രൂപപ്പെട്ട പുതിയ തടാകം സ്വാഭാവികമായി വറ്റിതുടങ്ങിയെന്ന് ചൈനയുടെ ദേശീയ മാധ്യമം റിപ്പോർട്ടുചെയ്തു. ഇതോടെ വിണ്ടുമൊരു പ്രളയം നേപ്പാളിനെ തേടിയെത്തുമെന്ന ഭയംഅകന്നുതുടങ്ങി.
ത്രിശൂലി നദിയിലെ ജലവൈദ്യുത പദ്ധതികളിൽ ജോലിചെയ്തിരുന്ന 933 പേരെ കാണാനില്ല. ത്രിശൂലി 3എ, 3ബി ജലവൈദ്യുത തുരങ്കങ്ങളിൽ കുടുങ്ങിയ നൂറോളംപേരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
ശനിയാഴ്ചവരെ 114 ഇന്ത്യക്കാരും 27 ചൈനക്കാരുമടക്കം 184 വിദേശികളെ രക്ഷിച്ചെന്ന് നേപ്പാൾ ടൂറിസംബോർഡ്. ഹെലികോപ്റ്റർ മാർഗവും കരമാർഗവുമായി 2265 പേരെ ഒഴിപ്പിച്ചെന്ന് നേപ്പാൾ സൈന്യം. ടിബറ്റിൽ കാണാതായ 554 പേരിൽ 260 പേർ വിദേശികൾ. ഏതെല്ലാം രാജ്യക്കാരെന്ന വിവരം പുറത്തുവന്നിട്ടില്ല.
Content Highlights: Veteran Bollywood actor Amitabh Bachchan described the devastating scenes from the sudden Nepal flash floods as "unbearable to watch" in his blog, joining several film personalities including Sonu Sood, Kangana Ranaut, and Farhan Akhtar in extending prayers and relief support.