വീണ്ടും ബോംബ് ഭീഷണി, കൂസാതെ അമിതാഭ് ബച്ചൻ; ഇത്തവണ ആരാധകരെ കണ്ടത് ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്ലാതെ

#മൂവീസ് ഡെസ്‌ക്
അമിതാഭ് ബച്ചന്‍ ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്ലാതെ ആരാധകരെ കണ്ടപ്പോള്‍, അമിതാഭ് ബച്ചന്‍ ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡിന് പിന്നില്‍ | ഫോട്ടോ: എ.എഫ്.പി, എ.എന്‍.ഐ.
അമിതാഭ് ബച്ചന്‍ ബുള്ളറ്റ് പ്രൂഫ് സുരക്ഷയില്ലാതെ ആരാധകരെ കണ്ടപ്പോള്‍, അമിതാഭ് ബച്ചന്‍ ബുള്ളറ്റ് പ്രൂഫ് ഷീല്‍ഡിന് പിന്നില്‍ | ഫോട്ടോ: എ.എഫ്.പി, എ.എന്‍.ഐ.

മുംബൈയിലെ വസതിയായ 'ജൽസ'യ്ക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ നേരിട്ട് കണ്ട് ദീപാവലി ആശംസകൾ നേർന്ന് അമിതാഭ് ബച്ചൻ. സമീപകാലത്തുണ്ടായ ബോംബ് ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും, ഇത്തവണ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ഷീൽഡ് പൂർണമായും ഒഴിവാക്കിയാണ് ബച്ചൻ ആരാധകർക്ക് മുന്നിലെത്തിയത്.

ഞായറാഴ്ചകളിൽ വസതിക്ക് പുറത്തെ ആരാധകരെ അഭിവാദ്യം ചെയ്യുന്നത് താരത്തിന്റെ പതിവാണ്. സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞയാഴ്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിൽ നിന്നായിരുന്നു അദ്ദേഹം ആരാധകരെ അഭിവാദ്യം ചെയ്തത്. എന്നാൽ ഇത്തവണ പ്രൊട്ടക്റ്റീവ് ഗ്ലാസ് മാറ്റി, മൈക്കിലൂടെ ആരാധകർക്ക് ദീപാവലി ആശംസയും നേർന്നു.

'നിങ്ങൾ ഏവർക്കും എന്റെ പ്രണാമം. എല്ലാവർക്കും ദീപാവലി ആശംസകൾ നേരുന്നു. നിങ്ങളുടെയെല്ലാം ജീവിതത്തിൽ സുഖവും ശാന്തിയും ഐശ്വര്യവും നിറയട്ടെ. നിങ്ങളോട് ഓരോരുത്തരോടും ഞാൻ നന്ദി പറയുന്നു,' ബച്ചൻ ആരാധകരോട് പറഞ്ഞു.

കൈകൂപ്പിയും കൈവീശിയും ആരാധകരെ അഭിവാദ്യം ചെയ്തു. ഇത്തവണയും എല്ലാം നിരീക്ഷിച്ച് തൊട്ടുപിന്നിൽ മകൻ അഭിഷേക് ബച്ചനും ഉണ്ടായിരുന്നു. സുരക്ഷാ ജീവനക്കാരും മുംബൈ പോലീസും വസതിക്ക് പുറത്ത് കനത്ത സുരക്ഷയൊരുക്കിയിരുന്നു.

ശരീരത്തിന് കൂടുതൽ വിശ്രമം ആവശ്യമാണെന്ന് ബച്ചൻ തന്റെ ബ്ലോഗിൽ കുറിച്ചിരുന്നു. കൈവേദന കാരണം ബ്ലോഗുകൾ വൈകുന്നതിൽ ആരാധകരോട് ക്ഷമചോദിച്ച അദ്ദേഹം എല്ലാവർക്കും ദീപാവലി ആശംസിച്ചു. താരം അവതാരകനായ ടെലിവിഷൻ റിയാലിറ്റി ഷോ 'കോൻ ബനേഗാ ക്രോർപതി 18'-ന്റെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടവേള.

നേരത്തെ, ടൈഗർ ഷ്‌റോഫിന് എതിരായ ആക്രമണത്തിന് പിന്നാലെ അമിതാഭ് ബച്ചന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. മുംബൈയിലെ ഒരു സ്‌കൂളിലായിരുന്നു ഇ-മെയിൽ സന്ദേശം ലഭിച്ചത്. വസതിക്കുനേരെ ബോംബ് ആക്രമണമുണ്ടാവുമെന്നായിരുന്നു സന്ദേശം. പിന്നാലെ സുരക്ഷ വർധിപ്പിച്ചു. മൂന്നാഴ്ച തികയുംമുമ്പ് കഴിഞ്ഞ ശനിയാഴ്ച വീണ്ടും ഭീഷണി സന്ദേശം ലഭിച്ചു.

Content Highlights: Amitabh Bachchan greeted fans outside his Mumbai residence Jalsa without a protective bulletproof glass shield despite recent bomb threats. He delivered Diwali wishes to the crowd via microphone in the presence of heavy police security and son Abhishek Bachchan. The actor apologized in a blog post for delayed updates due to severe arm pain and stressed the need for rest. Shoots for his popular reality show Kaun Banega Crorepati 18 have been temporarily suspended due to health issues. Security at Jalsa had been beefed up following two separate bomb threat emails received over the past three weeks.