ഒരേ വീട്ടിലെ മൂന്നുപേർക്ക് ഒരേ ദിവസം ഒരേ വേദിയിൽ ആദരം; സന്തോഷവും നന്ദിയും പ്രകടിപ്പിച്ച് അമിതാഭ് ബച്ചൻ

'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ആദ്യമായി മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്‌കാരം നേടിയിരിക്കുകയാണ് അഭിഷേക് ബച്ചൻ. പുരസ്കാരത്തെക്കുറിച്ച് വളരെ വൈകാരികമായാണ് അദ്ദേഹം പിന്നീട് സംസാരിച്ചത്. അഭിഷേകിന്റെ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവുകൂടിയായ അമിതാഭ് ബച്ചൻ. സ്വന്തം വീട്ടിലേക്ക് മൂന്നാമത്തെ ഫിലിം ഫെയർ പുരസ്കാരം എത്തിയതിന്റെ ആഹ്ലാദമാണ് അമിതാഭ് ബച്ചൻ പ്രകടിപ്പിച്ചത്.
ഫിലിം ഫെയറിന്റെ 70-ാം വർഷത്തിനോടനുബന്ധിച്ച് അമിതാഭ് ബച്ചൻ, ഭാര്യ ജയാ ബച്ചൻ എന്നിവരെ ആദരിച്ചിരുന്നു. ഇതേ വേദിയിൽവെച്ചാണ് മികച്ച നടനുള്ള പുരസ്കാരം അഭിഷേക് ബച്ചനും സ്വീകരിച്ചത്. ഇതാണ് അമിതാഭ് ബച്ചന്റെ സന്തോഷത്തിന് കാരണം. മൂന്ന് അവാർഡുകളും ഒരുമിച്ചുവെച്ചുകൊണ്ടുള്ള വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്.
"ഒരു കുടുംബം... ഒരേ തൊഴിൽ മേഖലയിൽ മൂന്ന് അംഗങ്ങൾ... ഒരേ ദിവസം മൂന്ന് പുരസ്കാരങ്ങൾ. ഫിലിംഫെയറിന്റെ 70 വർഷത്തെ ആഘോഷത്തിൽ ജയയ്ക്ക് ആദരം... അഭിഷേകിന് 2025-ലെ മികച്ച നടനുള്ള പുരസ്കാരം... 70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എനിക്കും. ജയയും അഭിഷേകും ഞാനും പൊതുജനങ്ങളോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നു. ഒരുപാട് നന്ദി." അമിതാഭ് ബച്ചൻ കുറിച്ചതിങ്ങനെ.
ഡയാന പെന്റി, നിമ്രത് കൗർ, അഭിഷേക് ബാനർജി എന്നിവർക്കൊപ്പം അഭിനയിക്കുന്ന റിഭു ദാസ്ഗുപ്തയുടെ 'സെക്ഷൻ 84', പ്രഭാസും കമൽ ഹാസനും അഭിനയിക്കുന്ന നാഗ് അശ്വിന്റെ 'കൽക്കി 2898 എഡി'യുടെ രണ്ടാം ഭാഗം എന്നിവയാണ് അമിതാഭ് ബച്ചന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകൾ. ഇതിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും.
തന്റെ മകളുമായി വീണ്ടും ഒന്നിക്കാന്‍ ആഗ്രഹിക്കുന്ന മാരകരോഗം ബാധിച്ച ഒരച്ഛനായാണ് 'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രത്തിൽ അഭിഷേക് വേഷമിട്ടത്. 'വിക്കി ഡോണര്‍', 'സര്‍ദാര്‍ ഉദ്ധം', 'ഒക്ടോബര്‍', 'പികു' തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഷൂജിത് സര്‍ക്കാര്‍ക്കൊപ്പമുള്ള നടന്റെ ആദ്യ ചിത്രമാണിത്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തില്‍ ജയന്ത് കൃപലാനി, അഹല്യ ബാംറൂ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷാരൂഖ് ഖാനും സുഹാന ഖാനുമൊപ്പം 'കിംഗ്' എന്ന ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്.
Content Highlights: Amitabh, Jaya, and Abhishek Bachchan win trophies at Filmfare Awards. Big B thanks fans, Abhishek performs for his father, and Jaya is emotional.