'ഇത് മഹാരാഷ്ട്രയാണ് ഭായ്...'; ഭാഷാവിവാദത്തിന് തിരികൊളുത്തി ആമിർ ഖാൻ | വീഡിയോ

കഴിഞ്ഞദിവസമാണ് മഹാരാഷ്ട്രയിൽ മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ സമ്മതിദാനാവകാശം രേഖപ്പെടുത്തുകയും അതെല്ലാം വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ബോളിവുഡ് നടൻ ആമിർ ഖാനും വോട്ട് രേഖപ്പെടുത്തിയിരുന്നു. വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തിറങ്ങിയ അദ്ദേഹം ഭാഷാവിവാദത്തിനാണ് തിരികൊളുത്തിയത്.
ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷനിലേക്കുള്ള (ബിഎംസി) തിരഞ്ഞെടുപ്പിലാണ് ആമിർ വോട്ട് രേഖപ്പെടുത്തിയത്. ഇതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുംബൈയിലെ എല്ലാവരോടും വോട്ട് രേഖപ്പെടുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തു. സുഗമമായ വോട്ടെടുപ്പിനായി ഒരുക്കിയ സജ്ജീകരണങ്ങളെ അദ്ദേഹം പ്രകീർത്തിക്കുകയും ചെയ്തു. തുടർന്നാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഹിന്ദി-മറാത്തി ഭാഷാ വിവാദത്തിന് തിരികൊളുത്തുന്ന പരാമർശമുണ്ടായത്.
മറാത്തി ഭാഷയിലാണ് അദ്ദേഹം ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. ഈ സമയം ചില മാധ്യമപ്രവർത്തകർ പറഞ്ഞകാര്യങ്ങൾ ഹിന്ദിയിൽ ആവർത്തിക്കാൻ ആവശ്യപ്പെട്ടു. 'ഹിന്ദിയിലോ? ഇത് മഹാരാഷ്ട്രയാണ് ഭായ്' -ഇതാണ് മറുപടിയായി പുഞ്ചിരിയോടെ ആമിർ പറഞ്ഞത്. ഇത് ഡൽഹിയിലും സംപ്രേഷണം ചെയ്യുമെന്ന് മാധ്യമപ്രവർത്തകർ ആമിറിനോട് പറഞ്ഞു. 'ഓഹോ, ഇത് ഡൽഹിയിലേക്കും പോകുമോ?' എന്നായി ആമിർ. തുടർന്ന് പറഞ്ഞകാര്യങ്ങൾ ആമിർ ഹിന്ദിയിലും ആവർത്തിച്ചു.
ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഹിന്ദി-മറാത്തി ഭാഷാവിവാദം വീണ്ടും ചർച്ചയായത്. ചിലർ വിഷയം ഗൗരവത്തിലെടുത്തപ്പോൾ മറ്റുചിലർ ആമിർ ഖാൻ തമാശയായാണ് ഇത് പറഞ്ഞതെന്ന് സോഷ്യൽ മീഡിയയിൽ കുറിച്ചു. വലിയ ചർച്ചകളും തർക്കങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്.
കഴിഞ്ഞവർഷം സംസ്ഥാനത്തെ പ്രൈമറി സ്‌കൂളുകളിൽ ഹിന്ദി മൂന്നാം ഭാഷയാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചപ്പോഴും ഭാഷാവിവാദം ഉയർന്നിരുന്നു. പ്രതിപക്ഷത്തിന്റേയും ഭാഷാസ്‌നേഹികളുടേയും ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. ഇതോടെ മഹാരാഷ്ട്ര ഭരിക്കുന്ന ബിജെപി സർക്കാർ തീരുമാനത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു.
Content Highlights: Bollywood actor Aamir Khan sparked a language debate during the BMC elections in Mumbai. When asked by journalists to repeat his statement in Hindi, the actor responded in Marathi, saying, "Hindi? This is Maharashtra, Bhai," highlighting the importance of the regional language.