പോസ്റ്ററുകളിൽ ജെയിംസ് ബോണ്ടിന്റെ കൈക്ക് നീളംകൂട്ടി, തോക്കുകൾ നീക്കംചെയ്തു, വിമർശനത്തിനുപിന്നാലെ നടപടി പിൻവലിച്ച് ആമസോൺ

ലോസ് ആഞ്ജലിസ്: ജെയിംസ് ബോണ്ട് സിനിമകളുടെ പോസ്റ്ററുകളിൽനിന്ന് തോക്കുകൾ നീക്കം ചെയ്യുകയും നായകകഥാപാത്രത്തിന്റെ കൈകൾക്ക് നീളംകൂട്ടുകയും ചെയ്ത ആമസോൺ പ്രൈം വീഡിയോക്കെതിരെ ആരാധകരുടെ പ്രതിഷേധം. ജെയിംസ് ബോണ്ട് സിനിമകളുടെ പോസ്റ്ററുകളിളെ തോക്കുകൾ ഫോട്ടോ എഡിറ്റിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച് എയർബ്രഷ് ചെയ്ത് കളയുകയായിരുന്നു. വിമർശനം ശക്തമായതോടെ നടപടി ആമസോൺ പിൻവലിച്ചു.
പ്രൈം വീഡിയോ യുകെ കഴിഞ്ഞയാഴ്ച അവരുടെ വെബ്സൈറ്റിൽ പുറത്തിറക്കിയ പോസ്റ്ററുകളിൽ ജെയിംസ് ബോണ്ടിനെ തോക്കുകളില്ലാതെയാണ് ചിത്രീകരിച്ചിരുന്നത്. ‘ഡോക്ടർ നോ’, ‘ഗോൾഡൻ ഐ’ തുടങ്ങിയ പല ചിത്രങ്ങളുടെ പോസ്റ്ററുകളും എഡിറ്റ് ചെയ്തതിൽ ഉൾപ്പെട്ടിരുന്നു. ചില പോസ്റ്ററുകളിൽനിന്ന് തോക്ക് എഡിറ്റ് ചെയ്ത് കളഞ്ഞിരുന്നെങ്കിൽ മറ്റ് ചിലതിൽ അത് ക്രോപ്പ് ചെയ്യുകയായിരുന്നു. എ വ്യൂ ടു എ കിൽ എന്ന ചിത്രത്തിന്റെ പോസ്റ്ററിൽ, ബോണ്ടിനെ അവതരിപ്പിച്ച റോജർ മൂറിന്റെ കൈകൾക്ക് നീളം കൂട്ടിയാണ് ഫ്രെയിമിൽ നിന്ന് തോക്ക് ഒഴിവാക്കിയത്.
സാംസ്കാരിക നശീകരണമല്ലാതെ മറ്റൊന്നുമല്ല ഇതെന്നാണ് എഴുത്തുകാരനായ സ്കോട്ട് മക്‌ക്രിയ പറഞ്ഞതെന്ന് വിനോദ വാർത്താ വെബ്സൈറ്റായ ഡെഡ്ലൈൻ റിപ്പോർട്ട് ചെയ്തു. അവർ ജയിംസ് ബോണ്ട് സിനിമയുടെ തംബ്നെയിലുകളിൽ നിന്ന് എല്ലാ തോക്കുകളും ഫോട്ടോഷോപ്പ് ചെയ്ത് മാറ്റിയിരിക്കുന്നു എന്നാണ് എഴുത്തുകാരനായ ജോൺ എ. ഡഗ്ലസ് സംഭവത്തോട് പ്രതികരിച്ചത്. പോസ്റ്ററുകൾ ഇപ്പോൾ തികച്ചും വ്യത്യസ്തമായി കാണപ്പെടുന്നുവെന്ന് ബ്രിട്ടീഷ് നടൻ റൂഫസ് ജോൺസും പറഞ്ഞു.
"നിരായുധനാവുകയാണ്, ഡാർലിംഗ്" എന്ന് ഒരു ഉപയോക്താവ് എക്‌സിൽ കുറിച്ചു. "വരാനിരിക്കുന്ന 8K ജയിംസ് ബോണ്ട് റീമാസ്റ്ററുകളുടെ ഒരു നേർക്കാഴ്ച..." എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
രൂക്ഷമായ വിമർശനങ്ങളെത്തുടർന്ന് ആമസോൺ പ്രൈം വീഡിയോ വിവാദമായ പോസ്റ്ററുകൾ പിൻവലിക്കുകയും പകരം അതാത് സിനിമകളിൽനിന്നുള്ള ചിത്രങ്ങൾ നൽകുകയും ചെയ്തിരിക്കുകയാണിപ്പോൾ. സംഭവത്തിൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോം അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Content Highlights: Amazon Prime Video pulled James Bond artwork after fans noticed guns were airbrushed out of posters, sparking criticism of "cultural vandalism." New artwork now features film stills.