മതപരമായ നിലപാടിനോട് യോജിക്കുന്നില്ല; എ.ആർ. റഹ്‌മാൻ വിഷയത്തിൽ പ്രതികരിച്ച് അമാൽ മല്ലിക്‌

#Movies Desk
അമാല്‍ മല്ലിക്, എആര്‍ റഹ്‌മാന്‍.|Photo: Instagram
അമാല്‍ മല്ലിക്, എആര്‍ റഹ്‌മാന്‍.|Photo: Instagram

ഹിന്ദി ചലച്ചിത്രമേഖലയിലെ മാറ്റങ്ങൾ കാരണം തനിക്ക് അവസരം നഷ്ടപ്പെട്ടുവെന്നും, ഇതിൽ വർഗീയമായ കാരണങ്ങൾ ഉണ്ടാവാമെന്നും സംഗീത സംവിധായകനായ എആർ റഹ്‌മാൻ അഭിപ്രായപ്പെട്ടിരുന്നു. ഇത് കാരണം അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലടക്കം ഏറെ വിമർശനങ്ങൾ നേരിട്ടു. പ്രശ്‌നത്തെത്തുടർന്ന് നിരവധി ആളുകൾ അദ്ദേഹത്തിനെ പിന്തുണച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു. യുവതലമുറ സംഗീത സംവിധായകനും ഗായകനുമായ അമാൽ മല്ലികും പ്രശ്‌നത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമാൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. റഹ്‌മാൻ പറഞ്ഞത് ഏറെക്കുറെ ശരിയാണെങ്കിലും മതപരമായ നിലപാടിനോട് വിയോജിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. സിനിമാവ്യവസായത്തിലെ വലിയ ഒരു പ്രശ്‌നമാണ് റഹ്‌മാൻ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നതെന്നും അമാൽ പറഞ്ഞു.

സ്വജനപക്ഷപാതവും ഗ്രൂപ്പിസവും മാറ്റിവെച്ചാൽ ഇന്ന് ഓരോ ലേബലും അവർക്ക് അനുയോജ്യമായ കലാകാരന്മാരുമായി ജോലി ചെയ്യുന്നതിൽ സന്തുഷ്ടരാണ്. വരുമാനം ലഭിക്കുന്നത് കാരണം ആ കലാകാരന്മാരെ അവർ പ്രോത്സാഹിപ്പിക്കുന്നു. ലേബലുകളാണ് ഇവിടെ തീരുമാനങ്ങൾ എടുക്കുന്നത്. അമാൽ അഭിപ്രായപ്പെട്ടു.

ഇത് മാനേജ്‌മെന്റ്, ഏജൻസികളുടെ കാലമാണെന്നും നല്ലതും ചീത്തയുമായ കൂട്ടുകെട്ടുകൾ ഇവിടെ ഉണ്ടെന്നും അമാൽ കൂട്ടിച്ചേർത്തു. സംഗീതമേഖലയിലെ മണിരത്‌നം- റഹ്‌മാൻ, അനുരാഗ് ബസു- പ്രീതം എന്നീ കൂട്ടുകെട്ടുകളേയും അമാൽ ഈ അവസരത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ എ.ആർ. റഹ്‌മാനായാലും പുതുമുഖമായാലും മികച്ച സംഗീതം ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകണമെന്നും അമാൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ 15 വർഷമായി ചില തിരഞ്ഞെടുത്ത കലാകാരന്മാരുമായി തുടരാൻ ഇഷ്ടപ്പെടുന്ന സംവിധാനം നിലവിലുണ്ടെന്നും അവർ ആരുടേയും സമ്മതത്തിനായി കാത്തിരിക്കുകയില്ല എന്നും അമാൽ അഭിപ്രായപ്പെട്ടു. എ.ആർ. റഹ്‌മാനെപ്പോലുള്ള ഒരാൾക്ക് ഈ സംവിധാനത്തെ ചോദ്യം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ തന്നെപോലെ ഒരാൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന ആശങ്കയും അമാൽ പങ്കുവെച്ചു. നിലവിലെ സംവിധാനത്തിന്റെ ഒരറ്റം മാത്രമാണ് റഹ്‌മാൻ കാണിച്ചുതന്നതെന്നും, അദ്ദേഹത്തെ പോലെ ഒരാളെ പോലും ഒഴിവാക്കാൻ സാധിക്കും എന്നാണ് ഇതിലൂടെ കാണിച്ചുതരുന്നതെന്നും അമാൽ കൂട്ടിച്ചേർത്തു.

ബിബിസി എഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിലാണ് സംഗീതമേഖലയുമായി ബന്ധപ്പെട്ട വിവാദമായ പരാമർശങ്ങൾ റഹ്‌മാൻ പങ്കുവെച്ചത്. സംഭവത്തിൽ രൂക്ഷമായ വിമർശനം നേരിട്ട താരം അതിനുശേഷം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും ഇന്ത്യയോടുള്ള സ്‌നേഹം തനിക്ക് വലുതാണെന്നും അദ്ദേഹം അതിനുശേഷം വ്യക്തമാക്കി. ഇന്ത്യയിലെ ബഹുസ്വരതയും സാംസ്‌കാരിക പൈതൃകവുമാണ് തന്റെ സംഗീതത്തിന്റെ പ്രചോദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Amal Mallik weighs in on AR Rahman`s remarks about the Hindi film industry. Discover his views on favoritism, talent, and the music business.