ആരാധകർക്കായി ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ച് അല്ലു അർജുൻ, വെറുപ്പ് പ്രചരിപ്പിക്കരുതെന്ന് സന്ദേശം

#മൂവി ഡെസ്ക്
AAFA ആനുവൽ സമ്മിറ്റ് 2026-ൽ ആരാധകർക്കൊപ്പം അല്ലു അർജുൻ | ഫോട്ടോ: X
AAFA ആനുവൽ സമ്മിറ്റ് 2026-ൽ ആരാധകർക്കൊപ്പം അല്ലു അർജുൻ | ഫോട്ടോ: X

രാധകർക്കായി ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ച് നടൻ അല്ലു അർജുൻ. അല്ലു അർജുന്റെ ആരാധകരുടെ വാർഷിക പരിപാടിയായ 'AAFA ആനുവൽ സമ്മിറ്റ് 2026'-ലാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്. സമയം, ഊർജ്ജം എന്നിവ യുക്തിസഹമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് അല്ലു അർജുൻ സംസാരിക്കുകയും ചെയ്തു. നെഗറ്റിവിറ്റി, വിദ്വേഷം, ട്രോളിംഗ് എന്നിവയിൽ ഊർജ്ജം കളയുന്നതിന് പകരം തങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടു.

പോസിറ്റീവിറ്റിയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണങ്ങളിൽ നിന്നും ട്രോളുകളിൽ നിന്നും വിട്ടുനിൽക്കാൻ അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു. ഇഷ്ടമില്ലാത്ത കാര്യങ്ങൾക്കോ വ്യക്തികൾക്കോ വേണ്ടി സമയം കളയുന്നത് അനാവശ്യമാണെന്ന് അല്ലു പറഞ്ഞു. മനുഷ്യന്റെ ഊർജ്ജത്തെ ഒരു ബാറ്ററിയോടാണ് അല്ലു അർജുൻ ഉപമിച്ചത്. ദിവസവും നമുക്ക് 100 ശതമാനം ചാർജ് ലഭിക്കുന്നുണ്ടെന്നും അത് എവിടെ നിക്ഷേപിക്കണം എന്നത് നമ്മുടെ തീരുമാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നൂറ് രൂപ കയ്യിലുണ്ടെങ്കിൽ അത് നമുക്ക് വേണ്ടാത്ത ഒരു കാര്യത്തിനായി ചെലവാക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. വിലപ്പെട്ട സമയവും ഊർജ്ജവും സ്നേഹിക്കുന്നവർക്കായി മാത്രം മാറ്റിവെക്കണമെന്ന് നിർദ്ദേശിച്ചു.

"നിങ്ങൾക്ക് ഒരാളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ, അവരെ വെറുക്കാനോ, ട്രോൾ ചെയ്യാനോ, അവരെക്കുറിച്ച് സംസാരിക്കാനോ നിങ്ങളുടെ സമയം കളയരുത്. നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒന്നിന് നിങ്ങളുടെ ഊർജ്ജത്തിൻ്റെ ഒരു ശതമാനം പോലും ചെലവഴിക്കരുത്. നിങ്ങളുടെ കയ്യിൽ 100 രൂപയുണ്ടെങ്കിൽ, നിങ്ങൾക്ക് വേണ്ടാത്ത ഒന്നിന് നിങ്ങൾ അത് ചിലവഴിക്കുമോ? ഇല്ല, അല്ലേ? അപ്പോൾ സന്തോഷം നൽകാത്ത കാര്യങ്ങൾക്ക് നിങ്ങളുടെ സമയവും ഊർജ്ജവും എന്തിന് കളയണം? പകരം, നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങളിൽ ആ ഊർജ്ജം നിക്ഷേപിക്കുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുക." അല്ലു അർജുന്റെ വാക്കുകൾ.

ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരാധക സംഘടനാ നേതാക്കളും അംഗങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുത്തു. മണിക്കുറുകളോളം തന്റെ ആരാധകരുമായി അല്ലു അർജുൻ സമയം ചെലവഴിച്ചു.

അറ്റ്ലി സംവിധാനംചെയ്യുന്ന രാക്കയാണ് അല്ലു അർജുന്റേതായി അണിയറയിൽ തയ്യാറെടുക്കുന്ന ചിത്രം. ഏകദേശം 700 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം നിലവിൽ ഇന്ത്യൻ സിനിമയിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. സൂപ്പർ ഹീറോ ചിത്രമായൊരുങ്ങുന്ന സിനിമയിൽ നായികയായെത്തുന്നത് ദീപിക പദുക്കോൺ ആണ്. രശ്മിക മന്ദാനയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൺ പിക്ചേഴ്സ് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുന്നത്.

Content Highlights: At the AAFA Annual Summit 2026, actor Allu Arjun launched an insurance coverage initiative for fan association members while encouraging fans to direct their energy toward positive pursuits rather than wasting it on online hate or trolling.