16 വയസുള്ളപ്പോൾ തന്നെ കാഴ്ചവെച്ചു; മുകേഷിനെതിരേ പീഡനാരോപണം ഉന്നയിച്ച നടിക്കെതിരേ ബന്ധു

#സ്വന്തം ലേഖിക
.
.

കൊച്ചി: നടൻ മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരേ ലെെം​ഗിക ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടിക്കെതിരേ യുവതി രം​ഗത്ത്. പതിനാറ് വയസുള്ളപ്പോൾ തനിക്ക് സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ചെന്നൈയിൽ കൊണ്ടുപോയി കാഴ്ച വെച്ചെന്ന് മൂവാറ്റുപുഴ സ്വദേശിയായ യുവതി. നടിയുടെ അടുത്ത ബന്ധുകൂടിയായ യുവതി കേരള- തമിഴ്നാട് മുഖ്യമന്ത്രിമാർക്കും ഡിജിപിമാർക്കും പരാതി നൽകിയിട്ടുണ്ട്. ഇതിന് മുമ്പും ഇത്തരത്തിൽ പെൺകുട്ടികളെ കൊണ്ടുപോയിട്ടുണ്ടെന്നും അവരെല്ലാം സുഖമായി ജീവിക്കുന്നുവെന്ന് നടി പറഞ്ഞെന്നും യുവതി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

2014ലാണ് സംഭവം നടന്നത്. പ്രത്യേക അന്വേഷണം സംഘം യുവതിയിൽ നിന്ന് മൊഴിയെടുക്കും. 

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് നടി യുവതിയെ ചെന്നൈയിൽ കൊണ്ടുപോവുകയായിരുന്നു. ചെന്നൈയിൽ ഓഡിഷന് എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. 

ഞാനും അമ്മയുംകൂടിയാണ് ചെന്നൈയിൽ അവരുടെ വീട്ടിൽ പോയത്. അവിടെ അവരുടെ മക്കളെ നോക്കാനെന്ന് പറഞ്ഞ് അമ്മയെ വീട്ടിൽ നിർത്തിയിട്ട് എന്നെ നന്നായി ഒരുക്കി അവർ ഓഡിഷന് എന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നു. അണ്ണാന​ഗറിൽ നിന്നും ഒരു ഹോട്ടലിലേക്കാണ് കൊണ്ടുപോയത്. അവിടെ മുറിയിൽ അഞ്ചാറ് ആണുങ്ങൾ ഉണ്ടായിരുന്നു. എനിക്ക് അവർ ഷേക്ക് ഹാന്റ്അല്ല തന്നത്. പിന്നാലെ എന്റെ മുഖത്തും മുടിയിലുമൊക്കെ തൊടുകയായിരുന്നു. ഞാൻ അവരെ തട്ടിമാറ്റി. അപ്പോഴാണ് എനിക്ക് ഓഡിഷൻ അല്ലായെന്ന് മനസിലായത്. ഞാൻ ഒ കെ ആണെന്നൊക്കെ ഇവർ തമ്മിൽ സംസാരിക്കുന്നത് കേട്ടു. പിന്നാലെ അലറിവിളിച്ച് കരഞ്ഞാണ് രക്ഷപ്പെട്ടത്.- യുവതി പറഞ്ഞു. 

എന്റെ ഏറ്റവും അടുത്ത ബന്ധുവാണ് അവർ. അതുകൊണ്ട് തന്നെ അവര് ഓഡിഷന് കൊണ്ടുപോകാമെന്ന് പറഞ്ഞതൊന്നും വിശ്വസിക്കാതിരിക്കാനായില്ല. ഈ സംഭവത്തിന് ശേഷം തിരികെ ചെന്നൈയിലെ വീട്ടിലെത്തിയതിന് പിന്നാലെ തന്നെ അമ്മയേയും കൂട്ടി തിരികെ പോരുകയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് അമ്മയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അമ്മ അവരെ ഫോൺ ചെയ്ത് കുറേ ചീത്ത പറഞ്ഞു. കുറേ കാലം ബന്ധങ്ങളൊന്നും ഇല്ലായിരുന്നു. 

ഇതിന് മുമ്പും പെൺകുട്ടികളെ കൊണ്ടുപോയിട്ടുണ്ടെന്നും അവരെല്ലാം സുഖമായി ദുബായിലും മറ്റും ജീവിക്കുന്നുവെന്നുമാണ് അവർ എന്നോട് പറഞ്ഞത്. അവരും ഇടക്ക് ദുബായിലൊക്കെ പോയി വരാറുണ്ട്. അവരുടെ ഇളയ മകളുടെ പ്രായമാണ് എനിക്ക്. അന്ന് ഇതൊന്നും ആരോടും തുറന്ന് പറയാനുള്ള ധൈര്യമുണ്ടായിരുന്നില്ല. നടൻ മുകേഷിനെതിരേയടക്കം ആരോപണം ഉന്നയിച്ചതിനാലാണ് ഇപ്പോൾ ഇക്കാര്യം തുറന്ന് പറയാൻ തയാറായത്. നടിയുടെ പശ്ചാത്തലം ഇതാണെന്ന് നാട്ടുകാർ അറിയണം. ഇന്ന് അവർ ഒന്നുമറിയാത്ത പാവത്തെ പോലെ സംസാരിക്കുന്നു. അന്ന് ഈ സംഭവത്തിന് ശേഷം ഞാൻ എത്രമാത്രം ട്രോമ നേരിട്ടിട്ടുണ്ടെന്ന് മറ്റാർക്കും അറിയില്ല.- യുവതി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

അതേസമയം യുവതിയുടെ പരാതി ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് മൊഴി രേഖപ്പെടുത്തുന്ന നടപടികളിലേക്ക് കടക്കുകയാണ് പ്രത്യേക അന്വേഷണ സംഘം

Content Highlights: allegation against junior artist who filed complaint against actor mukesh, sexual abuse case