'എന്റെ സിനിമ ഇന്നിറങ്ങിയാല്‍ ഒരിക്കലും സെന്‍സര്‍ കിട്ടില്ല'; 'ഹാല്‍' വിവാദത്തില്‍ അഖില്‍ മാരാര്‍

അഖില്‍ മാരാര്‍, ഒരു താത്വിക അവലോകനം ഒടിടി റിലീസ് പോസ്റ്റര്‍ | Photo: Facebook/ Akhil Marar
അഖില്‍ മാരാര്‍, ഒരു താത്വിക അവലോകനം ഒടിടി റിലീസ് പോസ്റ്റര്‍ | Photo: Facebook/ Akhil Marar

ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യം ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചെന്ന 'ഹാല്‍' നിര്‍മാതാക്കളുടെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ അഖില്‍ മാരാര്‍. തന്റെ സിനിമ ഇന്നിറങ്ങിയാല്‍ ഒരിക്കലും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുമായിരുന്നില്ലെന്ന് അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഖില്‍ ആദ്യമായി സംവിധാനംചെയ്ത 'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിന്റെ ഒരുഭാഗം പങ്കുവെച്ചുകൊണ്ടാണ് അഖിലിന്റെ വിമര്‍ശനം.

'പലര്‍ക്കും സിനിമ ദഹിക്കാതെ പോയത് വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാതിരുന്നതുകൊണ്ടാണ്. ജാനകി എന്ന പേരിനു സെന്‍സര്‍ നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ്, ഇപ്പോള്‍ ധ്വജപ്രണാമം, ബീഫ് ബിരിയാണി എന്നുപയോഗിച്ചത് മാറ്റണം എന്ന് പറയുമ്പോള്‍ എന്റെ സിനിമ ഇന്നിറങ്ങിയാല്‍ ഒരിക്കലും സെന്‍സര്‍ കിട്ടില്ല എന്ന് പടം കണ്ടവര്‍ക്ക് അറിയാം', അഖില്‍ കുറിച്ചു.

 
 

തന്റെ ചിത്രം പുറത്തിറങ്ങിയ സമയത്തും രാജ്യം ഭരിച്ചത് നരേന്ദ്രമോദിയും ബിജെപിയുമാണ്. എന്നാല്‍ തലയ്ക്കു ബോധം നഷ്ടപ്പെട്ട ഏതവനാണ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡില്‍ എന്നാണ് സംശയമെന്നും അഖില്‍ രൂക്ഷമായി പ്രതികരിച്ചു.

'ആരെയും ബോധപൂര്‍വം ആക്ഷേപിക്കാനല്ല, കേരളരാഷ്ട്രീയത്തിലെ രസകരമായ സംഭവങ്ങളെ സരസമായി അവതരിപ്പിക്കുക മാത്രമാണ് 'ഒരു താത്വിക അവലോകനം'. എല്ലാവര്‍ക്കും ആവശ്യത്തിനുള്ള കൊട്ട് കൊടുത്തു ശരിയുടെ പക്ഷം ചേരാനാണ് അന്നും ഇന്നും ഞാന്‍ ശ്രമിച്ചിട്ടുള്ളത്', അഖില്‍ കൂട്ടിച്ചേര്‍ത്തു.

ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, രാഖി ധരിച്ചുവരുന്ന ഭാഗം അവ്യക്തമാക്കണം, ക്രൈസ്തവ മതവികാരങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ മാറ്റംവരുത്തണം തുടങ്ങിയ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശങ്ങള്‍ ചോദ്യംചെയ്ത് 'ഹാല്‍' സിനിമയുടെ നിര്‍മാതാവും സംവിധായകനും കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിര്‍മാതാവ് ജൂബി തോമസ്, സംവിധായകന്‍ മുഹമ്മദ് റഫീഖ് (വീര) എന്നിവരാണ് ഹര്‍ജിനല്‍കിയത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ സംഭാഷണങ്ങളും നായിക മുസ്ലിം വേഷം ധരിച്ച ദൃശ്യവും ഒഴിവാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എന്‍. നഗരേഷ് കേന്ദ്രസര്‍ക്കാരിന്റെയും സെന്‍സര്‍ ബോര്‍ഡിന്റെയും വിശദീകരണം തേടി. ഷെയ്ന്‍ നിഗം ആണ് സിനിമയിലെ നായകന്‍.

നേരത്തേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകിയതിനെതിരേ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇത് പിന്നീട് പിന്‍വലിച്ചു. ഇതിനുശേഷമാണ് പത്തിലേറെ സീനുകള്‍ ഒഴിവാക്കണമെന്ന ആവശ്യം സെന്‍സര്‍ ബോര്‍ഡ് ഉന്നയിച്ചത്.

Content Highlights: Director Akhil Marar criticizes the `Haal` film censorship issues, stating his own film `Oru Thathvika Avalokanam` would never get clearance if released now