'ആവേശം അത്രയ്ക്കങ്ങോട്ട് വേണ്ട, കുറച്ച് അച്ചടക്കമാവാം'; ആരാധകന് താക്കീതുമായി അജിത്, വീഡിയോ വൈറൽ

അജിത് കുമാർ | സ്ക്രീൻ​ഗ്രാബ്
അജിത് കുമാർ | സ്ക്രീൻ​ഗ്രാബ്

നടനായും റേസിംഗ് ഡ്രൈവറായും ശ്രദ്ധേയനാണ് അജിത് കുമാർ. സ്പെയിനിലെ സർക്യൂട്ട് ഡി ബാർസലോണയിൽ അടുത്തിടെ നടന്ന റേസിംഗ് മത്സരത്തിൽ താരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. തന്നെ കാണാനായി തടിച്ചുകൂടിയ ആരാധകരിൽ ഒരാൾക്ക് അജിത്ത് താക്കീത് നൽകിയതാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഈ സംഭവത്തിന്റെ വീഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്.

സ്പെയിനിലെ റേസിംഗ് സർക്യൂട്ടിൽ അജിത്ത് എത്തിയപ്പോൾ അദ്ദേഹം തടിച്ചുകൂടിയ ആരാധകരെ നോക്കി പുഞ്ചിരിക്കുകയും കൈവീശുകയും ചെയ്തു. ഇതിനിടെ ആരോ ഒരാൾ ഉച്ചത്തിൽ വിസിലടിച്ചു. ഇതുകേട്ട അജിത്ത് ഉടൻതന്നെ ഇയാളെ രൂക്ഷമായി നോക്കുകയും മറ്റുള്ളവരെ ശല്യപ്പെടുത്തരുതെന്നും നിശബ്ദത പാലിച്ച് അച്ചടക്കം കാണിക്കണമെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ആരാധകരുടെ പെരുമാറ്റം നിയന്ത്രിച്ചതിന് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഒരു കായികതാരമെന്ന നിലയിലും പൊതുവേദിയിലെ പ്രമുഖ വ്യക്തിയെന്ന നിലയിലും പൊതുപരിപാടികളിൽ അച്ചടക്കത്തിനും മാന്യമായ പെരുമാറ്റത്തിനും അദ്ദേഹം നൽകുന്ന പ്രാധാന്യത്തിന്റെ ഓർമ്മപ്പെടുത്തലാണ് അജിത് കുമാറിന്റെ ഈ പ്രവൃത്തിയെന്നാണ് വിലയിരുത്തൽ. നിലവിൽ കൺസ്ട്രക്‌ടേഴ്‌സ് ചാമ്പ്യൻഷിപ്പിനായുള്ള പരിശീലനത്തിന് തയ്യാറെടുക്കുകയാണ് അജിത്ത്.

താൻ ഒരു പുതിയ സിനിമയിൽ ഒപ്പുവെച്ചതായി അദ്ദേഹം അടുത്തിടെ അറിയിച്ചിരുന്നു. ഇതിന്റെ എന്നാൽ ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയാണ് അജിത്ത് നായകനായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Content Highlights: Actor Ajith Kumar promotes discipline and respect at Circuit de Barcelona. Fans admire his controlled fan behavior during a racing event in Spain.