'സത്യം എപ്പോഴും നിശബ്ദമായിരിക്കും'; മയക്കുമരുന്നിന് അടിമയാണെന്ന അഭ്യൂഹങ്ങൾ തള്ളി അഫ്താബ് ശിവ്ദാസനി

#മൂവി ഡെസ്ക്
ബോളിവുഡ് താരം അഫ്താബ് ശിവ്ദാസനി | ഫോട്ടോ: AFP
ബോളിവുഡ് താരം അഫ്താബ് ശിവ്ദാസനി | ഫോട്ടോ: AFP

നിക്കെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം അഫ്താബ് ശിവ്ദാസനി. താൻ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും സിനിമാ സെറ്റുകളിൽ മോശം മനോഭാവം കാണിക്കുന്നു എന്നുമുള്ള വാർത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. സത്യം എപ്പോഴും നിശബ്ദമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ മസ്തി-4ന്റെ പ്രചാരണത്തിന്റെ ഭാഗമായി സൂമിനോട് സംസാരിക്കുകയായിരുന്നു താരം.

താൻ കേട്ടതിൽ വെച്ച് ഏറ്റവും രസകരമായ കിംവദന്തി ഇതാണ് എന്നാണ് താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തോട് അഫ്താബ് പ്രതികരിച്ചത്. ജീവിതത്തിൽ വളരെ നേരത്തെ തന്നെ താൻ ഒരു കാര്യം പഠിച്ചിട്ടുണ്ട്. സത്യത്തിന് ശബ്ദമുണ്ടാകില്ല. സത്യം എപ്പോഴും നിശ്ശബ്ദമാണ്. സത്യത്തിന് സ്വയം തെളിയിക്കേണ്ട ആവശ്യമില്ല. ആ സിദ്ധാന്തം മനസ്സിൽ വെച്ചുകൊണ്ട്, താനൊന്നും ന്യായീകരിക്കാൻ പോകുന്നില്ലെന്ന് അഫ്താബ് പറഞ്ഞു.

സത്യമല്ലാത്ത ഒന്നിനെക്കുറിച്ചോർത്ത് ഉറക്കം കളയുന്നതിൽ താൻ വിശ്വസിക്കുന്നില്ലെന്നും, അതിനാൽ തന്നെക്കുറിച്ച് ഒന്നും പരസ്യമായി പറയാൻ പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൻ്റെ സത്യം തനിക്കറിയാമെന്നും, താൻ എന്തെങ്കിലും ചെയ്താലും ഇല്ലെങ്കിലും ആളുകൾ അവർക്ക് വിശ്വസിക്കേണ്ടത് വിശ്വസിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. 2005-ൽ അഫ്താബ് മയക്കുമരുന്ന് ഉപയോഗിച്ചുവെന്നും ഒരു പബ്ബിൽ വെച്ച് അടിയുണ്ടാക്കിയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, അദ്ദേഹം അന്നുതന്നെ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

സെറ്റിൽ ജാഡ കാണിച്ചിരുന്നെങ്കിൽ സിനിമാ മേഖലയിൽ താൻ ഉണ്ടാകില്ലായിരുന്നെന്നും അഫ്താബ് പറഞ്ഞു. "ഒന്നാമതായി ഈ ഇൻഡസ്ട്രി അത്ര പെട്ടെന്നൊന്നും ക്ഷമിക്കില്ല. രണ്ടാമതായി, എനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാകുമായിരുന്നു. ഒരുപാട് പേർ എന്നെക്കുറിച്ച് മോശമായി സംസാരിക്കുമായിരുന്നു. ആളുകൾ എന്നെ ഇഷ്ടപ്പെടുന്നില്ലെങ്കിൽ പോലും, ഭാഗ്യവശാൽ അവർ വെറുക്കാത്ത തരത്തിലുള്ള ഒരു പ്രതിച്ഛായ ഞാൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കാരണം അവർക്ക് എന്നെ അത്രയധികം അറിയില്ല. അത് ഞാൻ ബോധപൂർവ്വം നിലനിർത്തിപ്പോരുന്ന ഒന്നാണ്." അദ്ദേഹം വിശദീകരിച്ചു.

ആറുവർഷത്തെ ഇടവേളയ്ക്കുശേഷം അഫ്താബ് വേഷമിടുന്ന ചിത്രമാണ് മസ്തി-4. മിലാപ് മിലൻ സാവേരി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. റിതേഷ് ദേശ്മുഖ്, വിവേക് ഒബ്‌റോയ്, ശ്രേയ ശർമ്മ, റൂഹി സിംഗ്, എൽനാസ് നൊറൂസി, തുഷാർ കപൂർ, ഷാദ് രൺധാവ, നിശാന്ത് മൽക്കാനി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. വേവ്ബാൻഡ് പ്രൊഡക്ഷൻ, സീ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ എ. ജുൻജുൻവാലയും ശിഖ കരൺ അലുവാലിയയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. നവംബർ 21-ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlights: Aftab Shivdasani Addresses Drug Rumors & Industry Reputation Ahead of Mastiii 4 Release