പ്രണയിനിയെ കാണാന്‍ അമ്പലത്തില്‍ പോയിരുന്ന പനച്ചു, ഒടുവില്‍ കൂട്ടുകാര്‍ പിടികൂടിയപ്പോള്‍

#അഡ്വ. എ.വി. വിമൽകുമാർ
Photo | Adv AV Vimal Kumar
Photo | Adv AV Vimal Kumar

പനച്ചു ... ഓർമക്കുറിപ്പ്

''ഒരു കവിത കൂടി ഞാൻ എഴുതിവെക്കാം ......
എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ ......''

1999 - 2002 കാലഘട്ടം. നിയമ പഠന ക്ലാസുകൾ തുടങ്ങിയ സമയം ഒരു മഴയത്താണ് ഇടതൂർന്ന താടിയും ജുബ്ബയും സഞ്ചിയും ഒക്കെയായി ഒരു മനുഷ്യൻ ഞങ്ങളുടെ ഇടയിലേക്ക് കടന്നു വന്നത് കവിയാണ് എന്ന് സ്വയം പരിചയപ്പെടുത്തി പേര് ചോദിച്ചപ്പോൾ പറഞ്ഞു അനിൽ....അനിൽ പനച്ചൂരാൻ. അന്നു തുടങ്ങി ഞങ്ങൾ കൂട്ടുകാരെ ക്കാൾ പ്രായത്തിൽ മൂത്തതാണെങ്കിലും അവൻ ഞങ്ങളുടെ പനച്ചുവായി.എല്ലാവരെയും അളിയാ എന്നേ വിളിക്കുമായിരുന്നുള്ളൂ. അദ്ദേഹം ഇത്ര പ്രശസ്തിയാർജ്ജിക്കുന്നതിന് മുൻപുള്ള ഒരു കാലം.

ആദ്യ കാലങ്ങളിൽ രഹസ്യമായി വച്ചിരുന്ന പ്രണയം കൂട്ടുകാർ കണ്ടുപിടിച്ചതും യാദൃശ്ചികമായിരുന്നു. പരീക്ഷ സമയം എല്ലാ ദിവസവും അമ്പലത്തിൽ മുടങ്ങാതെ പോയിരുന്ന പനച്ചുവിനെ കൂട്ടുകാർ കയ്യോടെ പിടികൂടി. പിറ്റേ ദിവസം പ്രണയിനി ഉണ്ടാക്കിയ പാൽപ്പായസവുമായിയാണ് കക്ഷിയുടെ പിന്നീടുള്ള രംഗപ്രവേശം.

നിയമ പഠന കാലത്തു തന്നെയായിരുന്നു കല്യാണവും.. ഇഷ്ട സഖിയേ കൂടെ കൂട്ടുന്ന സമയം തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന തേവലക്കര ക്ഷേത്രത്തിൽ സാക്ഷികളായത് കുറച്ച് ഇഷ്ട സുഹൃത്തുക്കൾ മാത്രമായിരുന്നു.

കോളേജിന്റെ പടവുകളിൽ ഇരുന്നു അവൻ പല കവിതകളും ചൊല്ലാറുണ്ട്. ഞങ്ങൾ കൂട്ടുകാർ അതിന്റെ താളത്തിനൊത്ത് കയ്യടിക്കുകയും ചെയ്യുമായിരുന്നു.മനസ്സിൽ നിന്നും മായാത്ത ഓർമ്മകൾ. അദ്ദേഹത്തിന്റെ പ്രശസ്തമായ വലയിൽ വീണ കിളികളാണ് ഞങ്ങൾ ഏറെച്ചൊല്ലി കേട്ടതും ...

 ഞങ്ങളുടെ മറ്റൊരു സഹപാഠിയും പ്രശസ്ത കവിയുമായ രാജേഷ് പനയന്തട്ടയുടെ കവിതാ സമാഹാരമായ മണികർണ്ണികയുടെ അവതാരിക എഴുതിയതിനു ശേഷം അദ്ദേഹം ഇങ്ങനെ പറഞ്ഞു "എന്റെ അവതാരികയല്ല നിന്റെ കവിത നിന്നെ അടയാളപ്പെടുത്തും " അതായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനത്തെ അവതാരിക.എത്രയെത്ര കവിതകൾ കേളേജിന്റെ പടവുകളിലിരുന്നു കൊണ്ട് പനച്ചു ആലപിച്ചിരിക്കുന്നു. നൂറിലേറെ സിനിമകളിലായി  നൂറ്റമ്പതിലേറെ ഗാനങ്ങൾ പനച്ചുവിനെ പ്രശസ്തനാക്കി.

"തലയറഞ്ഞു ചത്തു ഞാൻ വരും
 നിന്റെ പാട്ടുകേൾക്കുവാനുയിർ
 കൂടുവിട്ടു കൂടു പായുമെൻ
 മോഹമൊരു ഒരു കൂട്ടിലാക്കിടും " ..........

ഒരു കവിത കൂടി ഞാൻ എഴുതിവെക്കാം പ്രിയ പനച്ചു എന്റെ കരളിൽ നീ എത്തുമ്പോൾ ഓമനിക്കാൻ ....

Content Highlights : Advocate AVVimalkumar remembers Late poet Lyricist Anil Panachooran

Content Highlights: