ആദിപുരുഷിന്റെ ഹൈ ക്വാളിറ്റി പ്രിന്റ് യൂട്യൂബിൽ ചോർന്നു; 2 മില്ല്യൺ വ്യൂസ് കടന്നു, അപ്രത്യക്ഷമായി

രാമായണകഥയെ അടിസ്ഥാനമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിനെ വിവാദങ്ങളും വിമർശനങ്ങളും ആശയക്കുഴപ്പങ്ങളും വിട്ടുമാറുന്ന ലക്ഷണമില്ല. ഓ.ടി.ടി. റിലീസ് പോലും തീരുമാനമാവാത്ത ചിത്രത്തിന്റെ ഉയർന്ന ക്വാളിറ്റി പ്രിന്റ് യൂട്യൂബിലൂടെ ചോർന്നതാണ് ഏറ്റവും പുതിയ വാർത്ത. കുറഞ്ഞസമയം കൊണ്ടുതന്നെ രണ്ട് മില്ല്യണോളം വ്യൂസ് ലഭിച്ച ഈ ലിങ്ക് യൂട്യൂബിൽ നിന്ന് നീക്കം ചെയ്യപ്പെടുകയുമുണ്ടായി.
പ്രഭാസ്, കൃതി സനോൺ, സെയ്ഫ് അലി ഖാൻ എന്നിവരാണ് ആദിപുരുഷിൽ യഥാക്രമം ശ്രീരാമൻ, സീത, രാവണൻ എന്നിവരായെത്തിയത്. ആദ്യ രണ്ട് ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയതെങ്കിലും നല്ല കളക്ഷൻ നേടാൻ ചിത്രത്തിനായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ വഷളാവുകയായിരുന്നു. കാര്യമായ റിലീസുകൾ അടുത്തൊന്നും ഉണ്ടായിട്ടില്ലെങ്കിലും തിയേറ്ററിൽ നിന്ന് പുറത്താവുന്ന അവസ്ഥയാണ് ചിത്രം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊപ്പമാണിപ്പോൾ സിനിമയുടെ എച്ച്.ഡി. പതിപ്പ് യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടത്.
അതേസമയം ആദ്യത്തെ ലിങ്ക് അപ്രത്യക്ഷമായതിന് പിന്നാലെ വിവിധ ക്വാളിറ്റിയിലും ദൈർഘ്യത്തിലുമുള്ള ഒന്നിലേറെ പതിപ്പുകൾ യൂട്യൂബിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. അപ് ലോഡ് ആയി മിനിറ്റുകൾക്കകം മൂന്ന് ലക്ഷത്തിലേറെ കാഴ്ചക്കാരെയാണ് ഈ വീഡിയോകൾ സമ്പാദിച്ചത്. ചിത്രത്തിലെ ഗ്രാഫിക്സിന്റെയും ചില കഥാപാത്രങ്ങളുടെ മോശം സംഭാഷണത്തിന്റെ പേരിലും റിലീസ് ദിവസം തന്നെ ചിത്രത്തിന് സോഷ്യൽമീഡിയയിലൂടെ രൂക്ഷവിമർശനം നേരിടേണ്ടിവന്നിരുന്നു. ഈ സംഭാഷണങ്ങളെ ചിത്രത്തിന്റെ സംഭാഷണരചയിതാവായ മനോജ് മുന്താഷിർ ന്യായീകരിച്ചതോടെ സ്ഥിതി വീണ്ടും വഷളായി.
കഴിഞ്ഞദിവസം സംഭവിച്ചതിനെല്ലാം മാപ്പുചോദിക്കുന്നുവെന്ന് ട്വിറ്ററിലൂടെ മനോജ് മുന്താഷിർ അറിയിച്ചിരുന്നു. സണ്ണി സിംഗ് നിജ്ജർ ആണ് ചിത്രത്തിൽ ലക്ഷ്മണനായെത്തിയത്. ദേവ്ദത്ത് നാഗേ ഹനുമാന്റെ വേഷവും അവതരിപ്പിച്ചു. 500 കോടി ചെലവിൽ നിർമിച്ച ചിത്രം ഏറ്റവുമുയർന്ന മുതൽമുടക്കുള്ള ഇന്ത്യൻ ചിത്രമാണ്. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിച്ചത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം.
Content Highlights: adipurush movie high quality print leaked in youtube now unavailable, adipurush movie update