പതിനൊന്നാം ദിനം വെറും 1.75 കോടി; തിയേറ്ററില്‍ കിതച്ച് 'ആദിപുരുഷ്'

ആദിപുരുഷ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/tseriesfilms
ആദിപുരുഷ് സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/tseriesfilms

റിലീസ് ചെയ്ത് ആദ്യദിനങ്ങളിലെ കുതിപ്പിനൊടുവില്‍ പ്രഭാസ് ചിത്രം 'ആദിപുരുഷ്' ബോക്‌സോഫീസില്‍ കിതയ്ക്കുന്നു. റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോള്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍നിന്ന് 'ആദിപുരുഷി'ന് നേടാനായത് വെറും 1.75 കോടിയാണെന്ന് ട്രെയ്ഡ് അനലിസ്റ്റുകള്‍ പറയുന്നു. ഇന്ത്യയില്‍നിന്ന് ആകെ 277.50 കോടി രൂപയാണ് വരുമാനം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നടക്കം ലോകവ്യാപകമായി 450 കോടിയാണ് നേടിയിരിക്കുന്നത്. 500 കോടിരൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

'ആദിപുരുഷ്' ആദ്യത്തെ രണ്ട് ദിനങ്ങളില്‍ തന്നെ 200 കോടി ക്ലബ്ബില്‍ കടന്നിരുന്നു. ലോകമെമ്പാടും 240 കോടിയാണ് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത്. ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് രണ്ടാംദിനം ആഗോളതലത്തില്‍ നേടിയത് 100 കോടി രൂപയാണ്. ആദ്യദിനം 140 കോടിയും.  എന്നാല്‍ മൂന്നാം ദിനത്തിലും നാലാം ദിനത്തിലും കളക്ഷനില്‍ കാര്യമായ ഇടിവുണ്ടായി. 

ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ വിമര്‍ശനം നേരിട്ടതും നെഗറ്റീവ് റിവ്യൂകളും വി.എഫ്.എക്‌സിന്റെ പേരിലുള്ള ട്രോളുകളും കളക്ഷനെ ബാധിച്ചുവെന്നാണ് നിഗമനം. തുടര്‍ന്ന് ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറക്കുകയും ചെയ്തു. അതൊന്നും പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിച്ചില്ല എന്നതിന് തെളിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.  

രാമായണം പ്രമേയമാകുന്ന ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി വേഷമിട്ടിരിക്കുന്നത് സെയ്ഫ് അലിഖാനാണ്. കൃതി സനോണ്‍, സെയ്ഫ് അലിഖാന്‍, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരാണ് ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന ത്രീഡി ചിത്രം. 

Content Highlights: adipurush box office collection, prabhas, saif ali khan, kriti sanon, Om Raut