രാഷ്ട്രീയ നേതാവിന്റെ മകനുമായി ചേർത്ത് വീരപ്പന്റെ അധിക്ഷേപം; നടി സുകന്യക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ചെന്നൈ: നടി ആർ. സുകന്യക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സൺ ടിവി നെറ്റ് വർക്കിനോട് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. 30 വർഷം മുമ്പ് സംപ്രേഷണം ചെയ്ത അഭിമുഖവുമായി ബന്ധപ്പെട്ട കേസിലാണ് നിർദേശം. 1996-ൽ മാധ്യമപ്രവർത്തകൻ നക്കീരൻ ആർ. ഗോപാൽ വീരപ്പനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അധിക്ഷേപ പരാമർശം.
ഒരു രാഷ്ട്രീയ നേതാവിനെ ബന്ധുവിനെ നടിയുമായി ബന്ധപ്പെടുത്തി അഭിമുഖത്തിൽ വീരപ്പൻ അധിക്ഷേപ പരാമർശം നടത്തിയിരുന്നു. പിന്നാലെ, അഭിമുഖത്തിലെ പരാമർശം തനിക്ക് മാനഹാനിവരുത്തിയെന്ന് ആരോപിച്ച് നടി സിവിൽ കോടതിയെ സമീപിച്ചു. 10,00,500 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി. സൺ ടിവി, ഗോപാൽ, വീരപ്പൻ എന്നിവരായിരുന്നു എതിർകക്ഷികൾ.
സുകന്യയുടെ ഹർജി സൺ ടിവി എതിർത്തു. ആരേയും അധിക്ഷേപിക്കുക തങ്ങളുടെ ഉദ്ദേശമല്ലെന്ന് സൺ ടിവി വാദിച്ചു. അഭിമുഖത്തിലെ അഭിപ്രായപ്രകടനങ്ങൾ വീരപ്പന്റേത് മാത്രമാണെന്നും തങ്ങൾക്ക് അതിൽ ഉത്തരവാദിത്തമില്ലെന്നും പ്രക്ഷേപണത്തിന് മുമ്പ് വിശദീകരിച്ചിരുന്നതായി സൺ ടിവി കോടതിയിൽ അവകാശപ്പെട്ടു. പരാമർശം ശ്രദ്ധയിൽപ്പെട്ടയുടനെ ഖേദം പ്രകടിപ്പിച്ചുവെന്നും അഭിമുഖം പുനഃപ്രക്ഷേപണം ചെയ്തില്ലെന്നും സൺ ടിവി വാദിച്ചു.
നടിയെ അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഗോപാലും കോടതിയെ അറിയിച്ചു. കരാർ പ്രകാരം സൺ ടിവിക്കായിരുന്നു എഡിറ്റ് ചെയ്യാനുള്ള അവകാശം. എന്നാൽ, ഇരുവരുടേയും വാദങ്ങൾ കോടതി തള്ളി. സൺ ടിവിക്ക് അപകീർത്തികരമായ ഉള്ളടക്കത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും കമ്പനിയുടെ ചെയ്തി ദുരുദ്ദേശപരമാണെന്നും കോടതി നിരീക്ഷിച്ചു. കരാർ പ്രകാരം അഭിമുഖം എഡിറ്റ് ചെയ്യാനുള്ള അവകാശം സൺ ടിവിക്ക് ഉണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവിനെതിരേ സൺ ടിവി ഹൈക്കോടതിയെ സമീപിച്ചു. കീഴ് കോടതിയുടെ ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്.
Content Highlights: Madras High Court orders Sun TV to pay 30 lakh compensation to actress Sukanya. Case stems from a 1996 interview of Veerappan by Nakkeeran R. Gopal. Court rejected Sun TV's defense regarding editorial responsibility. The defamatory remarks involved false allegations regarding the actress and a political leader's family