ഈ പാട്ട് ഇത്രയും മനോഹരമാണെന്ന് മനസിലാക്കാൻ 25 വർഷം വേണ്ടിവന്നു -ശോഭന

നടി ശോഭന അവതരിപ്പിച്ചതിൽ ഏറ്റവും മികച്ച കഥാപാത്രം ഏതെന്ന് ചോദിച്ചാൽ മണിച്ചിത്രത്താഴിലെ നാഗവല്ലിയാണെന്നായിരിക്കും മിക്കവരുടേയും ഉത്തരം. സിനിമയിറങ്ങി 25 വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ഈ സിനിമയും ഗാനങ്ങളും തമാശരംഗങ്ങളുമെല്ലാം പ്രേക്ഷകരുടെ മനസിൽ മായാതെ നിൽക്കുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ ഇഷ്ടഗാനത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ശോഭന.
വരുവാനില്ലാരുമീ എന്ന ഗാനത്തേക്കുറിച്ചാണ് ശോഭന ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞത്. മണിച്ചിത്രത്താഴിലെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം ഇതുവരെ ഒരു മുറൈ വന്തു പാർത്തായായും അതുകഴിഞ്ഞാൽ പഴംതമിഴ് പാട്ടുമാണെന്നും അവർ പറഞ്ഞു എന്നാൽ സിനിമ ഈയിടെ വീണ്ടും കണ്ടതോടെ 'വരുവാനില്ലാരുമീ' എന്ന ഗാനത്തിൽ മയങ്ങിപ്പോയെന്നും ശോഭന കുറിച്ചു.
''വരുവാനില്ലാരുമീ...അത്രയും മനോഹരമായ വരികൾ. ഈയിടെ ചിത്രം കണ്ടപ്പോഴാണ് ഈ പാട്ട് ഇത്ര മനോഹരമാണെന്ന് മനസിലാക്കിയത്. 25 വർഷങ്ങൾക്കു മുൻപ് ക്ലൈമാക്സ് ഗാനമായ ഒരു മുറൈ വന്തു പാർത്തായയും അതു കഴിഞ്ഞാൽ പഴംതമിഴ് പാട്ടുമായിരുന്നു എൻറെ പ്രിയ ഗാനങ്ങൾ. ഈ മനോഹര ഗാനത്തെ ഞാൻ ഇപ്പോൾ മാത്രമാണ് അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും, പ്രേക്ഷകർ വളരെ മുമ്പുതന്നെ അതിൻറെ സംഗീതമൂല്യം മനസ്സിലാക്കിയിട്ടുണ്ട്. ചിത്രാജിയുടെ എത്ര ശ്രദ്ധേയമായ ആലാപനം ..എം ജി രാധാകൃഷ്ണൻ ചേട്ടനെ ഓർക്കുന്നു.. ശ്രീ മധു മുട്ടം വളരെ മനോഹരമായി എഴുതിയിരിക്കുന്നു'' ശോഭന ഇൻസ്റ്റഗ്രാമിൽ എഴുതി.
മധുമുട്ടത്തിന്റെ തിരക്കഥയിൽ ഫാസിൽ സംവിധാനം ചെയ്ത് 1993-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മലയാളത്തിലെ ക്ലാസിക് സൈക്കോളജിക്കൽ ത്രില്ലറായാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മോഹൻലാൽ, സുരേഷ് ഗോപി, കന്നഡ നടൻ ശ്രീധർ, സുധീഷ്, ഇന്നസെന്റ്, നെടുമുടി വേണു, തിലകൻ, കുതിരവട്ടം പപ്പു, ഗണേഷ്, കെ.പി.എസി.ലളിത, വിനയപ്രസാദ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിനായി പ്രവർത്തിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു.
Content Highlights: actress shobana about songs in manichithrathazhu, varuvanillarumee song, ks chithra songs