നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, മകൾ ആശുപത്രിയിൽ

അപകടത്തിൽപ്പെട്ട രംഭയുടെ കാർ, രംഭ | ഫോട്ടോ: www.instagram.com/rambhaindran_/, മാതൃഭൂമി
അപകടത്തിൽപ്പെട്ട രംഭയുടെ കാർ, രംഭ | ഫോട്ടോ: www.instagram.com/rambhaindran_/, മാതൃഭൂമി

നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാനഡയിൽ വച്ചാണ് സംഭവം. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മകൾ സാഷയ്ക്ക് അൽപം പരിക്കുണ്ട്. ആശുപത്രിയിൽ കഴിയുന്ന സാഷയുടെ ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചായിരുന്നു രംഭ ഈ വിവരം അറിയിച്ചത്.

തകർന്ന കാറിന്റെ ചിത്രത്തോടൊപ്പമാണ് അപകടവിവരം രംഭ പറഞ്ഞത്. സ്കൂളിൽ നിന്നും കുട്ടികളെ തിരിച്ചുകൊണ്ടുപോകുന്ന വഴി തങ്ങളുടെ കാറിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. മക്കളും മുത്തശ്ശിയുമാണ് കാറിൽ ഒപ്പമുണ്ടായിരുന്നത്. എല്ലാവരും നിസ്സാര പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്. എന്നാൽ കുഞ്ഞുസാഷ ഇപ്പോഴും ആശുപത്രിയിലാണെന്നും രംഭ പോസ്റ്റ് ചെയ്തു.

മോശം സമയം, മോശം ദിവസം എന്നും രംഭ എഴുതിയിട്ടുണ്ട്. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിപേരാണ് നടിക്ക് ആശ്വാസവാക്കുകളുമായി എത്തിയത്. ‘‘നീയും കുട്ടികളും സുരക്ഷിതരാണെന്നറിഞ്ഞതില്‍ ആശ്വാസമുണ്ട്. ശക്തയായി ഇരിക്കൂ എന്നായിരുന്നു’’ നടി രാധിക ശരത്കുമാറിന്റെ കമന്റ്. ‘‘ഞങ്ങളുടെ പ്രാര്‍ത്ഥന നിങ്ങളുടെ കുടുംബത്തിനൊപ്പമുണ്ട്. സാഷയ്ക്കും പെട്ടെന്ന് ഭേദമാവും, ഭയപ്പെടാനൊന്നുമില്ലെന്ന് നടി സ്നേഹയും പ്രതികരിച്ചു. നടിമാരായ പായൽ രജ്പുത്, സം​ഗീത വിജയകുമാർ എന്നിവരും താരത്തെ സമാധാനിപ്പിക്കുന്നുണ്ട്.

2011ലായിരുന്നു രംഭയും ഇന്ദ്രകുമാറും വിവാഹിതരാകുന്നത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണ് രംഭയ്ക്ക്.

Content Highlights: actress rambha's car met with an accident daughter in hospital, rambha instagram