നടി പൂനം ധില്ലന് ഡെങ്കിപ്പനി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു, സുഖം പ്രാപിക്കുന്നെന്ന് റിപ്പോർട്ട്

#മൂവി ഡെസ്ക്
പൂനം ധില്ലൻ | ഫോട്ടോ: Getty Images
പൂനം ധില്ലൻ | ഫോട്ടോ: Getty Images

പ്രമുഖ ബോളിവുഡ് നടിയും സിന്റ (Cine and TV Artistes Association - CINTAA) പ്രസിഡന്റുമായ പൂനം ധില്ലനെ ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിന്റയ്ക്കുള്ളിൽ കടുത്ത നേതൃത്വ തർക്കങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് പൂനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന വാർത്ത പുറത്തുവരുന്നത്. നിലവിൽ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന താരം രോഗമുക്തി നേടിവരികയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മുതിർന്ന മാധ്യമപ്രവർത്തകനായ വിക്കി ലാൽവാനിയാണ് പൂനം ധില്ലന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. പൂനം ഏതാനും ദിവസങ്ങളായി ആശുപത്രിയിലാണെന്നും, താൻ അവരുമായി ബന്ധപ്പെട്ടപ്പോൾ താരം സുഖം പ്രാപിച്ചുവരുന്നതായി വ്യക്തമാക്കിയെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. താരത്തിന്റെ ദ്രുതഗതിയിലുള്ള സുഖം പ്രാപിക്കലിനായി പ്രാർത്ഥിച്ചുകൊണ്ട് ആരാധകരും സഹപ്രവർത്തകരും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

‘സിന്റ’യിലെ തർക്കം

പൂനം ധില്ലൻ പ്രസിഡന്റായി ചുമതലയിലിരിക്കുന്ന സിന്റയിൽ വലിയ രീതിയിലുള്ള നേതൃത്വ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സംഘടനയുടെ ജനറൽ സെക്രട്ടറിയായ ഉപാസന സിങ്, പ്രസിഡന്റ് പൂനം ധില്ലനും വൈസ് പ്രസിഡന്റ് പത്മിനി കോലാപുരെയ്ക്കുമെതിരെ കടുത്ത ഏകാധിപത്യ ആരോപണങ്ങളുമായി രംഗത്തെത്തി. തങ്ങളുടെ വരുതിക്ക് നിൽക്കാത്തവരോട് ഇവർ കടുത്ത നിലപാടുകളാണ് സ്വീകരിക്കുന്നത് എന്നാണ് ഉപാസന ആരോപിക്കുന്നത്.

ഈ തർക്കത്തെ തുടർന്ന് സിന്റ കമ്മിറ്റിയിൽ നിന്നും പതിനൊന്ന് അംഗങ്ങൾ രാജിവെച്ചതായി ഉപാസന സിങ് വ്യക്തമാക്കി. നേതാക്കൾ പറയുന്നത് അനുകൂലിക്കാത്തവർക്കെതിരെ കാരണംകാണിക്കൽ നോട്ടീസ് അയക്കുന്നത് പൂനം ധില്ലന്റെയും പത്മിനി കോലാപുരെയുടെയും പതിവ് വിനോദമാണെന്ന് ഉപാസന ഒരു പോഡ്കാസ്റ്റിലൂടെ ആരോപിച്ചിരുന്നു.

എന്നാൽ ഇത്തരം ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ പൂനം ധില്ലൻ, ചെളിവാരിയെറിയാൻ തനിക്ക് താല്പര്യമില്ലെന്നും ഇത്തരം കാര്യങ്ങൾ വളരെ നിലവാരമില്ലാത്തതാണെന്നുമാണ് പ്രതികരിച്ചത്. അർഹിച്ചതിലും കൂടുതൽ പ്രാധാന്യം ലഭിക്കാൻ ആഗ്രഹിച്ച വ്യക്തിയുടെ നിരാശയിൽ നിന്നാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടാകുന്നതെന്നും പൂനം കൂട്ടിച്ചേർത്തു.

നിലവിൽ, തർക്കത്തെ തുടർന്ന് രാജിവെച്ച അംഗങ്ങളും ഉപാസന സിങ്ങും പുതിയതും സുതാര്യവുമായ തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് സിന്റയുടെ മാതൃ സംഘടനയായ എഫ്.ഡബ്ല്യു.ഐ.സി.ഇ (FWICE), രജിസ്ട്രാർ എന്നിവരെ സമീപിച്ചിരിക്കുകയാണ്.

Content Highlights: Senior Bollywood actress and CINTAA President Poonam Dhillon has been hospitalized at Lilavati Hospital in Mumbai due to dengue, amidst an intense ongoing leadership row within the actors' body.