വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് പോസ്റ്റ്; നടി ഓവിയയ്ക്കെതിരെ സൈബർ ആക്രമണവുമായി വിജയ് ആരാധകർ

നടി ഓവിയ | സ്ക്രീൻ​ഗ്രാബ്
നടി ഓവിയ | സ്ക്രീൻ​ഗ്രാബ്

നടി ഓവിയയ്ക്കെതിരെ സൈബർ ആക്രണവുമായി വിജയ് ആരാധകർ. കരൂരിൽ വിജയ് നയിച്ച ടിവികെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 39 പേർ മരിക്കാനിടയായ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയതിനാണ് നടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നത്. ദുരന്തമുണ്ടായതിനുപിന്നാലെ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് ഓവിയ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് സൈബർ ആക്രമണത്തിന് കാരണം.

ഇൻസ്റ്റാഗ്രാം സ്‌റ്റോറിയിൽ ‘അറസ്റ്റ് വിജയ്’ എന്ന് എഴുതിയാണ് ഓവിയ കരൂർ ദുരന്തത്തിലെ പ്രതികരണം അറിയിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം അവർ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. തുടർന്ന് ഒരു ഉദ്ധരണി താരം പോസ്റ്റ് ചെയ്തു. ‘ജ്ഞാനികൾക്ക് ജീവിതം ഒരു സ്വപ്നമാണ്, വിഡ്ഢികൾക്ക് ജീവിതം കളിയാണ്, ധനികർക്ക് അതൊരു തമാശയാണ്, എന്നാൽ പാവപ്പെട്ടവനാവട്ടെ ദുരന്തവും’ എന്നാണ് ഓവിയ പങ്കുവെച്ച പോസ്റ്റിലുള്ളത്. ഇത് ഇപ്പോഴും അവരുടെ സ്റ്റോറിയായുണ്ട്. ഇതിനിടെ ഓവിയ ആദ്യം പോസ്റ്റ് ചെയ്ത സ്റ്റോറിയുടെ സ്ക്രീൻഷോട്ടുകൾ എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചു.

ഓവിയക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് വി‍ജയ്‌യുടെ ആരാധകർ നടത്തുന്നത്. തെറി വാക്കുകൾ അടങ്ങിയ കമന്റുകളുടെ സ്ക്രീൻഷോട്ട് ഓവിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു.

ഓവിയയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി

സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെ വൻ ദുരന്തമുണ്ടായി. സംഭവത്തിൽ വിജയ്ക്കെതിരേ കേസെടുത്തേക്കും. മരിച്ചവരില്‍ ഒരു ഒന്നര വയസുകാരനും രണ്ട് ഗര്‍ഭിണികളും ഉണ്ടെന്നാണ് വിവരം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് അപകടത്തിന് കാരണമായത്.

Content Highlights: Actress Oviya is under cyber attack by Vijay fans after she questioned his arrest following a stampede at his rally that killed 39 people. She shared screenshots of abusive comments.