'അനുവാദമില്ലാതെ അരക്കെട്ടിൽ പിടിച്ചു; അധിക്ഷേപിച്ചു, അപമാനിക്കപ്പെട്ടു;' വെളിപ്പെടുത്തലുമായി നടി

ഹരിയാണയിൽ ഒരു വിവാഹപരിപാടിക്കിടെ തനിക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി മൗനി റോയ്. തന്റെ മുത്തച്ഛന്മാരാവാൻ പ്രായമുള്ള ആളുകളിൽനിന്നുണ്ടായ മോശം പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്ന് നടി സാമൂഹികമാധ്യമ പോസ്റ്റിൽ ആരോപിച്ചു. അനുവാദമില്ലാതെ അരക്കെട്ടിൽ കയറിപ്പിടിച്ചുവെന്ന് നടി ആരോപിച്ചു. കൈയെടുക്കാൻ അഭ്യർഥിച്ചപ്പോൾ നീരസം പ്രകടിപ്പിച്ചു. വേദിയിലെ പ്രകടനത്തിനിടെ രണ്ടുപേർ അസഭ്യം പറയുകയും ആംഗ്യങ്ങൾ കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അനുവാദമില്ലാതെ ലോ ആംഗിളിൽ ചിത്രങ്ങൾ പകർത്തിയെന്നും നടി ആരോപിച്ചു. ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായില്ലെന്നും മൗനി റോയ് ആരോപിച്ചു.
'കഴിഞ്ഞ ദിവസം കർണാലിലെ ഒരു പരിപാടിയിൽ അതിഥികളുടെ, പ്രത്യേകിച്ച് എന്റെ മുത്തച്ഛന്റെ പ്രായമുള്ള രണ്ടുപേരുടെ പെരുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. പരിപാടി തുടങ്ങിയപ്പോൾ ഞാൻ വേദിയിലേക്ക് നടക്കവെ അമ്മാവന്മാരും മുഴുവൻ പുരുഷന്മാരടങ്ങുന്ന ആ കുടുംബവും എന്റെ അരക്കെട്ടിയിൽ കൈവെച്ച് ചിത്രമെടുത്തു. 'സർ, ദയവായി കൈയെടുക്കൂ', എന്ന് ഞാൻ പറഞ്ഞപ്പോൾ അത് ഇഷ്ടമായില്ല', നടി കുറിച്ചു.
'അതിനേക്കാൾ വലുതായിരുന്നു വേദിയിൽ. രണ്ടു അമ്മാവന്മാർ മുന്നിൽനിന്ന് മോശം കമന്റടിച്ചു. അസഭ്യ ആംഗ്യങ്ങൾ കാണിക്കുകയും പേര് വിളിച്ചു അധിക്ഷേപിക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ, ചെയ്യരുതെന്ന് അവരോട് വിനീതമായി പറഞ്ഞശേഷം അവർ എനിക്കുനേരെ റോസാപ്പൂക്കൾ എറിയാൻ തുടങ്ങി. അപ്പോൾ ഞാൻ പ്രകടനത്തിനിടയിൽ സ്റ്റേജിന്റെ പുറത്തേക്ക് നടന്നെങ്കിലും പരിപാടി പൂർത്തിയാക്കാൻവേണ്ടി മാത്രം തിരിച്ചുവന്നു. എന്നിട്ടും അവർ തങ്ങളുടെ ചെയ്തി അവസാനിപ്പിക്കുകയോ അവരുടെ കുടുംബമോ സംഘാടകരോ അവരെ മാറ്റുകയോ ചെയ്തില്ല', മൗനി റോയ് ചൂണ്ടിക്കാട്ടി.
'എന്നപ്പോലെ ഒരാൾക്ക് ഇതാണ് അനുഭവമെങ്കിൽ, പുതുതായി വരുന്ന പെൺകുട്ടികൾക്ക് എന്തൊക്കെ നേരിടേണ്ടിവരുന്നുവെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയുന്നില്ല. ഞാൻ അപമാനിക്കപ്പെട്ടു, ഞെട്ടിപ്പോയി. അസഹനീയമായ ഈ പെരുമാറ്റത്തിനെതിരേ അധികൃതർ നടപടിയെടുക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കൈവശമുള്ള സർഗാത്മകത വഴി സത്യസന്ധമായ ജീവിതം നയിക്കാൻ ശ്രമിക്കുന്ന കലാകാരന്മാരാണ് ഞങ്ങൾ. നിങ്ങളുടെ പെൺമക്കളോടോ സഹോദരിമാരോടോ കുടുംബാംഗങ്ങളോടോ നിങ്ങളുടെ സുഹൃത്തുക്കൾ ഇങ്ങനെ പെരുമാറിയാൽ എന്തുചെയ്യുമെന്നായിരുന്നു ഞാൻ ആലോചിച്ചത്, നാണക്കേട്!', അവർ കൂട്ടിച്ചേർത്തു.
'സ്‌റ്റേജ് വളരേ ഉയരത്തിലായിരുന്നുവെന്നും ഈ അമ്മാവന്മാർ ലോ ആംഗിളിൽ വീഡിയോ എടുക്കുകയായിരുന്നു എന്നും എടുത്തുപറയണം. നിർത്താൻ ആവശ്യപ്പെട്ടപ്പോൾ അവർ അസഭ്യം പറഞ്ഞു. ഞാൻ എന്റെ രാജ്യത്തേയും ജനങ്ങളേയും പാരമ്പര്യത്തേയും ബഹുമാനിക്കുന്നു. പക്ഷേ, ഇത്?... അവരുടെ ധൈര്യം... സാധാരണ ഞാൻ കടന്നുപോകുന്ന നെഗറ്റീവുകൾ ഞാൻ പങ്കുവെക്കാറില്ല. പക്ഷേ, ഇത്. എനിക്ക് വാക്കുകളില്ല. ഈ പെരുമാറ്റത്തിന് ഒരു വിശദീകരണമോ അധിക്ഷേപമോ എന്റെ കൈവശമില്ല. നടീനടന്മാർ എന്ന നിലയിൽ വധൂവരന്മാർക്ക് ആശംസകൾ നേരാനും അവരുടെ ആഘോഷങ്ങളിൽ പങ്കുചേരാനും വേണ്ടിയാണ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നത്. ഞങ്ങൾ അവരുടെ അതിഥികളാണ്, എന്നിട്ടും അവർ ഇങ്ങനെ ഉപദ്രവിക്കുന്നു. വെറുപ്പുളവാക്കുന്നതായിരിക്കുന്നു', മൗനി റോയ് കുറിച്ചു.
Content Highlights: Mouni Roy Calls Out "Traumatizing" Harassment On Stage At Haryana Event: "Disgusted And Humiliated"