മൂർച്ചയേറിയ സൃഷ്ടി, മലയാളത്തിൽനിന്ന് ഉയർന്നുവന്ന രത്നം, ആദിശേഷന്റെ നോട്ടം ഹൃദയത്തിൽ തറച്ചു-ജ്യോതിക

#മൂവി ഡെസ്ക്
ജ്യോതിക, ബാലൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Instagram, X
ജ്യോതിക, ബാലൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Instagram, X

ചിദംബരം സംവിധാനം ചെയ്ത ബാലൻ എന്ന ചിത്രത്തേയും താരങ്ങളേയും അണിയറപ്രവർത്തകരേയും അഭിനന്ദിച്ച് നടി ജ്യോതിക. ചിദംബരം ഒരുക്കിയ ചിത്രത്തെ അതിഗംഭീരമെന്നാണ് അവർ വിശേഷിപ്പിച്ചത്. ജിത്തു മാധവന്റെ എഴുത്ത്, നായിക ഫർസാന, ആദിശേഷൻ, ഡോളി ജൂൺ, ടൊവിനോ തോമസ് എന്നിവരുടെ പ്രകടനങ്ങളേയും ജ്യോതിക എടുത്തുപറഞ്ഞു. സംഗീത സംവിധായകൻ സുഷിൻ ശ്യാം, ഛായാഗ്രാഹകൻ ഷൈജു ഖാലിദ് എന്നിവർക്കും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ജ്യോതിക പരാമർശിച്ചു. സൂര്യക്കൊപ്പം സംവിധായകൻ ചിദംബരത്തെ നേരിട്ടുകണ്ടതിന്റെ ചിത്രത്തോടൊപ്പമാണ് ജ്യോതികയുടെ കുറിപ്പ്.

ജ്യോതികയുടെ കുറിപ്പ് ഇങ്ങനെ

ചിദംബരം ഒരുക്കിയ ബാലൻ-ദ ബോയ് എന്ന ചിത്രത്തെ അതിഗംഭീരമെന്നേ വിശേഷിപ്പിക്കാനാകൂ. സഹാനുഭൂതി, നിഗൂഢത, നിഷ്കളങ്കത, ക്രിമിനൽ പ്രവണത എന്നിവയെല്ലാം സമന്വയിപ്പിച്ച്, കാണികളെ ആകാംക്ഷയിലും അത്ഭുതത്തിലും നിർത്തുന്ന ജീത്തു മാധവന്റെ തിരക്കഥയും ബാലൻ എന്ന ഈ ചിത്രത്തെ ഒരു മാസ്റ്റർപീസാക്കി മാറ്റി.

സ്ത്രീത്വത്തിന്റെ ശക്തമായ പ്രതിരൂപമായി ഫർസാന വെള്ളിത്തിരയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചു. ആദിശേഷന്റെ കണ്ണുകളിലെ നിഷ്കളങ്കതയും ആഴവും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് തുളഞ്ഞുകയറുന്നു. ധൈര്യശാലിയായ ഡോളി ജൂൺ എന്ന കഥാപാത്രത്തെയും പ്രത്യേകം പറയേണ്ടതാണ്. എത്ര പുതുമയുള്ള കഥാപാത്രസൃഷ്ടിയും ധൈര്യം നിറഞ്ഞ പ്രകടനവുമാണത്. സ്വന്തം താരമൂല്യത്തിന്റെ എല്ലാ അംശങ്ങളെയും ഉപേക്ഷിച്ച് ടൊവിനോ തോമസ് തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് കാഴ്ചവെച്ചിരിക്കുന്നത്. സുഷിൻ ശ്യാമിന്റെ സംഗീതം ആദ്യ പകുതിയിൽ നമ്മെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും, രണ്ടാം പകുതിയിൽ വൈകാരികമാക്കുകയും ചെയ്യുന്നു. ഷൈജു ഖാലിദിന്റെ ക്യാമറ വർക്കിൽ കവിതാത്മകമായ ക്ലോസപ്പുകളും ചിത്രങ്ങൾപോലെ മനോഹരമായ ഫ്രെയിമുകളുമുണ്ട്. ഇത് തികച്ചും ഒരു ദൃശ്യവിരുന്ന് തന്നെ.

ഈ വലിയ ദുഷ്ട ലോകത്തിൽ നഷ്ടപ്പെടുന്ന നിഷ്കളങ്കതയുടെയും മാതൃത്വത്തിന്റെയും കഥ പറയുന്ന ഈ ചിത്രം തിയേറ്ററുകളിൽ നഷ്ടപ്പെടുത്തരുത്! മൂർച്ചയേറിയ, ബുദ്ധിപരമായ സൃഷ്ടിയാണ് ബാലൻ. മലയാള സിനിമാ ലോകത്തിൽ നിന്ന് വീണ്ടും ഒരു രത്നം ഉയർന്നു വരുന്നു. ഇന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ കണ്ടുമുട്ടിയതിൽ അതിയായ സന്തോഷം.

ബാലൻ എന്ന സിനിമയെക്കുറിച്ച്

മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർഹിറ്റിനുശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് ബാലൻ. അഞ്ച് വയസ്സുകാരനായ ഒരു ബാലന്റെയും അവന്റെ അമ്മയുടെയും കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി സിനിമയെന്നതിനേക്കാൾ കൂടുതലായി, സുരക്ഷിതത്വത്തിനായുള്ള ഒരു അമ്മയുടെയും മകന്റെയും നിരന്തരമായ അന്വേഷണമാണ് കാണിക്കുന്നത്.

മുഹമ്മദ് സിനാൻ, ജീൻ പോൾ ലാൽ, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റുതാരങ്ങൾ. കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ആവേശം സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ ആണ് തിരക്കഥയെഴുതിയിരിക്കുന്നത്.

Content Highlights: actress Jyothika showered rich praises on director Chidambaram's latest movie Baalan, calling it a cinematic masterpiece and hailing Tovino Thomas for delivering one of his career-best performances by shedding his superstar image.