'ഇനിയും നന്നാക്കണമെന്ന് എപ്പോഴും പറഞ്ഞിരുന്ന അച്ഛൻ ആദ്യമായി അഭിനന്ദിച്ചു'; പൊട്ടിക്കരഞ്ഞ് ദീപ തോമസ്

#മൂവി ഡെസ്ക്
ദീപാ തോമസ് | സ്ക്രീൻ​ഗ്രാബ്
ദീപാ തോമസ് | സ്ക്രീൻ​ഗ്രാബ്

തെലുങ്ക് സിനിമയായ 'റാവു ബഹാദൂർ' എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി നടി ദീപാ തോമസ്. സിനിമയിൽ ഒമ്പത് വർഷമായി തുടരുന്ന തനിക്ക് ലഭിച്ച ഈ അവസരം ഒരു സ്വപ്നസാക്ഷാത്കാരമാണെന്ന് ദീപ പറഞ്ഞു. നിമയുടെ റിലീസ് തനിക്ക് വലിയ സന്തോഷം നൽകുന്ന ഒന്നാണെന്നും, ഈ ചിത്രത്തിലെ വേഷം തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നതാണെന്നും താരം വ്യക്തമാക്കി. തന്റെ വേഷങ്ങൾ കാണുമ്പോൾ അഭിനയം ഇനിയും നന്നാക്കണമെന്ന് പറയാറുള്ള അച്ഛൻ തന്നെ ഇത്തവണ അഭിനന്ദിച്ചെന്നും ദീപ പറഞ്ഞു.

നടൻ സത്യദേവിന്റെ ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ടാണ് ദീപ തന്റെ പ്രസംഗം ആരംഭിച്ചത്. കെയർ ഓഫ് കെഞ്ചരപാളേം എന്ന സിനിമയുടെ സംവിധായകൻ മഹാ തന്റെ അടുത്ത സിനിമയുടെ ഓഡിഷനായി വിളിച്ചപ്പോൾ അത് വിശ്വസിക്കാനായില്ലെന്ന് താരം ഓർക്കുന്നു. റാവു ബഹാദൂറിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണെന്നും ഈ അവസരത്തിന് സംവിധായകനോട് എന്നും കടപ്പാടുണ്ടെന്നും ദീപ കൂട്ടിച്ചേർത്തു.

ചിത്രത്തിലെ നായകനായ സത്യദേവിനെ മികച്ച ഒരു നടനെന്നാണ് ദീപ വിശേഷിപ്പിച്ചത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും, 'റാവു ബഹാദൂർ' എന്ന ചിത്രത്തിലെ പ്രകടനത്തിന് സത്യദേവിന് തീർച്ചയായും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു. ഏകദേശം രണ്ട് വർഷത്തോളമായി ഈ സിനിമയ്ക്കായി അണിയറപ്രവർത്തകർ കഠിനാധ്വാനം ചെയ്യുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

തിയേറ്ററിൽ പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടപ്പോൾ മാതാപിതാക്കൾ ചിരിക്കുന്നതും കരയുന്നതും കണ്ടത് വലിയ അനുഭവമായിരുന്നുവെന്ന് ദീപ പറഞ്ഞു. "എന്റെ മാതാപിതാക്കൾക്ക് തെലുങ്ക് അറിയില്ല, അവർ സബ്ടൈറ്റിലുകൾ വെച്ചാണ് സിനിമ കണ്ടത്. അവർ വികാരാധീനരായി ചിരിക്കുന്നതും കരയുന്നതും ഞാൻ കണ്ടു. ദീപ, കുറച്ചു കൂടി നന്നാക്കണം എന്ന് അച്ഛൻ എപ്പോഴും പറയും. ഇപ്രാവശ്യം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രശംസയാണ് ലഭിച്ചത്. ദീപ, നീ നിന്റെ ഏറ്റവും മികച്ച സിനിമയാണ് ചെയ്തിരിക്കുന്നത് എന്ന് അച്ഛൻ പറഞ്ഞത് എനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രശംസയാണ്". ദീപ പറഞ്ഞു.

ചിത്രത്തിന്റെ നിർമ്മാതാക്കളായ മഹേഷ് ബാബു, നമ്രത എന്നിവർക്കും തന്റെ ഡയലോഗുകൾ കൃത്യമായി പറയാൻ സഹായിച്ച സഹപ്രവർത്തകർക്കും ദീപ നന്ദി പറഞ്ഞു. 'രേണുക' എന്ന കഥാപാത്രത്തിന് പൂർണ്ണത നൽകിയ കോസ്റ്റ്യൂം ഡിസൈനർക്കും മനോഹരമായി ദൃശ്യങ്ങൾ പകർത്തിയ ഛായാഗ്രാഹകൻ കാർത്തിക് പരമറിനും അവർ പ്രത്യേകമായി നന്ദി അറിയിച്ചു. റാവു ബഹാദൂർ ഒരു ക്ലാസിക് സിനിമയായി എന്നും നിലനിൽക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ദീപ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Content Highlights: Malayalam actress Deepa Thomas could not hold back her tears and broke down completely during the grand success meet of her latest Telugu movie, Rao Bahadur. Reflecting on her grueling nine-year journey in the film industry, Deepa described bagging this pivotal role as an absolute dream come true and expressed immense gratitude to the audience for embracing the film with open arms.