10 മാസം അധ്വാനിച്ചു, പക്ഷേ ആ ചിത്രം ഉപേക്ഷിക്കുകയാണ്, യാതൊരു ദുരൂഹതകളുമില്ല -വിഷ്ണു വിശാൽ

നടൻ വിഷ്ണു വിശാലും സംവിധായകൻ അരുൺരാജ കാമരാജും ഒരുമിക്കാനിരുന്ന പുതിയ ചിത്രം ഉപേക്ഷിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ചിത്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് വിഷ്ണു വിശാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകനുമായുണ്ടായ സർഗ്ഗാത്മകമായ അഭിപ്രായവ്യത്യാസങ്ങളും ബജറ്റ് പ്രതിസന്ധികളുമാണ് സിനിമ ഉപേക്ഷിക്കാൻ കാരണമെന്ന് വിഷ്ണു വിശാൽ വ്യക്തമാക്കി. സിനിമാ മേഖല ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ബജറ്റ് കൈകാര്യം ചെയ്യുന്നതാണ്. പ്രശ്നങ്ങൾ പരിഹരിച്ച് സിനിമയുമായി മുന്നോട്ട് പോകാൻ പരമാവധി ശ്രമിച്ചെങ്കിലും ഒടുവിൽ ചിത്രം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പ്രൊജക്റ്റായിരുന്നു ഇതെന്നും ഇതിനായി കഴിഞ്ഞ പത്ത് മാസമായി താൻ കഠിനമായ തയ്യാറെടുപ്പിലായിരുന്നുവെന്നും വിഷ്ണു വിശാൽ വെളിപ്പെടുത്തി. തന്റെ 'ഗാട്ടാ ഗുസ്തി 2' എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം ഈ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നത്. ഏറെ സമയം ചെലവഴിക്കുകയും അധ്വാനിച്ചതിനും ശേഷം ഒരു സിനിമ ഉപേക്ഷിക്കുന്നത് പ്രയാസകരമായ തീരുമാനമാണെന്നും ചിത്രവുമായി ബന്ധപ്പെട്ട നിയമപരമായ ഒത്തുതീർപ്പുകൾക്ക് കുറച്ച് സമയമെടുക്കുമെന്നും വിഷ്ണു വിശാൽ പറഞ്ഞു. ചിത്രം ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ ദുരൂഹതകളുമില്ല. തനിക്കും അരുൺരാജയ്ക്കും ഒരുപോലെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു ഇതെന്നും സംവിധായകന്റെ ഭാവി പ്രോജക്റ്റുകൾക്ക് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
"കഴിഞ്ഞ ഒരു വർഷമായി ഞാൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയാണിത്. കഴിഞ്ഞ 10 മാസമായി ഇതിനായി കഠിനമായ തയ്യാറെടുപ്പുകളിലായിരുന്നു ഞാൻ. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞു. ദുരൂഹതകളൊന്നുമില്ല, അടുത്തിടെയായി ചിത്രത്തിന്റെ സംവിധായകനുമായി ക്രിയാത്മകമായ അഭിപ്രായവ്യത്യാസങ്ങളും ബജറ്റ് സംബന്ധമായ പ്രശ്നങ്ങളും ഉടലെടുത്തു. ഈ കാലഘട്ടത്തിൽ ചലച്ചിത്ര വ്യവസായം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ബജറ്റ് തന്നെയാണ്. കാര്യങ്ങൾ ശരിയാക്കാൻ ഞാൻ പരമാവധി ശ്രമിച്ചു, എന്നാൽ എല്ലാ ശ്രമങ്ങൾക്കും ഒടുവിൽ ഞങ്ങൾ ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു." വിഷ്ണു പറഞ്ഞു.
ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം വലിയ ബജറ്റിലൊരുങ്ങുന്ന ഒരു കുടുംബ പശ്ചാത്തലത്തിലുള്ള സ്പോർട്സ് ആക്ഷൻ ഡ്രാമയായിരുന്നു. ബോക്സിങ് അല്ലെങ്കിൽ ബൗൺസർമാരുടെ ജീവിതവുമായി ബന്ധപ്പെട്ട കഥയായിരിക്കും ഇതെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ചിത്രത്തിന്റെ യഥാർത്ഥ പ്രമേയം അണിയറപ്രവർത്തകർ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. സ്പോർട്സ് ഡ്രാമകളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിശാലും, 'കനാ' പോലെയുള്ള മികച്ച കായിക ചിത്രങ്ങൾ സമ്മാനിച്ച അരുൺരാജയും ഒന്നിക്കുമ്പോൾ വലിയ വിജയമായിരിക്കുമെന്നാണ് സിനിമാ പ്രേമികൾ പ്രതീക്ഷിച്ചിരുന്നത്.
ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചതോടെ വിഷ്ണു വിശാൽ തന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. രാംകുമാർ സംവിധാനം ചെയ്യുന്ന 'ഇരണ്ട് വാനം' എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി അടുത്തതായി പുറത്തിറങ്ങാനുള്ളത്. മമിത ബൈജുവാണ് ഈ ചിത്രത്തിൽ വിഷ്ണുവിന്റെ നായികയായി എത്തുന്നത്. ഇതുകൂടാതെ, രുദ്രയും പ്രീതി അസ്റാനിയും പ്രധാന വേഷങ്ങളിൽ എത്തുന്ന 'യെല്ലോ യെല്ലോ ഡേർട്ടി ഫെല്ലോ' എന്ന ചിത്രം അദ്ദേഹം നിർമ്മിക്കുന്നുമുണ്ട്.
Content Highlights: Actor-producer Vishnuu Vishal has officially confirmed that his ambitious, high-budget sports action drama with director Arunraja Kamaraj has been shelved after 10 months of preparation due to creative differences and budgeting constraints.