'കയറിൽ തൂങ്ങി ചുവരിൽ പെയിന്റടിച്ച ഭൂതകാലം'; തന്നേക്കുറിച്ചുള്ള കവിത കേട്ട് കണ്ണീരണിഞ്ഞ് സൂരി

തന്റെ പുതിയ ചിത്രമായ മണ്ടാടിയുടെ പ്രൊമോഷൻ ചടങ്ങിൽ പൊട്ടിക്കരഞ്ഞ് നടൻ സൂരി. ചടങ്ങിൽ വെച്ച് ഗാനരചയിതാവ് പാ വിജയ് സൂരിയുടെ കഠിനമായ ഭൂതകാലത്തെക്കുറിച്ചും സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വിജയയാത്രയെക്കുറിച്ചും എഴുതിയ ഒരു കവിത ആലപിച്ചിരുന്നു. ഇത് കേട്ടതോടെയാണ് താരം വേദിയിൽവെച്ച് കണ്ണീരണിഞ്ഞത്. ഒരു സാധാരണക്കാരന് കഠിനാധ്വാനത്തിലൂടെ സിനിമയിൽ ചരിത്രം സൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് സൂരിയെന്ന് പാ വിജയ് ഈ ചടങ്ങിൽ പറഞ്ഞു.
മധുര സ്വദേശിയായ രാമലക്ഷ്മണൻ മുത്തുച്ചാമി തേവർ എന്ന സൂരി, ഒരു നടനാകുക എന്ന സ്വപ്നവുമായി 1996-ലാണ് ചെന്നൈയിലേക്ക് വണ്ടി കയറുന്നത്. എന്നാൽ സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ വഴി ഒട്ടും എളുപ്പമായിരുന്നില്ല. തന്റെ നിത്യച്ചെലവുകൾക്കായി കയറിൽ തൂങ്ങിക്കിടന്ന് ചുവരുകളിൽ പെയിന്റടിക്കുന്നത് ഉൾപ്പെടെയുള്ള കഠിനമായ ജോലികൾ ചെയ്താണ് അദ്ദേഹം അക്കാലത്ത് ജീവിച്ചിരുന്നത്. അക്കാലത്തെ ദുരിതങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്, ഇന്നലെകളിൽ കാറ്റിൽ പറക്കുന്ന കടലാസ് തുണ്ടുപോലെയായിരുന്ന സൂരിയെ ഇന്ന് സിനിമ തോളിലേറ്റി കൊടുമുടിയിലേക്ക് ഉയർത്തിയിരിക്കുകയാണെന്ന് പാ വിജയ് തന്റെ കവിതയിലൂടെ വിശേഷിപ്പിച്ചു.
"സിനിമയിൽ വന്ന് ചരിത്രം സൃഷ്ടിക്കാൻ സാധാരണക്കാരനായ ഒരാൾക്കും കഴിയുമെന്നതിന്റെ തെളിവാണ് സൂരി. അദ്ദേഹത്തിന്റെ വിജയം സാധാരണമായ ഒന്നല്ല. എല്ലാവരും അദ്ദേഹത്തിന് പൂച്ചെണ്ടുകളും സമ്മാനങ്ങളും കൊണ്ടുവരുന്നു. ഞാൻ അദ്ദേഹത്തിന് അതിനേക്കാൾ വിലപ്പെട്ട എന്തെങ്കിലും നൽകാൻ തീരുമാനിച്ചു, അങ്ങനെയാണ് ഞാൻ അദ്ദേഹത്തിനായി ഒരു കവിതയെഴുതിയത്. ഇന്നലെ വരെ നീ കാറ്റിൽ പറന്ന ഒരു കടലാസ് കഷ്ണം പോലെയായിരുന്നു. ഇന്ന് സിനിമ നിന്നെ തോളിലേറ്റി ഉച്ചകോടിയിലെത്തിച്ചിരിക്കുന്നു. എന്റെ സുഹൃത്തേ, വിജയങ്ങളുടെ കൊടുമുടികൾ കീഴടക്കൂ. എന്റെ പ്രിയപ്പെട്ട സൂരി, നീ നീണാൾ വാഴട്ടെ." പാ വിജയ് പറഞ്ഞു.
തന്റെ മുൻകാല കഠിനാധ്വാനങ്ങളെ ആദരിച്ചുകൊണ്ട് പാ വിജയ് കവിത ചൊല്ലി നിർത്തിയപ്പോൾ, സൂരി എഴുന്നേറ്റ് നിന്ന് കണ്ണീർ തുടയ്ക്കുകയും അദ്ദേഹത്തോട് കൈകൂപ്പി വിനയത്തോടെ നന്ദി അറിയിക്കുകയും ചെയ്തു.
ആദ്യകാലങ്ങളിൽ പേര് പോലും വരാത്ത ചെറിയ വേഷങ്ങളിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി സൂരി വർഷങ്ങളോളം സിനിമയിൽ ജോലി ചെയ്തു. ഒടുവിൽ, 2009-ൽ പുറത്തിറങ്ങിയ വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലൂടെ അദ്ദേഹം പൊറോട്ട സൂരി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. പിന്നീട് തമിഴ് സിനിമയിലെ അവിഭാജ്യ ഘടകമായ ഒരു മികച്ച കോമഡി താരമായും സഹനടനായും അദ്ദേഹം നിരവധി ചിത്രങ്ങളിൽ തിളങ്ങി.
2023-ൽ പ്രശസ്ത സംവിധായകൻ വെട്രിമാരൻ തന്റെ 'വിടുതലൈ പാർട്ട് 1', വിടുതലൈ പാർട്ട് 2 എന്നീ ചിത്രങ്ങളിൽ സൂരിയെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചതോടെ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ വലിയൊരു മാറ്റമുണ്ടായി. തുടർന്ന് 2024-ൽ പുറത്തിറങ്ങിയ ഗരുഡൻ, കൊട്ടൂക്കാളി എന്നീ ചിത്രങ്ങളിലും അദ്ദേഹം നായകനായി മികച്ച പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ വർഷം താരം പ്രധാന വേഷത്തിലെത്തിയ മാമൻ എന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
സൂരിയുടേതായി ഇനി വരാനിരിക്കുന്നത് രണ്ട് വലിയ ചിത്രങ്ങളാണ്. നിവിൻ പോളി, അഞ്ജലി എന്നിവർക്കൊപ്പം സൂരി വേഷമിടുന്ന ഏഴു കടൽ ഏഴു മലൈ എന്ന ചിത്രം ഒക്ടോബർ ഒന്നിന് തിയേറ്ററുകളിലെത്തും. 2024 ലെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഈ ചിത്രം നേരത്തെ പ്രീമിയർ ചെയ്തിരുന്നു. കൂടാതെ, മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി എന്ന സ്പോർട്സ് ഡ്രാമ സെപ്റ്റംബർ 10-ന് റിലീസ് ചെയ്യും. പ്രമുഖ തെലുങ്ക് താരം സുഹാസിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായ ഇതിൽ മഹിമ നമ്പ്യാരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlights: Tamil actor Soori broke down in tears during the promotional event for his film Mandaadi when lyricist Pa Vijay recited a touching poem honoring his inspiring transition from a daily-wage wall painter to a celebrated lead actor.