'പ്രഭാസിന് ഇതെന്തുപറ്റി?'; ഓർത്തോപീഡിക് സർജനൊപ്പം ചിത്രം, ആശങ്കയറിയിച്ച് ആരാധകർ

#മൂവി ഡെസ്ക്
പ്രഭാസും  ഡോ. കെ.ജെ. റെഡ്ഡിയും | ഫോട്ടോ: Instagram
പ്രഭാസും ഡോ. കെ.ജെ. റെഡ്ഡിയും | ഫോട്ടോ: Instagram

ആരാധകർക്കിടയിൽ സംശയങ്ങളുണർത്തി നടൻ പ്രഭാസിന്റേതായി പുറത്തുവന്നിരിക്കുന്ന ഫോട്ടോ. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ഓർത്തോപീഡിക് സർജനായ ഡോ. കെ.ജെ. റെഡ്ഡിയാണ് ഈ ചിത്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. വിജയത്തിലേക്കെത്തുവാൻ ഒരാൾ അനുഭവിച്ച വ്യക്തിപരമായ നഷ്ടങ്ങൾ ആരും ഒരിക്കലും കാണുന്നില്ലെന്ന് റെഡ്ഡി ചിത്രത്തിനൊപ്പം കുറിച്ചു. ചിത്രം ആരാധകരിൽ ആശങ്ക പരത്തിയിരിക്കുകയാണ്. പ്രഭാസിന് എന്താണ് സംഭവിച്ചതെന്നും സുഖമായിരിക്കുന്നുണ്ടോ എന്നും ചോദിച്ച് നിരവധി പേരാണ് കമന്റുമായെത്തിയത്.

കാൽമുട്ട്, ഇടുപ്പ്, സ്പോർട്സ് ഇൻജ്വറി എന്നിവയിൽ വിദഗ്ദ്ധനും, 35 വർഷത്തിലധികം പ്രവൃത്തിപരിചയവും ഒരു ലക്ഷത്തിലധികം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളയാളുമാണ് ഡോ. കെ.ജെ. റെഡ്ഡി. പ്രഭാസിനൊപ്പം പുഞ്ചിരിച്ചുനിൽക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. വലിയ വിജയങ്ങൾ കൈവരിച്ചിട്ടും പ്രഭാസ് കാണിക്കുന്ന ലാളിത്യത്തെയും അദ്ദേഹത്തിന്റെ മികച്ച സ്വഭാവത്തെയും ഡോക്ടർ ഏറെ പ്രശംസിച്ചു. ഒരു വ്യക്തിയുടെ വലിയ വിജയങ്ങൾക്ക് പിന്നിലുള്ള പൊതുവായ പ്രശസ്തി മാത്രമേ പുറംലോകം കാണാറുള്ളൂവെന്നും എന്നാൽ അതിനായി സഹിക്കുന്ന വ്യക്തിപരമായ ത്യാഗങ്ങൾ ആരും കാണാറില്ലെന്നും റെഡ്ഡി കുറിച്ചു.

"ചിലർ അവരുടെ വിജയം കൊണ്ട് നിങ്ങളെ പ്രചോദിപ്പിക്കുമ്പോൾ, മറ്റു ചിലർ അവരുടെ എളിമയിലൂടെ മായാത്ത മുദ്ര പതിപ്പിക്കുന്നു. പ്രഭാസിനെ അറിയാനും അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ ചുമതല ഏൽക്കാനും കഴിഞ്ഞത് ഒരു സന്തോഷമാണ്. വൻ വിജയങ്ങൾ നേടിയിട്ടും അദ്ദേഹം വളരെ എളിമയുള്ളവനും സ്നേഹമുള്ളവനും മാന്യനുമായി തുടരുന്നു. അദ്ദേഹത്തിന്റെ പോസിറ്റീവ് മനോഭാവവും അതിശയകരമായ സ്വഭാവവുമാണ് അദ്ദേഹത്തെ യഥാർത്ഥത്തിൽ സവിശേഷനാക്കുന്നത്. അദ്ദേഹത്തിന് തുടർച്ചയായ വിജയങ്ങളും നല്ല ആരോഗ്യവും എപ്പോഴും സന്തോഷവും ആശംസിക്കുന്നു," അദ്ദേഹം കുറിച്ചു. വിജയത്തിനപ്പുറമുള്ള പ്രചോദനമെന്നാണ് ചിത്രത്തിൽ ഡോ. റെഡ്ഡി കുറിച്ചത്.

സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് കമന്റുകളുമായി എത്തിയത്. പ്രഭാസിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹത്തിന് നല്ല ആരോഗ്യം ഉണ്ടായിരിക്കണമെന്നും ആരാധകർ ആശങ്കയോടെ കുറിച്ചു. തങ്ങളുടെ 'റെബൽ' താരത്തെ നന്നായി പരിചരിക്കണമെന്ന് ആരാധകർ ഡോക്ടറോട് അഭ്യർത്ഥിച്ചു. ഷൂട്ടിംഗ് നിർത്തിവെച്ച് താരം ആദ്യം നന്നായി വിശ്രമിക്കണമെന്നും പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രം ജോലിയിലേക്ക് മടങ്ങിയെത്തിയാൽ മതിയെന്നുമാണ് ഭൂരിഭാഗം ആരാധകരും ആവശ്യപ്പെടുന്നത്.

വിവിധ സിനിമകളുടെ ചിത്രീകരണത്തിനിടെ പ്രഭാസിന് മുൻപും പല തവണ പരിക്കുകൾ പറ്റിയിട്ടുണ്ട്. 'ബാഹുബലി', 'സാഹോ', 'സലാർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹത്തിന് നേരിടേണ്ടി വന്ന പരിക്കുകളുടെ പശ്ചാത്തലത്തിലാണ് ആരാധകർ ഇപ്പോൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. വർഷങ്ങളായി കാൽമുട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്ന അദ്ദേഹം ഇതിനോടകം രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ട്. അതിനുപുറമെ, കഴിഞ്ഞ ഫെബ്രുവരിയിലും ഒരു സിനിമയുടെ സെറ്റിൽ വെച്ച് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു.

സന്ദീപ് റെഡ്ഡി വാംഗയുടെ 'സ്പിരിറ്റ്', ഹനു രാഘവപുടിയുടെ 'ഫൗജി' എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിലാണ് അദ്ദേഹം ഇപ്പോൾ പങ്കെടുക്കുന്നത്. ഇതിനുപുറമെ, നാഗ് അശ്വിൻ സംവിധാനം ചെയ്ത 'കൽക്കി 2898 എഡി' എന്ന വിജയചിത്രത്തിന്റെ രണ്ടാം ഭാഗവും അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Content Highlights: Fans expressed deep concern over Prabhas' health after a renowned orthopaedic surgeon from Apollo Hospitals shared a photo with the actor mentioning the "private sacrifices" behind his massive success.