ടാക്സി ഡ്രൈവർക്കെതിരെ വർഗീയാധിക്ഷേപം നടത്തിയെന്ന് പരാതി, നടൻ ജയകൃഷ്ണനെതിരെ മംഗളൂരുവിൽ കേസ്

മംഗളൂരു: മതത്തിന്റെ പേരിൽ ടാക്സി ഡ്രൈവറെ അധിക്ഷേപിച്ചെന്ന പരാതിയിൽ മലയാള നടൻ ജയകൃഷ്ണനുൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തു. സന്തോഷ് എബ്രഹാം, വിമൽ എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. മംഗളൂരു ഉർവ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാബ് ഡ്രൈവറായ അഹമ്മദ് ഷെഫീഖാണ് പരാതിക്കാരൻ.
ഒക്ടോബർ 9-നാണ് സംഭവം നടന്നത്. ജയകൃഷ്ണൻ, സന്തോഷ് എബ്രഹാം, വിമൽ എന്നിവർ ബെജായ്ക്ക് സമീപമുള്ള ഒരു ഹോംസ്റ്റേയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനായി ടാക്സി ബുക്ക് ചെയ്തു. വാഹനം ബുക്ക് ചെയ്തപ്പോൾ വിലാസം മംഗളൂരു ബെജൈ ന്യൂ റോഡ് എന്നാണ് നൽകിയത്. ടാക്സി ഡ്രൈവർ പിക്കപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കാൻ ആപ്പ് വഴി അവരെ ബന്ധപ്പെട്ടു. സംസാരത്തിനിടെ ജയകൃഷ്ണൻ മോശമായി പെരുമാറി എന്നാണ് അഹമ്മദ് ഷെഫീഖിന്റെ പരാതിയിലുള്ളത്.
ജയകൃഷ്ണനും സുഹൃത്തുക്കളും ഹിന്ദിയിലും മലയാളത്തിലും അസഭ്യം പറയുകയും ഡ്രൈവറെ ഭീകരവാദി എന്നുൾപ്പെടെ വിളിച്ച് കടുത്ത മാനസിക വിഷമമുണ്ടാക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ജയകൃഷ്ണൻ, സന്തോഷ് എബ്രഹാം എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 352, 353(2) പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഉർവ പോലീസ് സബ് ഇൻസ്‌പെക്ടർ എൻ. ഗുരപ്പ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മൂന്നാം പ്രതിയായ വിമൽ ഒളിവിലാണ്. അയാൾക്കായി ഊർജ്ജിതമായി തിരച്ചിൽ നടത്തുന്നുണ്ട്. പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷം പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഉപകരണങ്ങളും മൊബൈൽ ഫോണുകളും അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. ഈ പ്രവൃത്തി ടാക്സി ഡ്രൈവറുടെ അന്തസ്സിനും പൊതുവികാരത്തിനും ഗുരുതരമായ ദോഷം വരുത്തിയെന്നും, ഇതിനെത്തുടർന്ന് കർശന നിയമനടപടികൾ സ്വീകരിച്ചതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കാനുള്ള ഒരുക്കത്തിലാണ് മംഗളൂരു ഉർവ പോലീസ്. മലയാള സിനിമയിലെ ഒരു മുതിർന്ന നടൻ ഉൾപ്പെട്ടതുകൊണ്ട് ഈ കേസ് വ്യാപകമായ ശ്രദ്ധ നേടിയിട്ടുണ്ട്.
Content Highlights: Veteran actor Jayakrishnan and two others booked in Mangalore for allegedly insulting a cab driver over religion, labeling him a terrorist. Police investigating.