അഭിനയത്തികവിന്റെ ഏകാന്തമുഖം ഇനിയില്ല; നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

മുംബെെ: താരപരിവേഷം അണിയാതെ പൂര്‍ണതയുടെയും മികവിന്റെയും വേറിട്ട മുഖമായിരുന്ന നടന്‍ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു. വൻകുടലിലെ അണുബാധയെത്തുടർന്നാണ് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. 53 വയസ്സായിരുന്നു.
ഗോഡ്ഫാദര്‍മാരില്ലാതെ ബോളിവുഡില്‍ മേല്‍വിലാസം സൃഷ്ടിച്ച ഇര്‍ഫാന്‍ ഖാന്‍ ഹിന്ദി സിനിമയിലെ നവതരംഗ സിനിമകളുടെ പ്രതീകമായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് നടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. ഇതെത്തുടർന്ന് അദ്ദേഹം വിദേശത്ത് ചികിത്സ തേടിയിരുന്നു.
ഭാര്യ; സുതപ സികാർ, മക്കൾ; ബബിൽ, ആര്യൻ, സഹോദരങ്ങൾ; സല്‍മാന്‍, ഇമ്രാന്‍
രാജസ്ഥാനിലെ ബീഗം ഖാൻ-ജഗീദർ ഖാൻ ദമ്പതികളുടെ മകനായി 1966 ലാണ് ഇർഫാൻ ഖാൻ ജനിച്ചത്. കുട്ടിക്കാലത്ത് ക്രിക്കറ്റിൽ തൽപ്പരനായിരുന്നു. പിന്നീട് ഇഷ്ടം സിനിമയോടായി. ബിരുദം പൂർത്തിയാക്കിയതിന് ശേഷം നാഷ്ണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. സാലാം ബോംബെെ എന്ന ചിത്രത്തിലൂടെയായിരുന്നു അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്.
2003 ൽ പുറത്തിറങ്ങിയ ഹാസിൽ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് ഇർഫാന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. മക്ബൂൽ, ലെെഫ് ഇൻ എ മെട്രോ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ശ്രദ്ധ നേടുകയും ഇർഫാൻ ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാകുകയും ചെയ്തു. സൂപ്പർതാര പരിവേഷത്തിൽ താൽപര്യമില്ലാത്ത ഇർഫാൻ സമാന്തര സിനിമകളിലും കച്ചവട സിനിമകളിലും ഒരുപോലെ വേഷമിട്ടു.
ദ ലഞ്ച് ബോക്സ്, പാൻ സിങ് തോമർ, തൽവാർ, ഹിന്ദി മീഡിയം, ഫേവറേറ്റ്, ദ ഡേ, മുംബെെ മേരി ജാൻ, കർവാൻ, മഡാരി, ലെെഫ് ഇൻ എ മെട്രോ, പീകു, ബ്ലാക്ക് മെയിൽ, ഹെെദർ, യേ സാലി സിന്ദഗി, ഖരീബ് ഖരീബ് സിംഗിൾ, ദ വാരിയർ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു ചിത്രങ്ങൾ. അംഗ്രേസി മീഡിയമാണ് അടുത്തിടെ പുറത്തിറങ്ങിയ സിനിമ.
ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന ഇർഫാൻ, ഹോളിവുഡിൽ സ്ലം ഡോഗ് മില്യണയർ, അമെെസിംങ് സ്പെെഡർമാൻ, ദ നെയിം സേക്ക്, ന്യൂയോർക്ക് ഐ ലവ്യൂ, ജുറാസിക് വേൾഡ്, ഇൻഫേർനോ, ലെെഫ് ഓഫ് പെെ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.
അണിയറ പ്രവർത്തകർക്കുമൊപ്പം ഇർഫാൻ ഖാൻ; PHOTO: AP
നടി തബു, ആങ് ലീ എന്നിവർക്കൊപ്പം ഇർഫാൻ ഖാൻ Photo:AFP
പാൻ സിംഗ് തോമർ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങൾ ഇർഫാനെ തേടിയെത്തി. 2011 ൽ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.
അമ്മ സെയ്ദാ ബീഗം (95) അന്തരിച്ച് നാല് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇർഫാനും മരണത്തോട് കീഴടങ്ങിയിരിക്കുന്നത്. ടോങ്കിലെ നവാബ് കുടുംബാംഗമാണ് കവയിത്രി കൂടിയായിരുന്ന സെയ്ദാ ബീഗം, ജയ്പൂരിലെ ബെനിവാള്‍ കാന്ത കൃഷ്ണ കോളനിയിലായിരുന്നു താമസം. ലോക്ക് ഡൗൺ കാരണം ഇർഫാന് അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനായില്ല.
Content Highlights: actor Irrfan Khan passed away at Mumbai