പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

മോഹന്‍ലാല്‍, ഇന്നസെന്റ് | photo: screen grab, mathrubhumi
മോഹന്‍ലാല്‍, ഇന്നസെന്റ് | photo: screen grab, mathrubhumi

ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അന്ത്യോപചാരം അര്‍പ്പിച്ചത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഇന്നസെന്റിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. 

ഇന്നസെന്റിനെ അനുസ്മരിച്ച് മോഹന്‍ലാല്‍ രാവിലെ ഹൃദയഹാരിയായ കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു. പോയില്ല എന്നു വിശ്വസിക്കാനാണ് ഇപ്പോഴും മനസ് പറയുന്നതെന്ന് മോഹന്‍ലാല്‍ കുറിച്ചു.

'ആ പേരുപോലെ തന്നെ നിഷ്‌കളങ്കമായി ലോകത്തിന് മുഴുവന്‍ നിറഞ്ഞ ചിരിയും സ്‌നേഹവും സാന്ത്വനവും പകര്‍ന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേര്‍ത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേര്‍പാടിന്റെ സങ്കടം എങ്ങനെ വാക്കുകളില്‍ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്.' മോഹന്‍ലാലിന്റെ വാക്കുകള്‍.

ഓരോ നിമിഷവും ആ നിഷ്‌കളങ്ക ചിരിയും സ്‌നേഹവും ശാസനയുമായി എന്റെ ഇന്നസെന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാന്‍ ഇനിയും നിങ്ങള്‍ ഇവിടെത്തന്നെ കാണും എന്നുപറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിച്ചത്.

കൊച്ചിയിലെ വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രി 10.30-ഓടെയായിരുന്നു ഇന്നസെന്റിന്റെ അന്ത്യം. ഹ്രസ്വമായ അമേരിക്കന്‍യാത്ര കഴിഞ്ഞെത്തിയ ഇന്നസെന്റ് മൂന്നാഴ്ചയോളമായി ന്യുമോണിയയും മറ്റസുഖങ്ങളും ബാധിച്ച് ചികിത്സയിലായിരുന്നു. ആദ്യം ഐസൊലേഷന്‍ വാര്‍ഡിലും പിന്നീട് ഐ.സി.യു.വിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെ നില വഷളാവുകയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10-ന് ഇരിങ്ങാലക്കുട സെയ്ന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.

Content Highlights: actor innocent passed away mohanlal at innocent home