കോളേജ് കാലത്ത് ബസ് പാസ് പൊതിഞ്ഞത് മമ്മൂക്കയുടെ ചിത്രമുള്ള കാസറ്റ് കവർ കൊണ്ട് -ഗുരു സോമസുന്ദരം

മമ്മൂട്ടിയോടുള്ള ആരാധന വ്യക്തമാക്കി നടൻ ഗുരു സോമസുന്ദരം. വളരെ സിംപിളായ നടനാണ് എന്നതാണ് അദ്ദേഹത്തിൽ ഏറ്റവും ഇഷ്ടമായ കാര്യമെന്ന് ഗുരുസോമസുന്ദരം പറഞ്ഞു. ക്ലബ് എഫ്.എം സ്റ്റാർ ജാമിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടി സാറിന്റെ അമരം, അയ്യർ ദി ഗ്രേറ്റ്, സി.ബി.ഐ സീരീസ്, തുടങ്ങി ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ട്. വി.സി.ഡിയിലാണ് കണ്ടത്. വളരെ സിംപിളായ ആക്ടറാണ് എന്നതാണ് മമ്മൂക്കയിൽ ഏറ്റവും ഇഷ്ടമായ കാര്യം. തമിഴിൽ അഴകൻ എന്ന പടം വളരെ ഇഷ്ടമാണ്. ദളപതിയിലെ മമ്മൂട്ടിയുടെ എല്ലാ സീനും വീണ്ടും വീണ്ടും കാണാറുണ്ടെന്നും ഗുരു സോമസുന്ദരം പറഞ്ഞു.
"കോളേജിൽ പോകുന്ന സമയത്ത് കയ്യിൽ ഒരു ബസ് പാസുണ്ടായിരുന്നു. ആ പാസ് പൊതിഞ്ഞിരുന്നത് ദളപതി കാസറ്റിലെ മമ്മൂക്കയും രജനികാന്തും നിൽക്കുന്ന ചിത്രം കൊണ്ടായിരുന്നു. ആ പാസ് ഇപ്പോൾ കയ്യിലില്ല. പക്ഷേ ഇപ്പോഴും ടി.വിയിൽ ദളപതി വരുമ്പോൾ ഇരുന്ന് കാണും. രണ്ട് ഉഗ്രൻ നടന്മാർ അഭിനയിച്ച സിനിമയല്ലേ?" മിന്നൽ മുരളി താരം ചോദിച്ചു.
നാലാം മുറ, ഹയ എന്നിവയാണ് ഗുരു സോമസുന്ദരം അഭിനയിച്ച് ഈയിടെ തിയേറ്ററുകളിലെത്തിയ ചിത്രം. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ്, ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 എന്നിവയാണ് ഗുരുവിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ.
Content Highlights: Guru Somasundaram New Interview Highlights, Guru Somasundaram About Mammootty