‘ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയ, തിരിച്ചറിവിന്റെ സെക്കൻഡ് ചാൻസ്’; അപകടംപറ്റിയെന്ന് അനീഷ് ഗോപാൽ

#മൂവി ഡെസ്ക്
അനീഷ് ​ഗോപാൽ | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ\ മാതൃഭൂമി, Facebook
അനീഷ് ​ഗോപാൽ | ഫോട്ടോ: സിദ്ദിക്കുൽ അക്ബർ\ മാതൃഭൂമി, Facebook

പകടത്തിൽ പരിക്കേറ്റെന്ന് പറഞ്ഞ് നടൻ അനീഷ് ഗോപാൽ. കൈക്ക് ഗുരുതരമായി പരിക്കേറ്റെന്നും അദ്ദേഹം ചിത്രം സഹിതം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തന്റെ മാത്രം പിഴവുകൊണ്ടുണ്ടായ അപകടമാണിത്. ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും അനീഷ് പറഞ്ഞു. അതേസമയം അപകടത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

രസകരമായ ചെറുകുറിപ്പിലൂടെയാണ് അനീഷ് ഗോപാൽ തനിക്ക് സംഭവിച്ച അപകടത്തേക്കുറിച്ച് അറിയിച്ചത്. "എന്റെ മാത്രം പിഴവ് കൊണ്ട് ഉണ്ടായ ഒരു അപകടം. അഞ്ച് ആറു മണിക്കൂർ നീണ്ട് നിന്ന ശാസ്തക്രിയ. രണ്ടു മൂന്നു മാസം ബെഡ് റസ്റ്റ്. ജീവിതത്തിൽ ഒരു സെക്കന്റ് ചാൻസ് ഉണ്ട്. തിരിച്ചറിവിന്റെ ഒരു സെക്കന്റ് ചാൻസ് .

I will come back ………. തനോസിനെ പോലെ ഇരിക്കുന്ന കൈകൾക്കാണ് അപകടം പറ്റിയത് …" അനീഷ് ഗോപാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മലപ്പുറം ജില്ലയിലെ ചീക്കോട് സ്വദേശിയാണ് അനീഷ് ഗോപാൽ. 2012-ൽ പുറത്തിറങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്. ടൊവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിലെ സഫർ, അർജന്റീന ഫാൻസ് കാട്ടൂർക്കടവിലെ സുനിമോൻ, ഭ്രമം എന്ന ചിത്രത്തിലെ ഓട്ടോക്കാരൻ ലോപ്പസ് തുടങ്ങിയവ അനീഷ് അവതരിപ്പിച്ച് ശ്രദ്ധ നേടിയ ചില കഥാപാത്രങ്ങളാണ്. ബ്ലസൺ എൽസ സംവിധാനംചെയ്ത വിവാഹ എന്ന ചിത്രമാണ് അനീഷ് വേഷമിട്ട് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

നൂറ്റമ്പതോളം ചിത്രങ്ങൾക്ക് പോസ്റ്റർ ഡിസൈൻ ചെയ്ത 'യെല്ലോ ടൂത്ത്സ്' എന്ന കമ്പനിയുടെ സാരഥി കൂടിയാണ് അനീഷ്.

Content Highlights: Malayalam actor Aneesh Gopal took to social media to share that he suffered serious hand injuries in a self-caused accident, undergoing a six-hour surgery and requiring two to three months of bed rest before returning to work.