'ആ സീനില്‍ ഓംപുരിയുടെ കാലില്‍ തൊടാന്‍ സല്‍മാന്‍ തയ്യാറായില്ല, രംഗം പലതവണ മാറ്റി എഴുതേണ്ടി വന്നു'

സല്‍മാൻ ഖാൻ/ ഓംപുരി | Photo: AFP/ AP
സല്‍മാൻ ഖാൻ/ ഓംപുരി | Photo: AFP/ AP

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന്‍ അഭിനവ് കശ്യപ്. ദബാംഗ് എന്ന ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പുണ്ടായ സംഘര്‍ഷങ്ങളെ കുറിച്ചാണ് അഭിനവ് സംസാരിച്ചത്. ചിത്രത്തിലെ സഹതാരമായിരുന്ന ഓംപുരിയോടുള്ള സല്‍മാന്‍ ഖാന്റെ മനോഭാവം മോശമായിരുന്നെന്നും ഇത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

സല്‍മാന്‍ ഖാന്റെ കഥാപാത്രം ഓംപുരിയുടെ കഥാപാത്രത്തിന്റെ കാല്‍ തൊടുന്ന രംഗം സിനിമയിലുണ്ടായിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ സല്‍മാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് സല്‍മാനെ തൃപ്തിപ്പെടുത്താന്‍ ആ രംഗം പലതവണ മാറ്റി എഴുതേണ്ടി വന്നു. ഇത് ഓംപുരിയെ ദേഷ്യം പിടിപ്പിച്ചെന്നും അഭിനവ് കശ്യപ് പറയുന്നു.

'മാറ്റിയെഴുതിയ രംഗങ്ങളുമായി ഓം പുരിയുടെ അടുത്തേക്ക് പോയി. അദ്ദേഹം എന്നോട് ദേഷ്യപ്പെട്ടു. രംഗങ്ങള്‍ മാറ്റാന്‍ സല്‍മാനാണോ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം ചോദിച്ചു. അദ്ദേഹം സല്‍മാന്റെ അടുത്തേക്ക് പോയി സംസാരിച്ചു. അദ്ദേഹം സല്‍മാനോട് പറഞ്ഞു, 'സല്‍മാന്‍, നീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? ദൈവം നിനക്ക് ഒരുപാട് തന്നിട്ടുണ്ട്, എന്നിട്ടും നീ എന്തിനാണ് എല്ലാവരുടെയും റോള്‍ ഇല്ലാതാക്കുന്നത്?'. എന്നാല്‍ സല്‍മാന്‍ ഒന്നും മറുപടി നല്‍കിയില്ല. തുടര്‍ന്ന് ആ വേഷം ചെയ്യാന്‍ ഓം പുരി വിസമ്മതിച്ചു. അപ്പോള്‍ സല്‍മാന്‍ വളരെ പരുഷമായി അദ്ദേഹത്തോട് പറഞ്ഞു 'നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ സിനിമ ഉപേക്ഷിച്ചു പോകൂ എന്ന്.'

എന്നിട്ടും തന്നോടുള്ള ഇഷ്ടം കാരണം ഓം പുരി സിനിമയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നെന്നും അഭിനവ് പറയുന്നു. 'ഓം പുരി ജി ദേഷ്യത്തിലായിരുന്നു. ഞാന്‍ അവസാന ശ്രമമെന്ന നിലയില്‍ അദ്ദേഹത്തെ സമീപിച്ചു, എന്റെ സിനിമയില്‍ അദ്ദേഹം ഉണ്ടാകണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. ഇത് എന്റെ ആദ്യ സിനിമയാണോ എന്ന് അദ്ദേഹം ചോദിച്ചു, ഞാന്‍ അതെ എന്ന് പറഞ്ഞപ്പോള്‍, നിനക്ക് വേണ്ടി ഞാന്‍ ഇത് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു'-സംവിധായകന്‍ വ്യക്തമാക്കി.

മറ്റ് നടന്മാരുടെ കാര്യത്തിലും സല്‍മാന്റെ ഇടപെടലുണ്ടായെന്ന് അഭിനവ് കശ്യപ് വെളിപ്പെടുത്തി. അര്‍ബാസ് ഖാന്റെ മുഴുവന്‍ റോളും നീക്കം ചെയ്യുകയും മാഹി ഗില്ലിന്റെ സീനുകള്‍ വെട്ടിക്കുറച്ചുവെന്നും സംവിധായകന്‍ പറയുന്നു. 'ദബാംഗിന് യഥാര്‍ത്ഥത്തില്‍ 2.45 മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നു, എന്നാല്‍ അത് കുറയ്ക്കാന്‍ സല്‍മാന്‍ എന്നെ നിര്‍ബന്ധിച്ചു, ഞാന്‍ അത് 2 മണിക്കൂറും 20 മിനിറ്റുമായി കുറച്ചു. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യത്തേക്കാള്‍ സല്‍മാന് പ്രശ്‌നം മറ്റുള്ളവരുടെ റോളുകളോടായിരുന്നു. അദ്ദേഹം അര്‍ബാസിന്റെ മുഴുവന്‍ റോളും വെട്ടിക്കുറച്ചു.എന്നാല്‍ മാഹി ഗില്ലും സിനിമയില്‍ ഒരു വേഷം ചെയ്തിരുന്നു. അവര്‍ ചിത്രത്തിലെ രണ്ടാമത്തെ പ്രധാന കഥാപാത്രമായിരുന്നു. പക്ഷേ ആ റോളിന്റെ ഭൂരിഭാഗവും വെട്ടിക്കുറച്ചു.'-അഭിനവ് പറയുന്നു.

Content Highlights: abhinav kashyap reveals salman khan told om puri to quit