'ആമിര്‍ കൗശലക്കാരനായ കുറുക്കനാണ്, പെര്ഫെക്ഷനിസ്റ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പലതും ചെയ്യുന്നു'-ആരോപണവുമായി അഭിനവ് കശ്യപ്

ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകന് അഭിനവ് കശ്യപ്. ആമിര്‍ കള്ളനും തന്ത്രശാലിയുമാണെന്നും 'പെര്‍ഫെക്ഷനിസ്റ്റ്' എന്ന പ്രതിച്ഛായ അനാവശ്യമാണെന്നും അഭിനവ് ആരോപിച്ചു. ആമിര്‍ ഖാന്റെ ഉയരവുമായി ബന്ധപ്പെട്ട് അഭിനവ് മോശം പരാമര്‍ശം നടത്തുകയും ചെയ്തു. 'പൊക്കം കുറഞ്ഞവന്' എന്നാണ് അഭിനവ് ആമിറിനെ പരിഹസിച്ചത്.
'ആമിര്‍ ഖാനാണ് ഏറ്റവും കൗശലക്കാരനായ കുറുക്കന്. പൊക്കം കുറഞ്ഞവന്. അയാള്‍ക്ക് സല്‍മാനേക്കാള്‍ ഉയരം കുറവാണ്. പക്ഷേ തന്ത്രശാലിയാണ്. ഏറ്റവും വലിയ കള്ളനുമാണ്. ഞാന്‍ ആമിറിനൊപ്പം രണ്ട് മൂന്ന് പരസ്യങ്ങള്‍ ചെയ്തിട്ടുണ്ട്. അയാള്‍ക്ക് അഭിനയിക്കാന്‍ അറിയില്ല. അയാളോടൊപ്പം ജോലി ചെയ്ത് നമ്മള് തളര്‍ന്നുപോകും. അയാള്‍ നിങ്ങളെ ഊറ്റിയെടുക്കും. അയാള്‍ എല്ലാ കാര്യങ്ങളിലും ഇടപെടും. എഡിറ്റിങ്, സംവിധാനം… എല്ലാത്തിലും'- അഭിനവ് പറയുന്നു.
'ഒരുപാട് ജോലി ചെയ്തതില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത് ആമിര്‍ 25 ടേക്കുകള്‍ എടുത്താലും അദ്ദേഹത്തിന്റെ ആദ്യത്തേയും അവസാനത്തേയും ടേക്ക് പലപ്പോഴും ഒന്നുതന്നെയായിരിക്കും. അദ്ദേഹം ഓരോ ടേക്കും കാണുകയും 'ഒന്നുകൂടി, കുറച്ചുകൂടി, ഇത് ബാക്കിയുണ്ട്, അത് ബാക്കിയുണ്ട്' എന്നൊക്കെ പറയും. പക്ഷേ അവസാനം ഒന്നും ഉണ്ടാകില്ല'- അദ്ദേഹം പറഞ്ഞു.
ബോളിവുഡില്‍ സംവിധായകരെ അടക്കിഭരിക്കുകയും കൗശലപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യുന്ന സംസ്കാരം തുടങ്ങിയത് ആമിര്‍ ഖാനാണെന്നും അഭിനവ് ചൂണ്ടിക്കാണിക്കുന്നു.
വളരെ ശക്തരായ ആളുകളിലൂടെയാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പ്രസൂണ്‍ ജോഷി, രാജ്കുമാര് ഹിരാനി തുടങ്ങിയ ബോളിവുഡിലെ പല പ്രമുഖരെയും ആമിര്‍ 'കെണിയിലാക്കിയിരിക്കുകയാണെന്ന്' അഭിനവ് പറഞ്ഞു. 'രാജ്കുമാര് ഹിരാനി വളരെ കഴിവുള്ള ഒരു സംവിധായകനാണ്. അദ്ദേഹം മറ്റ് നടന്മാര്ക്കൊപ്പം പ്രവര്‍ത്തിക്കുകയും സ്വന്തം സിനിമകള്‍ നിര്‍മിക്കുകയും വേണം. പക്ഷേ അദ്ദേഹം ഇപ്പോഴും ആമിറിന്റെ അടുത്തേക്ക് പോകുന്നു. അദ്ദേഹമെന്തിനാണ് ആമിര്‍ ഖാന്റെ വീട്ടില്‍ കൂടിക്കാഴ്ച നടത്തുന്നത്?'-അഭിനവ് ചോദിക്കുന്നു.
Content Highlights: abhinav kashyap made comments about aamir khan