2025 പേജ് രാജ്യാന്തര തിരക്കഥാ പുരസ്‌കാരം: വിജയിയായി മലയാളി തിരക്കഥാകൃത്ത് അഭിലാഷ് മോഹന്‍

ദി നൈറ്റിംഗേല്‍ ഇൻ ബുര്‍ഖ പോസ്റ്റര്‍, അഭിലാഷ് മോഹൻ
ദി നൈറ്റിംഗേല്‍ ഇൻ ബുര്‍ഖ പോസ്റ്റര്‍, അഭിലാഷ് മോഹൻ

ഹോളിവുഡിലെ ഏറ്റവും പ്രശസ്തമായ ഇന്റര്‍നാഷണല്‍ തിരക്കഥാ മത്സരങ്ങളിലൊന്നായ പേജ് തിരക്കഥാ പുരസ്‌കാരത്തില്‍ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട് മലയാളി തിരക്കഥാകൃത്ത് അഭിലാഷ് മോഹന്‍. പുതിയ എഴുത്തുകാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സ്ഥാപിക്കപ്പെട്ടതാണ് പേജ് അവാര്‍ഡ്സ്. അഭിലാഷ് മോഹന്റെ 'ദി നൈറ്റിംഗേല്‍ ഇന്‍ ബുര്‍ഖ' എന്ന തിരക്കഥക്കാണ് ഹ്രസ്വചിത്ര വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹമായത്.

ശക്തമായ അടിച്ചമര്‍ത്തലുകളിലും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിേവശവുമായി ജിവിക്കുന്ന സുബൈദ എന്ന പത്തുവയസ്സുള്ള അഫ്ഗാന്‍ പെണ്‍കുട്ടിയുെട കഥയാണ് 'ദി നൈറ്റിംഗേല്‍ ഇന്‍ ബുര്‍ഖ'. 80-ലധികം രാജ്യങ്ങളില്‍നിന്നുള്ള 9,100 എന്‍ട്രികളില്‍നിന്നാണ് അഭിലാഷിന്റെ തിരക്കഥ തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ വംശജര്‍ക്ക് ഇതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യന്‍ പൗരനും മലയാളിക്കും പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായാണ്.

'സമീപ വര്‍ഷങ്ങളില്‍ ഏറ്റവും മികച്ച പുതിയ എഴുത്തുകാരെ ആദരിച്ച വേദിയാണ് പേജ് അവാര്‍ഡ്സ്. ആ പൈതൃകത്തിന്റെ ഭാഗമാവുക എന്നത് അവിശ്വസനീയമായ ഒരനുഭവമാണ്. നിശ്ശബ്ദതയും ആവിഷ്‌കാരവും തമ്മിലുള്ള സംഘര്‍ഷത്തില്‍നിന്നാണ് 'ദി നൈറ്റിംഗെല്‍ ഇന്‍ ബുര്‍ഖ' പിറന്നത്. ഇത്രയും വിശിഷ്ടമായ ഒരു ജൂറിയുമായി സംവദിക്കാന്‍ എന്റെ കഥയ്ക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ട്', അഭിലാഷ് മോഹന്‍ പറഞ്ഞു. കേരളത്തില്‍ നിന്നുള്ള അഭിലാഷ് മോഹന്‍, തന്റെ ആദ്യ ബോളിവുഡ് ഫീച്ചര്‍ തിരക്കഥയുടെ പ്രീ- പ്രൊഡക്ഷന്‍ ജോലികളിലാണ്.

തിരുവനന്തപുരം സ്വദേശിയാണ് അഭിലാഷ് മോഹന്‍. മാതാപിതാക്കള്‍: മോഹനചന്ദ്രന്‍ നായര്‍, വി ശശികല. ഭാര്യ: വാണി വി.ജി(അസിസ്റ്റന്റ് പ്രൊഫസര്‍, എയ്‌സ് എന്‍ജിനിയറിങ് കോളേജ്). മകന്‍: അഭിനന്ദ്.

Content Highlights: Malayali screenwriter Abhilash Mohan secures 2nd place at the prestigious Page Screenwriting Awards for his script `The Nightingale in Burqa`. First Indian citizen & Malayali to win