ആമിർ ഖാന് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി; ‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’

#മൂവി ഡെസ്ക്
ആമിർ ഖാൻ | ഫോട്ടോ: PTI
ആമിർ ഖാൻ | ഫോട്ടോ: PTI

ബോളിവുഡ് താരം ആമിർ ഖാന് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി. അറുപതാം വയസ്സിൽ മൂന്നാം തവണയും താരം വിവാഹിതനായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ വഴി ഈ ഭീഷണി ഉണ്ടായതെന്നാണ് വിവരം. ബിഷ്ണോയ് സംഘം പുറത്തുവിട്ട ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തറിഞ്ഞത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അർസൂ ബിഷ്ണോയിയും ടൈസൺ ബിഷ്ണോയിയും ചേർന്നാണ് ഈ ഭീഷണി സന്ദേശം നൽകിയത്.

ആമിർ ഖാൻ രാജ്യത്ത് 'ലവ് ജിഹാദ്' പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് സനാതന ധർമത്തിനും രാജ്യത്തിന്റെ സംസ്കാരത്തിനും വിരുദ്ധമാണെന്നും അവർ പോസ്റ്റിൽ ആരോപിക്കുന്നു. ആമിർ ഖാനെ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം പ്രവൃത്തികൾക്ക് അദ്ദേഹം ഉടൻ തന്നെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

താരപദവി ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കുമെന്നും തങ്ങളുടേതായ രീതിയിൽ അവരെ നേരിടുമെന്നും ബിഷ്ണോയ് സംഘം മുന്നറിയിപ്പ് നൽകുന്നു. കൂടാതെ, കഴിഞ്ഞ മാസം രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഒരു പെൺകുട്ടിക്ക് നേരെ നടന്ന അക്രമത്തെക്കുറിച്ചും അവർ പരാമർശിക്കുന്നുണ്ട്. ആ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കും ബിഷ്ണോയ് സംഘം ഈ പോസ്റ്റിലൂടെ ശക്തമായ താക്കീത് നൽകി.

ഭീഷണിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെയ്സ്ബുക്കിലെ പോസ്റ്റും ഒരു ശബ്ദസന്ദേശവും വഴിയാണ് പോലീസിന് ഈ വിവരം ലഭിച്ചത്. എന്നാൽ, ആമിർ ഖാനിൽ നിന്നോ അദ്ദേഹത്തിന്റെ ടീമിൽ നിന്നോ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ആമിർ ഖാൻ പരാതി നൽകുകയാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വർഷങ്ങളായി വധഭീഷണി മുഴക്കുന്നവരാണ് ലോറൻസ് ബിഷ്ണോയ് സംഘം. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തിലാണ് സൽമാനെ ഇവർ ലക്ഷ്യം വയ്ക്കുന്നത്. സൽമാന്റെ വീടിന് മുന്നിലെ വെടിവെപ്പിലും മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും ഈ സംഘത്തിന് പങ്കുണ്ടെന്ന് കരുതപ്പെടുന്നു. സൽമാന് പിന്നാലെ ഇപ്പോൾ ആമിർ ഖാനെതിരെയും ഭീഷണി ഉയർന്നത് സിനിമാ ലോകത്തെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Content Highlights: The Mumbai Police has launched a comprehensive investigation after members of the notorious Lawrence Bishnoi gang issued a severe death threat to Bollywood superstar Aamir Khan on social media following his third marriage.