ഇന്ത്യക്കാർക്ക് അഭിമാനിക്കാവുന്ന തരത്തിൽ മഹാഭാരതം ഒരുക്കും, ആരെയും നിരാശപ്പെടുത്തില്ല -ആമിർ ഖാൻ

#മൂവി ഡെസ്ക്
ആമിർ ഖാൻ | ഫോട്ടോ: AFP
ആമിർ ഖാൻ | ഫോട്ടോ: AFP

മഹാഭാരതം സിനിമയാക്കുന്നത് ആമിർ ഖാന്റെ സ്വപ്ന പദ്ധതിയാണെന്നത് രഹസ്യമല്ല. ഇപ്പോഴിതാ ഇതേക്കുറിച്ച് തന്റെ മനസിലുള്ള ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹം. മഹാഭാരതം സിനിമയാക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന് ആമിർ ഖാൻ വ്യക്തമാക്കി. ഇങ്ങനെയൊരു സിനിമ തിരക്കിട്ട് ചെയ്യില്ലെന്നും ജനങ്ങളെ നിരാശപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ആമിർ പറഞ്ഞു. സിഎൻഎൻ-ന്യൂസ് 18-നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഹാഭാരതം സിനിമയാക്കുന്നത് തന്റെ സ്വപ്നമാണെന്ന് ആമിർ ഖാൻ ആവർത്തിച്ചു. ഒരു ദിവസം അത് യാഥാർത്ഥ്യമാകുമോ എന്ന് നോക്കാം. തനിക്കത് ചെയ്യാൻ അവസരം ലഭിക്കണമെന്ന് ഏറെ ആഗ്രഹിക്കുന്നു. പക്ഷെ അതൊരു വലിയ ഉത്തരവാദിത്തമാണ്. ഇന്ത്യക്കാർക്ക് അതിനോട് വളരെ ശക്തമായ ബന്ധമുണ്ട്. അത് നമ്മുടെ രക്തത്തിലുള്ളതാണ്. ഭഗവദ്ഗീത വായിച്ചിട്ടില്ലാത്തതോ, ചുരുങ്ങിയത് മുത്തശ്ശിയുടെ അടുത്തുനിന്നെങ്കിലും കേട്ടിട്ടില്ലാത്തതോ ആയ ഒരു ഇന്ത്യക്കാരൻ ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും ആമിർ പറഞ്ഞു.

"ഞാൻ പലപ്പോഴും പറയാറുണ്ട്, മഹാഭാരതം നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. ഞാൻ ഈ സിനിമ നിർമ്മിക്കുകയാണെങ്കിൽ, എല്ലാ ഇന്ത്യക്കാർക്കും അഭിമാനം തോന്നുന്ന രീതിയിൽ അത് ചെയ്യും. അക്കാര്യം ഞാൻ ഉറപ്പുവരുത്താൻ ആഗ്രഹിക്കുന്നു. ലോർഡ് ഓഫ് ദ റിംഗ്സ്, അവതാർ പോലെ വലിയ വിനോദ ചിത്രങ്ങൾ ഹോളിവുഡിൽ കണ്ടിട്ടുണ്ട്. ഞാൻ എന്റെ സമയം എടുക്കുന്നത്, അത് ശരിയായി ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ്." ആമിർ കൂട്ടിച്ചേർത്തു.

മഹാഭാരതം ആമിർ ഖാന്റെ അവസാന ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ട്. 2025 ജൂണിൽ, രാജ് ഷാമനിയുമായി സംസാരിക്കുമ്പോൾ നടൻ ഇത് സൂചിപ്പിച്ചിരുന്നു. "ഒരുപക്ഷേ ഇത് ചെയ്ത ശേഷം, എനിക്ക് ഒന്നും ചെയ്യാനില്ലെന്ന് തോന്നും. ഇതിന് ശേഷം എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, കാരണം ഈ സിനിമയുടെ വിഷയം അങ്ങനെയായിരിക്കും." ഇങ്ങനെയാണ് ആമിർ അന്ന് പറഞ്ഞത്.

Content Highlights: Aamir Khan Addresses His Dream Mahabharata Project: Responsibility and the Path Forward